
ഈസ്റ്റ് സസെക്സിൽ നിന്നുള്ള 65 വയസ്സുകാരി ലണ്ടനിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റലിൽ നടന്ന മസ്തിഷ്ക ശസ്ത്രക്രിയയ്ക്കിടെ തന്‍റെ ക്ലാരനെറ്റ് വായിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 2014-ൽ പാർക്കിൻസൺസ് രോഗം (Parkinson’s disease) നിർണ്ണയിക്കപ്പെട്ട രോഗിയായ ഡെനീസ് ബേക്കൺ എന്ന സ്ത്രീയാണ്, സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്കിടെ ക്ലാരനെറ്റ് വായിച്ചത്.
ക്രോബറോയിൽ നിന്നുള്ള വിരമിച്ച സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ് ആയ ബേക്കണ്, പാർക്കിൻസൺസ് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് നടക്കാനും നീന്താനും നൃത്തം ചെയ്യാനും സംഗീതോപകരണങ്ങൾ വായിക്കാനുമുള്ള കഴിവുകൾ നഷ്ടപ്പെട്ടിരുന്നു. ചലനശേഷി വീണ്ടെടുക്കുന്നതിനായി അവർ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (Deep Brain Stimulation - DBS) ശസ്ത്രക്രിയയ്ക്ക് വിധേയയായി — അസാധാരണമായ മസ്തിഷ്ക സിഗ്നലുകൾ നിയന്ത്രിക്കുന്നതിനായി തലച്ചോറിലെ പ്രത്യേക ഭാഗങ്ങളിൽ ഇലക്ട്രോഡുകൾ സ്ഥാപിക്കുന്ന ഒരു സാങ്കേതിക വിദ്യയാണിത്.
പ്രൊഫ. കെയൂമാർസ് അഷ്കാൻ നേതൃത്വം നൽകിയ നാല് മണിക്കൂർ ഓപ്പറേഷൻ ലോക്കൽ അനസ്തേഷ്യ നൽകിയാണ് നടത്തിയത്. ഡോക്ടർമാർക്ക് ബേക്കണിന്‍റെ പ്രതികരണങ്ങൾ തത്സമയം നിരീക്ഷിക്കാൻ കഴിയുന്നതിനായി അവരെ ശസ്ത്രക്രിയയ്ക്കിടെ ഉണർത്തിയിരുത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ, ഇലക്ട്രോഡുകൾ സ്ഥാപിക്കുന്നത് മികച്ച രീതിയിൽ ക്രമീകരിക്കുന്നതിനും, സ്റ്റിമുലേഷൻ അവരുടെ ചലനശേഷിയെ എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്തുന്നതിനും വേണ്ടി ഡോക്ടർമാർ അവരോട് ക്ലാരനെറ്റ് വായിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അതിനായി അവർ നടത്തിയ ശ്രമം ഫലം കാണുകയായിരുന്നു.
ശസ്ത്രക്രിയക്കിടെ ബേക്കൽ ക്ലാരനെറ്റ് വായിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ അസോസിയേറ്റഡ് പ്രസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ അത് അതിവേഗം വൈറലായി. കിംഗ്‌സ് കോളേജ് ഹോസ്പിറ്റലിലെ ഡോക്ടർമാർ പറയുന്നതനുസരിച്ച്, ശസ്ത്രക്രിയ അങ്ങേയറ്റം വിജയകരമായിരുന്നു. ബേക്കണിൽ നിന്ന് ലഭിച്ച തത്സമയ പ്രതികരണങ്ങൾ, ചികിത്സയുടെ ഫലപ്രാപ്തി ഉടനടി സ്ഥിരീകരിക്കാൻ സഹായിച്ചെന്നും ഡോക്ടർമാര്‍ അവകാശപ്പെട്ടു.