
പഴയ മഴയല്ല, പുതിയ കാലത്തെ മഴ. ഒറ്റ മഴയില്‍ ഒരു നാടിനെ തന്നെ ഇല്ലാതാക്കാന്‍ കെൽപ്പുള്ള മഴകളാണ് ഇപ്പോൾ പെയ്യുന്നത്. കഴിഞ്ഞ ദിവസം മുംബൈയില്‍ പെയ്തൊഴിഞ്ഞതും സമാനമായൊരു മഴയായിരുന്നു. തുടർച്ചയായി കനത്ത മഴ പെയ്തതോടെ മുംബൈ അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തിലായി. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ റോഡുകളെല്ലാം വെള്ളത്തിനടിയിലായി. റോഡ് വഴിയുള്ള എല്ലാ ഗതാഗതവും തടസ്സപ്പെട്ടു, എല്ലാ സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. ഇതിനിടെയാണ് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയത്.
ഒരു മാളിന് പുറത്ത് നിന്ന് ചിത്രീകരിച്ച വീഡിയോയിൽ റോഡിലെ വെള്ളക്കെട്ടില്‍ ഒരു കൗമാരക്കാരന്‍ നീന്തുന്നത് കാണാം. ഏതാണ്ട് മുട്ടോളം എത്തുന്ന വെള്ളത്തില്‍ കൗമാരക്കാരന്‍ കൈ കാലിട്ട് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. ആളുകൾ റോഡിലെ വെള്ളം കുറയാന്‍ കാത്ത് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ചില കുട്ടികൾ അല്പം മാറി നില്‍ക്കുന്നത് കാണാം. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ കുട്ടി വെള്ളത്തിൽ ആസ്വദിച്ച് കൊണ്ട് നീന്താന്‍ ശ്രമിക്കുന്നതും കാണാം.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നലെ കുട്ടിക്ക് പ്രശംസയും മുംബൈ നഗരത്തിന്‍റെ അധികാരികൾക്ക് നേരെ രൂക്ഷ വിമർശനവുമായി സമൂഹ മാധ്യമ ഉപയോക്താക്കളും രംഗത്തെത്തി. ഒരു മഴ പെയ്യുമ്പോഴേക്കും മുങ്ങുന്ന റോഡികൾ അതിശക്തമായെ ഏങ്ങനെ പ്രതിരോധിക്കുമെന്നും ചിലര്‍ ചോദിച്ചു. റോഡും കാനകളും വൃത്തിയാക്കി നഗരം സൂക്ഷിക്കുന്നതില്‍ ഇപ്പോഴത്തെ ഭരണാധികാരികൾക്ക് ഒരു താത്പര്യവുമില്ലെന്ന് മറ്റ് ചിലര്‍ എഴുതി.
ഇതിനിടെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ യാത്രകൾ ഒഴിവാക്കാനും വീട്ടിൽ നിന്ന് ജോലി ചെയ്യാനും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മുംബൈയിലെ എല്ലാ സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകൾക്കും ചൊവ്വാഴ്ച ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അവധി പ്രഖ്യാപിച്ചു, അതേസമയം അവശ്യ, അടിയന്തര സേവനങ്ങളിലുള്ളവർ ഒഴികെയുള്ള ജീവനക്കാരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് സ്വകാര്യ ഓഫീസുകളോടും നിർദ്ദേശിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.