
ജപ്പാനിലെ ഒരു വിദൂര ഗ്രാമത്തിലെ ചെറിയൊരു റെയിൽവേ സ്റ്റേഷൻ അസാധാരണമായ ഒരു കാരണത്താൽ നെറ്റിസണ്‍സിനിടയിലും ജനപ്രിയമായി മാറി. കാരണം എന്താണെന്ന് അറിയണ്ടേ? യാത്രക്കാർ ഇല്ലാത്തതിനെ തുടർന്ന് ഈ റെയിൽവേ സ്റ്റേഷൻ അടച്ചു പൂട്ടാനും ട്രെയിൻ സർവീസ് നിർത്താനും അധികൃതർ തീരുമാനിച്ചു. അപ്പോഴാണ് റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽ ഒരു കാര്യം പെട്ടത്. ട്രെയിനിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു യാത്രക്കാരിയുണ്ട്, റെയിൽവേ സ്റ്റേഷൻ അടച്ച് പൂട്ടുകയും ട്രെയിൻ സർവീസ് അവസാനിപ്പിക്കുകയും ചെയ്താൽ ഹൈസ്കൂൾ വിദ്യാർത്ഥിയായ ആ യാത്രക്കാരി എന്ത് ചെയ്യുമെന്ന ചോദ്യം ഉയർന്നു. വിദ്യാഭ്യാസം സർവ്വധനാൽ പ്രധാനമെന്ന് കരുതിയ റെയിൽവേ അധികൃതർ ഒരു തീരുമാനത്തിലെത്തി. അവളുടെ പഠനം കഴിയുന്നതുവരെ ട്രെയിൻ സർവീസ് തുടരുക എന്നതായിരുന്നു ആ തീരുമാനം. അങ്ങനെ ഹൈസ്കൂൾ വിദ്യാർത്ഥിയായ അവളുടെ ബിരുദ പഠനം കഴിയുന്നതുവരെ ആ കൊച്ചു റെയിൽവേ സ്റ്റേഷനും ട്രെയിൻ സർവീസും അവിടെത്തന്നെ തുടർന്നു.
ഇപ്പോൾ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ജപ്പാനിലെ ഹൊക്കൈഡോ ദ്വീപിലെ ക്യൂ-ഷിരാതകി സ്റ്റേഷന്‍റെ കഥ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. സ്കൂൾ യാത്രയ്ക്കായി ട്രെയിനിനെ ആശ്രയിച്ചിരുന്ന കാന ഹരാദ എന്ന വിദ്യാർത്ഥിനിക്ക് വേണ്ടിയായിരുന്നു റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ തീരുമാനം വൈകിപ്പിച്ചത്.
ക്യൂ-ഷിരാതകി സ്റ്റേഷൻ ഒരുകാലത്ത് നിരവധി യാത്രക്കാർ ആശ്രയിച്ചിരുന്ന റെയിൽവേ സ്റ്റേഷൻ ആയിരുന്നെങ്കിലും കാലക്രമേണ യാത്രക്കാരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. ഒടുവില്‍ അവിടെ നിന്നും കയറാന്‍ ആരുമില്ലെന്ന അവസ്ഥ വന്നു. സ്കൂളിൽ പോകാൻ മറ്റ് മാർഗ്ഗങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ കാന ഹരാദയ്ക്ക് ആ റെയിൽവേ സ്റ്റേഷനെയും ട്രെയിനിനെയും ആശ്രയിച്ചേ മതിയാകുമായിരുന്നുള്ളൂ. അങ്ങനെ അവിടുത്തെ അവസാന യാത്രക്കാരിയായി കാന ഹരാദ മാറി. സ്കൂളിലേക്ക് അവളെ കൊണ്ട് പോകാനും തിരികെ കൊണ്ടുവരാനും ഒരു സ്കൂൾ വണ്ടിയെ പോലെ ആ ട്രെയിൻ സർവീസ് പ്രവർത്തിച്ചു. കാന ബിരുദ പഠനം പൂർത്തിയാക്കുന്നത് വരെ കാത്തിരുന്ന റെയിൽവേ സ്റ്റേഷൻ അധികൃതർ 2016 മാർച്ചിൽ സ്റ്റേഷൻ അടച്ചു പൂട്ടി.
കാമി-ഷിരാതകി, ക്യു-ഷിരാതകി, ഷിമോ-ഷിരാതകി സ്റ്റേഷനുകൾ ഉൾപ്പെടുന്ന "ഷിരാതകി സീരീസിന്‍റെ" ഭാഗമായിരുന്നു ക്യൂ-ഷിരാതകി റെയിൽവേ സ്റ്റേഷൻ. യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് മൂന്നെണ്ണവും അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്നു. ഒരുപക്ഷേ അന്ന് റെയിൽവേ അധികൃതർ ആ തീരുമാനം എടുത്തില്ലായിരുന്നുവെങ്കിൽ സ്‌കൂളിലേക്ക് പോകാൻ മറ്റൊരു ട്രെയിൻ കയറാൻ അവൾക്ക് വീട്ടിൽ നിന്ന് 73 മിനിറ്റ് നടക്കേണ്ടി വരുമായിരുന്നു. 2016 മാർച്ചിൽ കാന ബിരുദം നേടിയപ്പോൾ, ജപ്പാന്‍റെ റെയിൽവേ ചരിത്രത്തിലെ ഒരു ശ്രദ്ധേയമായ അധ്യായത്തിന് അന്ത്യം കുറിച്ചുകൊണ്ട് ക്യൂ-ഷിരാതകി സ്റ്റേഷൻ എന്നന്നേക്കുമായി അടച്ചു.