
ടൊറന്റോയിലെ മക്ഡൊണാൾഡ്‌സ് ഔട്ട്‌ലെറ്റിൽ വെച്ച് ഇന്ത്യക്കാരനെ ഒരു കനേഡിയക്കാരന്‍ അക്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. എക്‌സിലും ഇൻസ്റ്റാഗ്രാമിലും വീഡിയോ വൈറലായതിന് പിന്നാലെ ഇത് ഓൺലൈനുകളില്‍ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. വാക്കാലുള്ള ഒരു കൈയേറ്റം പെട്ടെന്ന് തന്നെ ഒരു ശാരീരിക അക്രമത്തിലേക്ക് നീങ്ങുന്നു. കനേഡിയക്കാരന്‍ മദ്യപിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
റസ്റ്റോറന്‍റിലെ 'മൊബൈൽ ഓർഡർ പിക്ക്-അപ്പ്' കൗണ്ടറിന് സമീപമാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ടൊറന്‍റോ ബ്ലൂ ജെയ്‌സ് ജാക്കറ്റ് ധരിച്ച ഒരാൾ സമീപത്ത് മൊബൈലില്‍ നോക്കി നില്‍ക്കുന്ന ഒരു ഇന്ത്യൻ വംശജനെ ഒരു പ്രകോപനവും ഇല്ലാതെ തട്ടുന്നു. ഇതോടെ യുവാവിന്‍റെ കൈയിലിരുന്ന മൊബൈല്‍ താഴെ വീണു. തന്‍റെ മൊബൈല്‍ തട്ടിത്തെറിപ്പിച്ചതിന് പിന്നാലെ ഇന്ത്യന്‍ വംശജനായ യുവാവ് എന്തോ പറയുന്നത് വീഡിയോയിൽ അവ്യക്തമായി കേൾക്കാം.
ഇതോടെ എന്താണ് നീ പറഞ്ഞത് എന്ന് ചോദിച്ച് കൊണ്ട് കനേഡിയക്കാരന്‍ ദേഷ്യത്തോടെ ഇന്ത്യക്കാരന്‍റെ കോളറിന് കുത്തിപ്പിടിക്കുകയും എന്താണ് എന്ന് ചോദിക്കുകയും ചെയ്യുന്നു. ഈ സമയം ചിരിച്ച് കൊണ്ട് യുവാവ് താന്‍ പറഞ്ഞ കാര്യം ആവര്‍ത്തിക്കുന്നു. 'നീയെന്താണ് ബോസ് കളിക്കുകയാണോ' എന്ന് ചോദിച്ച് കൊണ്ട് കനേഡിയക്കാരന്‍. യുവാവിന്‍റെ കോളറില്‍ കൂത്തിപ്പിടിച്ച് ഒരു മൂലയിലേക്ക് നീക്കുന്നു. ഇന്ത്യക്കാരന്‍ അഹങ്കാരിയാണെന്ന് ഇയാൾ അവര്‍ത്തിച്ച് കൊണ്ടേയിരുന്നു. ഈ സമയം കടക്കാരന്‍ പുറത്ത് വരികയും കനേഡിയക്കാരനെ അനുനയിപ്പിച്ച് കടയ്ക്ക് പുറക്കാത്തുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.
ടൊറന്‍റോ ആസ്ഥാനമായുള്ള അഭിഭാഷകയും പത്രപ്രവർത്തകയുമായ കാരിമ സാദ് നവംബർ 2 -നാണ് ഈ വീഡിയോ ആദ്യം പങ്കുവച്ചത്. പിന്നാലെ നിരവധി പേര്‍ വീഡിയോ ഏറ്റെടുത്തു. ഇന്ത്യക്കാര്‍ക്കെതിരെയുള്ള കാനഡക്കാരുടെ വംശീയാക്രമണം അവസാനിപ്പിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. മദ്യപിച്ചിരിക്കുന്നത് വംശീയതയ്ക്ക് ഒരു ഒഴികഴിവല്ല. ബഹുമാനം ഒരിക്കലും ദേശീയതയെ ആശ്രയിക്കരുതെന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. കനേഡിയക്കാരന്‍റെ പ്രവർത്തി കാനഡയ്ക്ക് അപമാനമാണെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു.