
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർപേഴ്‌സൺ ആനന്ദ് മഹീന്ദ്രയുടെ സമൂഹ മാധ്യമ പോസ്റ്റുകൾ പലപ്പോഴും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. നമ്മുടെ രാജ്യത്തിന്‍റെ ടൂറിസത്തെയും സംസ്കാരത്തെയും ഏറെ പിന്തുണയ്ക്കുന്ന രീതിയിലുള്ളതാണ് അദ്ദേഹത്തിന്‍റെ പോസ്റ്റുകളിൽ ഏറെയും. ഇപ്പോഴിതാ സമാനമായ രീതിയിലുള്ള അദ്ദേഹത്തിന്‍റെ മറ്റൊരു കുറിപ്പ് കൂടി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ ആഴ്ച അവസാനം, ഒരു എക്സ് ത്രെഡിൽ സിക്കിമിന്‍റെ ലാളിത്യത്തിലും സൗന്ദര്യത്തിലും അത്ഭുതപ്പെട്ടുകൊണ്ട് അദ്ദേഹം നടത്തിയ പരാമർശമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. അദ്ദേഹത്തിൻറെ പോസ്റ്റ് ഇങ്ങനെയായിരുന്നു; "ഇന്ത്യ കൈവശം വച്ചിരിക്കുന്ന അസാധാരണമായ സൗന്ദര്യവും വൈവിധ്യവും കണ്ടുകൊണ്ടാണ് നമ്മൾ ആരംഭിക്കേണ്ടത്. സ്വർഗം പലപ്പോഴും നമ്മുടെ സ്വന്തം വീട്ടുമുറ്റത്താണ് ആരംഭിക്കുന്നു എന്നതിന്‍റെ ഓർമ്മപ്പെടുത്തലാണ് സിക്കിം." സിക്കിമിലെത്തിയാൽ തീർച്ചയായും സന്ദർശിക്കേണ്ട മൂന്നിടങ്ങളെ കുറിച്ചുള്ള ഒരു യാത്രാവിവരണവും അദ്ദേഹം പങ്കുവെച്ചിരുന്നു.
യാത്ര ആരംഭിക്കുന്നത് സംസ്ഥാന തലസ്ഥാനമായ ഗാംഗ്ടോക്കിൽ നിന്നാണ്. പാരമ്പര്യവും ആധുനികതയും സൗഹാർദ്ദപരമായി കൂടിച്ചേരുന്ന ഒരു സ്ഥലമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സന്ദർശകർ ഹിമാലയൻ അന്തരീക്ഷം ആസ്വദിച്ച് കൊണ്ട് പ്രാദേശിക മൊണാസ്ട്രികളും സാംസ്കാരിക കേന്ദ്രങ്ങളും സന്ദർശിക്കാൻ ഈ ഫീച്ചർ നിർദ്ദേശിക്കുന്നു.
യാത്രാവിവരണത്തിലെ രണ്ടാമത്തെ സ്റ്റോപ്പ് ചരിത്രപ്രധാനമായ മലയോര പട്ടണമായ യുകോം ആണ്. ഒരിക്കൽ സിക്കിമിന്‍റെ ആദ്യ തലസ്ഥാനമായിരുന്നു ഈ ശാന്തമായ മലയോര പട്ടണം, പ്രദേശത്തിന്‍റെ ആത്മീയ ഭൂതകാലവുമായും പ്രകൃതി സൗന്ദര്യവുമായും ആഴത്തിൽ ബന്ധപ്പെടാൻ അവസരം നൽകുന്നു. “സാധാരണ” ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കപ്പുറം പോകാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഈ സ്ഥലം ശുപാർശ ചെയ്യുന്നു.
യാത്രാവിവരണത്തിൽ പറയുന്ന അവസാനത്തെ സ്ഥലം പെല്ലിംഗ് ആണ്. ഇവിടെയെത്തുന്ന സന്ദർശകർക്ക് ഹിമാലയത്തിന്‍റെ വിശാലമായ കാഴ്ചകൾ ആസ്വദിക്കാനും പ്രകൃതിയുടെ ശാന്തത അനുഭവിക്കാനും കഴിയുന്ന മനോഹരമായ ഒരിടമാണിത്. പെല്ലിംഗ് ശാന്തമായ ചുറ്റുപാടുകളിൽ ആറാടാൻ യാത്രക്കാരെ അനുവദിക്കുമ്പോൾ തന്നെ, എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതും താങ്ങാനാവുന്നതുമാണെന്നും കുറിപ്പിൽ എടുത്തു പറയുന്നു.
മഹീന്ദ്രയുടെ അഭിപ്രായങ്ങളിലൂടെയും അതോടൊപ്പമുള്ള യാത്രാവിവരണത്തിലൂടെയും അദ്ദേഹത്തിന്‍റെ സന്ദേശം വ്യക്തമാണ്: സിക്കിം ഒരുപക്ഷേ പലർക്കും പരിചിതമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടാവില്ല, പക്ഷേ, അതിന്‍റെ ഭൂപ്രകൃതിയും, സംസ്കാരവും, അതിനെ ഒരു ആകർഷകമായ തെരഞ്ഞെടുപ്പാക്കി മാറ്റുന്നു.