
തിരക്കേറിയെ റോഡിൽ കൗമാരക്കാരും യുവാക്കളും നടത്തുന്ന സ്റ്റണ്ടുകൾക്കെതിരെ നിരന്തര വിമർശനവും നടപടിയും ഉയർന്നതോടെ അത്തരം ബൈക്ക് സ്റ്റണ്ടുകളുടെ എണ്ണം താരതമ്യേന കുറഞ്ഞു. എന്നാല്‍ ഇതിനിടെ മറ്റൊരു സ്റ്റണ്ടുകളുടെ എണ്ണം കൂടിയെന്ന് സമൂഹ മാധ്യമങ്ങൾ. ഇത് ദമ്പതികൾ ബൈക്കുകളില്‍ നടത്തുന്ന പ്രണയ സ്റ്റണ്ടുകളാണ്. കഴിഞ്ഞ ദിവസം അത്തരമൊരു വീഡിയോ ഛത്തീസ്ഗഡിലെ ദുർഗിൽ നിന്നും സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ജയ്‍ദാസ് മനിക്പുരി എന്ന എക്സ് ഉപയോക്താവാണ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചത്. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ ഭിലായ് ടൗൺഷിപ്പിലെ സെക്ടർ 10-ൽ ഒരു ദമ്പതികൾ ഓടുന്ന ബൈക്കിലിരുന്ന് പ്രണയിക്കുന്നു. യുവതി ബൈക്ക് റൈഡറായ ഭര്‍ത്താവിന് അഭിമുഖമായി പെട്രോൾ ടാങ്കിന് മുകളിലാണ് ഇരിക്കുന്നത്. ഇരുവരും ഹെല്‍മറ്റ് ധരിച്ചിട്ടില്ല. തിരക്കേറിയ റോഡിലൂടെ ഇത്തരത്തില്‍ അപകടകരമായി സഞ്ചരിക്കുന്നതിനിടെ യുവതി, ഭര്‍ത്താവിനെ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. ഉത്സവ സീസണായതിനാല്‍ പോലീസ് എല്ലായിടത്ത് നിന്നും ചലാല്‍ കൊടുക്കുന്ന പരിപാടിയിലാണ്. നിയമം സാധാരണക്കാര്‍ക്ക് മാത്രം ബാധകമായ ഒന്നാണോയെന്നും കുറിപ്പില്‍ ചോദിക്കുന്നു.
വീഡിയോ നിരവധി പേര്‍ പങ്കുവയ്ക്കുകയും പോലീസ് സംഭവത്തെ കുറിച്ച് അറിയുകയും ചെയ്തു. പിന്നാലെ മനീഷ് ബുള്ളറ്റ് ഡ്രൈവറെ ഭിലായ് നഗർ പോലീസ് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. മോട്ടോർ വാഹന നിയമപ്രകാരം അയാൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ജൂണില്‍ ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിലും സമാനമായ ഒരു സ്റ്റണ്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് പോലീസ് 53,500 രൂപയാണ് പിഴ ചുമത്തിയത്.