
സിഡ്‌നിക്കടുത്തുള്ള ഒരു പാർക്കിൽ നടക്കുമ്പോൾ ദമ്പതികൾ വിചിത്രമായ ഒരു നീല മുട്ട കിട്ടി. അമ്പത് ദിവസങ്ങൾക്ക് ശേഷം, അത് വിരിഞ്ഞ് പുറത്തിറങ്ങിയപ്പോൾ വീട്ടുകാര്‍ ഞെട്ടി. പിന്നെ അതിനെ പരിപാലിച്ച് വളര്‍ത്തി. ഇന്ന് അവന് അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ. മുട്ടയില്‍ നിന്നും വിരിഞ്ഞിറങ്ങിയ ആളാരാണെന്നോ? ഒരു എമു. മുട്ട ലഭിച്ചത് മുതല്‍ വളര്‍ന്ന് വലുതാകുന്നത് വരെയുള്ള എമുവിന്‍റെ വളര്‍ച്ച പ്രതിപാദിക്കുന്ന ഒരു വീഡിയോ അവര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചപ്പോൾ കണ്ടത് ലക്ഷക്കണക്കിനാളുകൾ.
ഓസ്‌ട്രേലിയയിലെ സിഡ്‌നിക്ക് സമീപമുള്ള ഒരു പാർക്കിൽ നടക്കിറങ്ങിയപ്പോഴാണ് ദമ്പതികൾക്ക് റോഡരികിൽ വീണ് കിടക്കുന്ന ഇലകൾക്കിടയില്‍ നിന്നുമാണ് സാധാരണ കോഴിമുട്ടയുടെ പത്തിരട്ടി വലിപ്പമുള്ള നീല നിറത്തിലുള്ള ഒരു മുട്ട കിട്ടിയത്. കൗതുകവും ആകർഷണീയതയും കൊണ്ട് അവർ അത് വീട്ടിലേക്ക് കൊണ്ടുപോയി. പിന്നാലെ ചെറു ചീട് നല്‍കി 50 ദിവസത്തോളം അവരാ മുട്ടയെ പരിചരിച്ചു. ഒട്ടകപ്പക്ഷി കഴിഞ്ഞാൽ വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള, ഓസ്‌ട്രേലിയൻ സ്വദേശി പക്ഷിയായ എമുവിന്‍റെതായിരിക്കും മുട്ടയെന്ന് ഭർത്താവ് സംശയം പ്രകടിപ്പിച്ചിരുന്നു.
അവർ മുട്ട ഒരു ഇൻകുബേറ്ററിൽ വച്ചു, 37°C താപനിലയും 40% നും 50% നും ഇടയിൽ ഈർപ്പം ശ്രദ്ധാപൂർവ്വം നിലനിർത്തി. അവർ ദിവസവും അതിനെ നിരീക്ഷിച്ചു. എമുവിന്‍റെ മുട്ടകൾ സാധാരണയായി 46 മുതൽ 56 ദിവസം വരെയാണ് വിരിയാനുള്ള സമയം. 50 ദിവസത്തെ നീണ്ട കാത്തിരിപ്പിന് ശേഷം, മുട്ട വിരിഞ്ഞു, അവരുടെ അനുമാനം ശരിയായിരുന്നുയ അതൊരു എമുവിന്‍റെ മുട്ടയായിരുന്നു.
എമു
എമുകൾ ഒട്ടകപ്പക്ഷികളോട് സാമ്യമുള്ളവയാണ്, എന്നാല്‍ ഒട്ടകപ്പക്ഷിയേക്കാൾ ചെറുതാണ്. ആറടി വരെ ഉയരവും 50 കിലോഗ്രാം വരെ ഭാരവും അവയ്ക്കുണ്ടായിരിക്കും. വിരിഞ്ഞിറങ്ങിയ കുഞ്ഞിനെ അവര്‍ തങ്ങളുടെ കുടുബാംഗത്തെ പോലെ കണ്ട് പരിചരിച്ചു. സാധാരണയായി കാട്ടിൽ എമു കുഞ്ഞുങ്ങൾ വിരിഞ്ഞ ഉടനെ നടക്കാൻ തുടങ്ങും. കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് അച്ഛനാണ്. എന്നാൽ ഇവിടെ ദമ്പകികൾ ഇരുവരും അതിനെ പരിചരിച്ചു. അവര്‍ അതിന് നീല എന്ന് പേരിട്ടു. ആദ്യത്തെ മൂന്ന് നാല് ദിവസം നീല തിന്നുകയോ കുടിക്കുകയോ ചെയ്തില്ല, കാരണം അതിന്‍റെ ശരീരം അപ്പോഴും മഞ്ഞക്കരുവിൽ നിന്നുള്ള പോഷകങ്ങൾ ആഗിരണം ചെയ്യുകയായിരുന്നു. പിന്നീട്, അവർ അതിന് ധാന്യങ്ങളും പച്ചക്കറികളും നൽകാൻ തുടങ്ങി. നീല വേഗത്തിൽ വളർന്നു, ഇപ്പോൾ രണ്ടടിയിൽ കൂടുതൽ ഉയരമുണ്ടതിന്.
നീല ദമ്പതികളുടെ മക്കളുമായും ഏറെ അടുപ്പത്തിലാണ്. അവന്‍ അവരോടൊപ്പം കളിക്കുന്നു. അതേപോലെ വീട്ടിലെ പൂച്ചകളും അവന്‍റെ കളിക്കൂട്ടുകാരാണ് ഇന്ന്. നീലയെ കണ്ടെത്തിയത് മുതൽ ഇതുവരെയുള്ള ദൃശ്യങ്ങൾ കോർത്തിണക്കി, അവർ ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും പങ്കുവച്ചു. പിന്നാലെ അത് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധനേടി. ഇന്നും ലോകമെമ്പാടും നിരവധി ആരാധകരാണ് നീലയ്ക്കുള്ളത്.