വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി 'പ്രേത നഗരത്തിലെ സന്ദർശകൻ' !

Published : Oct 15, 2025, 06:00 PM IST
Andrea Dominizi, Wildlife Photographer of the Year 2025

Synopsis

സൗത്ത് ആഫ്രിക്കൻ ഫോട്ടോഗ്രാഫറായ വിം വാൻ ഡെൻ ഹീവർ പകർത്തിയ, നമീബിയയിലെ പ്രേത നഗരമായ കോൾമാൻസ്കോപ്പിലെ അപൂർവയിനം ഹൈനയുടെ ചിത്രത്തിന് ഈ വർഷത്തെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചു.  

ത്തവണത്തെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് പ്രേത നഗരത്തിലെ സന്ദർശകന് (Ghost Town Visitor) സ്വന്തം. നമീബിയയിലെ കോൾമാൻസ്കോപ്പ് (Kolmanskop) പട്ടണത്തിലെ ഉപേക്ഷിക്കപ്പെട്ട ഡയമണ്ട് ഖനന കേന്ദ്രത്തിന് സമീപത്തെ കെട്ടിടത്തിന് മുന്നിൽ നിൽക്കുന്ന അപൂർവയിനം ഹൈനയുടെ ചിത്രമാണ് ഇത്തവണത്തെ പുരസ്കാരത്തിന് അര്‍ഹമായത്. സൗത്ത് ആഫ്രിക്കൻ ഫോട്ടോഗ്രാഫറായ വിം വാൻ ഡെൻ ഹീവറാണ് ഈ അപൂര്‍വ്വ ചിത്രം പകർത്തിയത്. ക്യാമറ ട്രാപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ച് 10 വർഷത്തെ പ്രയത്നത്തിലൂടെയാണ് ഈ ചിത്രം സാധ്യമാക്കിയതെന്ന് സംഘാടകർ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. 60,636 എൻട്രികളിൽ ഒന്നായിരുന്ന സമ്മാനാർഹമായ ഈ ഹൈനയുടെ (കഴുതപ്പുലി) ചിത്രം. ലോകത്തിലെ ഏറ്റവും അപൂർവമായ കഴുതപ്പുലി വർഗ്ഗത്തിൽ പെട്ടവയാണ് ഇത്. രാത്രിഞ്ചരനും മിക്കവാറും ഒറ്റയ്ക്ക് സഞ്ചരിക്കുന്നവയുമായ ബ്രൗൺ കഴുതപ്പുലികളെ വളരെ വിരളമായേ കാണാറുള്ളൂ. കോൾമാൻസ്കോപ്പ് പട്ടണത്തിൽ ഇവയുടെ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വാൻ ക്യാമറ ട്രാപ്പ് ഉപയോഗിച്ച് ചിത്രം പകർത്താനുള്ള ശ്രമം തുടങ്ങിയത്.

ചിത്രത്തിന്‍റെ പ്രാധാന്യം

മനുഷ്യർ ഉപേക്ഷിച്ചു പോയ ഒരു നഗരത്തെ വന്യജീവികൾ എങ്ങനെ വീണ്ടും വാസയോഗ്യമാക്കി തീർക്കുന്നുവെന്ന് ഈ ചിത്രം തുറന്നു കാട്ടുന്നുവെന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ ജൂറിയുടെ അധ്യക്ഷയായ കാത്തി മൊറാൻ അഭിപ്രായപ്പെട്ടു. ഇതൊരു പ്രേത നഗരത്തിൽ വെച്ച് എടുത്തത് നന്നായി, അതിനാലാണ് കാണുമ്പോൾ തന്നെ നിങ്ങൾക്ക് വല്ലാത്തൊരു തരിപ്പ് അനുഭവപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മനുഷ്യ നാഗരികതയെ വന്യത തിരിച്ചെടുക്കുന്നതിന്‍റെ സ്ഥല-കാല വൈരുദ്ധ്യമാണ് ഈ ചിത്രമെന്ന് ജൂറി അംഗമായ ആകാംക്ഷ സൂദ് സിംഗ് പറഞ്ഞു. തകർച്ചയ്ക്കിടയിലും അതിജീവനത്തിന്‍റെ പ്രതീകമായി കഴുതപ്പുലി മാറുന്ന ഈ ചിത്രം ഒരേ സമയം മനസ്സിനെ ആകർഷിക്കുന്നതും എന്നാൽ, അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് അവർ കൂട്ടിച്ചേർത്തു.

 

 

മറ്റ് അവാർഡുകൾ

ഇറ്റാലിയൻ ഫോട്ടോഗ്രാഫറായ ആൻഡ്രിയ ഡൊമിനിസി യുവ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് നേടി. ഉപേക്ഷിക്കപ്പെട്ട മരംവെട്ട് യന്ത്രങ്ങൾ സർവേ ചെയ്യുന്നത് പോലെ തോന്നിക്കുന്ന ലോംഗ്ഹോൺ ബീറ്റിലിന്‍റെ (longhorn beetle) ചിത്രമാണ് അദ്ദേഹത്തെ അവാർഡിനർഹനാക്കിയത് . ഇറ്റലിയിലെ ലെപിനി പർവതനിരകളിൽ വെച്ച് ഡൊമിനിസി എടുത്ത ഈ ചിത്രം നാശത്തിന് ശേഷം (After the Destruction) എന്ന പേരിലാണ് അറിയപ്പെടുന്നത്. ബ്രസീലിയൻ ഫോട്ടോഗ്രാഫറായ ഫെർണാണ്ടോ ഫാസിയോൾ ആണ് ഇത്തവണത്തെ ഇംപാക്ട് അവാർഡ് നേടിയത്. മനുഷ്യ പരിചാരകനെ പിന്തുടരുന്ന അനാഥനായ ഭീമൻ ഉറുമ്പ്തീനി (giant anteater pup) കുഞ്ഞിന്‍റെ ചിത്രമാണ് അവാർഡ് നേടിക്കൊടുത്തത്.

ഇതുകൂടാതെ മറ്റ് 19 വിഭാഗങ്ങളിലെ വിജയികളെയും ജൂറി തെരഞ്ഞെടുത്തു. ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ വെള്ളിയാഴ്ച തുടങ്ങുന്ന പ്രദർശനത്തിൽ ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അറുപത്തിയൊന്നാം വർഷത്തിലേക്ക് കടക്കുമ്പോളും വിഷ്വൽ സ്റ്റോറി ടെല്ലിംഗിന്‍റെ ശക്തമായ വേദിയായി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ തുടരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മ്യൂസിയം ഡയറക്ടർ ഡഗ് ഗുർ പ്രസ്താവനയിൽ പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

'എപ്പോഴും പുരികമുയർത്തി സംശയത്തോടെ നോക്കുന്ന പൂച്ച', ഭയം കാരണം ഏറ്റെടുക്കാൻ ആളില്ലാതെ മാർലി
രാത്രി അഴുക്കുചാലിൽ നിന്നും അവ്യക്തമായ ശബ്ദം, നിലവിളി, ഡെലിവറി ഏജന്റുമാരായ യുവാക്കളുടെ ഇടപെടലിൽ കുട്ടികൾക്ക് പുതുജീവൻ