
യുഎസ്സിൽ ചൂട് കനക്കുമെന്ന കാലാവസ്ഥ പ്രവചനത്തിന് പിന്നാലെ കടുത്ത ചൂടിനെ തുടര്‍ന്ന തകര്‍ന്ന റോഡിലൂടെ പോകുമ്പോൾ വായുവില്‍ ഉയർന്ന് പൊങ്ങിയ കാറിന്‍റെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഒരു പോലെ അമ്പരപ്പിച്ചു. ന്യൂയോര്‍ക്ക് അടക്കമുള്ള യുഎസ് നഗരങ്ങളില്‍ ചൂട് ഇതുവരെ രേഖപ്പെടുത്തിയ എല്ലാ റെക്കോര്‍ഡുകളെയും തകര്‍ക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. 1888 -ല്‍ രേഖപ്പെടുത്തിയ 96°F (35°C) ആയിരുന്നു ഇതുവരെ ന്യൂയോര്‍ക്കിലുള്ള ഏറ്റവും ഉയര്‍ന്ന താപനില. എന്നാല്‍, വരും ദിവസങ്ങളില്‍ ഇത് 102°F (39°C) വരെ ഉയരാമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന് തൊട്ടുപിന്നാലെയാണ് കാറിന്‍റെ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
യുഎസിലെ മിസോറിയിലെ കേപ്പ് ഗിരാർഡ്യൂവിലാണ് സംഭവം. ജൂൺ 22 ഞായറാഴ്ചയാണ് സംഭവം നടന്നത്. കൂടിവരുന്ന ചൂട് കാരണം റോഡിലെ ചില ഭാഗങ്ങൾ പൊട്ടി അടരുന്നത് ചിത്രീകരിച്ച് കൊണ്ടിരിക്കെയാണ് അപകടം നടന്നത്. ചൂട് കാരണം റോഡിലെ ചില ഭാഗങ്ങൾ പൊട്ടി അടർന്ന് മുകളിലേക്ക് ഉയര്‍ന്നുവന്നു. ഈ സമയം അതുവഴി പോയ ഒരു കാര്‍ ഈ പൊട്ടി മുകളിലേക്ക് ഉയർന്ന റോഡിന് മുകളിലേക്ക് കയറുകയും അപ്രതീക്ഷിതമായ സംഭവത്തില്‍ കാര്‍ ഒരു നിമിഷം വായുവില്‍ ഉയര്‍ന്നു നില്‍ക്കുകയും ചെയ്തു.
കാർ കടന്നുപോകുമ്പോൾ റോഡിന്‍റെ ഉപരിതലം പെട്ടെന്ന് മുകളിലേക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ഏതാണ്ട് 18 ഇഞ്ചിൽ കൂടുതൽ ഉയരത്തിലേക്കാണ് റോഡ് ഉയർന്നത്. അപകടത്തില്‍ ഡ്രൈവർക്ക് പരിക്കേറ്റിട്ടില്ലെന്ന് കേപ്പ് ഗിരാർഡ്യൂ പോലീസ് സ്ഥിരീകരിച്ചു. അതേസമയം ചൂട് കൂടുമെന്ന മുന്നറിയിപ്പിനിടെയിലും റോഡിന്‍റെ അവസ്ഥ മോശമായിരുന്നിട്ടും റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തത്തിനെതിരെ രൂക്ഷമായ വിമർശനം ഉയര്‍ന്നു.
സീമേഴ്‌സ് ഡ്രൈവ് ഉൾപ്പെടെ കുറഞ്ഞത് രണ്ട് റോഡുകളെങ്കിലും തുടർച്ചയായ ഉഷ്ണതരംഗം കാരണം തകർന്നിട്ടുണ്ടെന്ന് നഗര അധികൃതർ പിന്നീട് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഒപ്പം ഉഷ്ണതരംഗം കൂടുമെന്നതിനാല്‍ ഈ ആഴ്ച കൂടുതല്‍ റോഡുകൾ തകരാന്‍ സാധ്യതയുണ്ടെന്നും ഇത് ഗതാഗത കുരുക്കിന് ഇടയാക്കുമെന്നും അധിതര്‍ അറിയിച്ചു. അതേസമയം യുഎസിന്‍റെ വടക്കുകിഴക്കൻ മേഖല മുതൽ മധ്യ സമതലങ്ങൾ വരെയുള്ള വിശാലമായ പ്രദേശത്ത് അതിശക്തമായ ഉഷ്ണതരംഗ മുന്നറിയിപ്പാണുള്ളത്.