
ഇന്ത്യന്‍ വിവാഹ ആഘോഷങ്ങൾ പുതിയ കാലത്തിലേക്ക് കടന്നിരിക്കുന്നു. പാരമ്പര്യത്തെ കൈവിടാതെ നിരന്തരം പുതുക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ വിവാഹാഘോഷങ്ങൾ എന്നും മുന്‍പന്തിയിലാണ്. സമൂഹത്തിലുണ്ടാകുന്ന ഓരോ കാര്യവും ആഘോഷങ്ങളിലും പ്രതിഫലിക്കുന്നു. അത് വിവാഹ ആഘോഷമാണെങ്കില്‍ പോലും. കേരളത്തിലെ ഒരു വിവാഹ ആഘോഷത്തിന്‍റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറൽ. മകളുടെ വിവാഹത്തിന് ക്യൂആര്‍ കോഡ് ധരിച്ച് അതിഥികളെ വരവേൽക്കുന്ന അച്ഛന്‍റെ വീഡിയോയിരുന്നു അത്.
വീഡിയോയില്‍ വെള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ച വധുവിന്‍റെ അച്ഛന്‍ വീട്ടിന് മുന്നില്‍ തന്നെ അതിഥികളെ സ്വീകരിക്കാനായി നില്‍ക്കുന്നത് കാണാം. അദ്ദേഹത്തിന്‍റെ കീശയില്‍ ബാങ്ക് അക്കൗണ്ടിന്‍റെ ക്യൂആര്‍ കോഡിന്‍റെ ഒരു ചിത്രം പതിപ്പിച്ചിട്ടുണ്ട്. വിവാഹത്തിന് എത്തുന്ന അതിഥികൾക്ക് ഇത് ഏറെ സൗകര്യപ്രദമായെന്നും വീഡിയോയില്‍ വ്യക്തം. അതിഥികളെ കണ്ടതും വധുവിന്‍റെ അച്ഛൻ സാമ്പത്തിക സമ്മാനം അയക്കാനായി തന്‍റെ കീശയില്‍ പതിപ്പിച്ച പേടിഎമ്മിന്‍റെ ക്യൂആര്‍ കോഡ് കാണിച്ച് കൊടുക്കുന്നു. ഇത് കണ്ട് ആദ്യം അമ്പരന്നെങ്കിലും പിന്നീട് അതിഥികളെല്ലാം തന്നെ തങ്ങളുടെ മൊബൈല്‍ ഉപയോഗിച്ച് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതും പണം അയക്കുന്നതും വീഡിയോയില്‍ കാണാം.
പ്രതികരണം
"പണരഹിത വിവാഹം" എന്ന് ലേബൽ ചെയ്യപ്പെട്ട ഈ നൂതന ആശയം സമൂഹ മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. വധുവിന്‍റെ അച്ഛന്‍റെ പുരോഗമന ചിന്താഗതിയെ നിരവധി പേര്‍ അഭിനന്ദിച്ചു. ചിലര്‍ അദ്ദേഹത്തിന്‍റെ പ്രായോഗികതയെ പുകഴ്ത്തി. മറ്റ് ചിലർ ഈ ഐഡിയ എന്തുകൊണ്ട് തങ്ങൾക്ക് നേരത്തെ തോന്നിയില്ലെന്ന് കുറിച്ചു. ചിലര്‍ അദ്ദേഹത്തെ ഡിജിറ്റൽ ഇന്ത്യയുടെ യഥാർത്ഥ അംബാസഡർ എന്ന് വാഴ്ത്തി. അതേസമയം പരിഹാസങ്ങളുമായി മറ്റ് ചിലരും എത്തിയിരുന്നു. ബിൽ അടച്ച് ഭക്ഷണം കഴിക്കൂവെന്നയിരുന്നു അതിലൊരു കുറിപ്പ്. വിവാഹം ❌ ബിസിനസ്സ് ✅ എന്ന് കുറിച്ചു. നിങ്ങളുടെ കുട്ടിയുടെ വിവാഹത്തിൽ നിന്ന് പണം സമ്പാദിക്കുന്നത് വളരെ വെറുപ്പുളവാക്കുന്നതാണെന്നായിരുന്നു മറ്റൊരു അഭിപ്രായം.
അതേസമയം, വീഡിയോ വൈറലായതിന് പിന്നാലെ ആലുവ സ്വദേശീ അബ്ദുൾ ലത്തീഫ് റീൽ ചിത്രീകരണത്തിന് വേണ്ടി ചെയ്തതാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. വീഡിയോ വൈറൽ കാരണം ഇപ്പോൾ പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് മുസ്ലീം ലീഗ് പ്രാദേശിക നേതാവും മസല്ല് ട്രഷററുമായി അബ്ദുൾ ലത്തീഫ് പറഞ്ഞു. ചേട്ടന്‍റെ മകന്‍റെ കല്യാണത്തിനിടെ റീൽസ് ചിത്രീകരണത്തിനായി ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.