
ദുബായിലെ സംരംഭകനും ഡിജിറ്റൽ ക്രിയേറ്ററുമായ കോടീശ്വരൻ ഒരു ആഡംബര ഫെരാരി കാർ തന്‍റെ വീടിന്‍റെ മേൽക്കൂരയിൽ തൂക്കിയിട്ടതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. 'എന്‍റെ പുതിയ ഷാൻഡലിയർ' എന്ന് വിശേഷിപ്പിച്ച വീഡിയോ നെറ്റിസെന്‍സിനെ ഞെട്ടിച്ചിരിക്കുകയാണ്. @edrive.jetcar മായി സഹകരിച്ച് കണ്ടന്‍റ് സ്രഷ്ടാവായ @movlogs ആണ് കാർ മേൽക്കൂരയിൽ തൂക്കിയിട്ടിരിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വീഡിയോ വളരെ വേഗത്തിൽ വൈറലാവുകയും വിശ്വസിക്കാൻ ആകുന്നില്ലെന്ന് നിരവധി സമൂഹ മാധ്യമ ഉപഭോക്താക്കൾ അഭിപ്രായപ്പെടുകയും ചെയ്തു. എന്നാൽ, ഡമ്മി പ്ലാസ്റ്റിക് കളിപ്പാട്ടം ആയിരിക്കാമെന്നാണ് ഒരു വിഭാഗം നെറ്റിസെന്‍സ് അഭിപ്രായപ്പെടുന്നത്.
തന്‍റെ ആഡംബര വീടിന്‍റെ ഭംഗി കൂട്ടുന്നതിന്‍റെ ഭാഗമായാണ് @movlogs എന്ന ഉപയോക്തൃനാമത്തിൽ അറിയപ്പെടുന്ന സംരംഭകൻ തന്‍റെ പുതിയ ആഡംബര കാർ മേൽക്കൂരയിൽ പുതിയൊരു ഷാൻഡിലിയറായി തൂക്കിയിടാൻ തീരുമാനിച്ചത്. വൈറലായ വീഡിയോയിൽ ഒരുകൂട്ടം ആളുകൾ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് ഒരു കാർ കൊണ്ടുവരുന്നത് കാണാം. കടും ചുവപ്പും നിറത്തിലുള്ള ഈ കാർ തുടർന്ന് വീടിന്‍റെ സീലിങ്ങിൽ തൂക്കിയിടുന്നു.
വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയെങ്കിലും അത് ഒരു ഡമ്മി മോഡലായിരിക്കാമെന്നാണ് പൊതുവിൽ ഉയരുന്ന അഭിപ്രായം. ഒരു ഷാൻഡിലിയറായി തൂക്കിയിടാൻ മാത്രമായി നിർമ്മിച്ചതാകാമെന്നും അഭിപ്രായപ്പെടുന്നു ചിലര്‍. എഞ്ചിനും ട്രാൻസ്മിഷനുമില്ലാത്ത ഒരു ബോഡി കിറ്റാണിതെന്നും, ഇതിന് ഏകദേശം 5,00,000 ഡോളർ വില (ഏകദേശം നാല് കോടി മുപ്പത് ലക്ഷം രൂപ) വരുമെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതായാലും വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കൾ ഏറ്റെടുത്തു കഴിഞ്ഞു.