
കേദാര്‍നാഥില്‍ നിന്നും ഗുപ്തകാശിയിലേക്ക് പോകവെ ഗൗരീകുണ്ഡിൽ ഏഴ് പേരുടെ ജീവനെടുത്ത് തകർന്ന് വീണ ഹെലികോപ്റ്ററിന്‍റെ പൈലറ്റിന് നിറകണ്ണുകളോടെ ഭാര്യയുടെ യാത്രാമൊഴി. രാജസ്ഥാനിലെ വീട്ടില്‍ വച്ച്, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ റിട്ടയർഡ് ലെഫ്റ്റനന്‍റ് കേണൽ രാജ്‍വീർ സിംഗ് ചൗഹാന്‍റെ ഭൗതീകാവശിഷ്ടം സംസ്കരിച്ചു. ഗൗരീകുണ്ഡിലെ അപകടത്തില്‍ പൈലറ്റ് അടക്കം ഏഴ് പേരും മരിച്ചിരുന്നു. റിട്ടയർഡ് ലെഫ്റ്റനന്‍റ് കേണൽ രാജ്‍വീർ സിംഗ് ചൗഹാന്‍റെ ഭാര്യ ലെഫ്റ്റനന്‍റ് കേണൽ ദീപികാ ചൗഹാന്‍റെ വൈകാരിക നിമിഷങ്ങൾ അടങ്ങിയ ചടങ്ങിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിറകണ്ണുകളോടെ കൈകൾ കൂപ്പി ഭര്‍ത്താവിന്‍റെ വിടവാങ്ങൽ ചടങ്ങിന് സാക്ഷ്യം വഹിക്കുന്ന ഔദ്ധ്യോഗിക വേഷം ധരിച്ച ദീപിക ചൗഹാന്‍റെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചു.
ജൂണ്‍ 15 ന് ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഏഴ് പേരില്‍ ഒരാളാണ് റിട്ടയർഡ് ലെഫ്റ്റനന്‍റ് കേണൽ രാജ്‍വീർ സിംഗ് ചൗഹാൻ. ശാസ്ത്രി നഗറില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്ന അദ്ദേഹത്തിന്‍റെ ഭാര്യ ലെഫ്റ്റനന്‍റ് കേണൽ ദീപിക ചൗഹാൻ, രാജസ്ഥാന്‍ മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് രാത്തോഡ് എന്നിവരെ കാണാം.' വീഡിയോ പങ്കുവച്ച് കൊണ്ട് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു വീഡിയോയില്‍ ഭര്‍ത്താവിന്‍റെ ഫ്രൈം ചെയ്ത ചിത്രവും പിടിച്ച് വിലാപയാത്രയ്ക്കൊപ്പം വരുന്ന ദീപിക ചൗഹാനെ കാണാം. മറ്റൊരു വീഡിയോയില്‍ ഭര്‍ത്താവിന്‍റെ ശവമഞ്ചത്തിന് മുന്നില്‍ നിന്ന് കൈകൂപ്പിക്കൊണ്ട് വിതുമ്പിക്കരയും ദീപികയുടെ ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.
വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരാണ് റിട്ടയർഡ് ലെഫ്റ്റനന്‍റ് കേണൽ രാജ്‍വീർ സിംഗ് ചൗഹാന് നിത്യശാന്തി നേർന്നുകൊണ്ട് എത്തിയത്. ചിലര്‍ ഹെലികോപ്റ്റർ അപകടത്തില്‍ കുറ്റക്കാരായവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണെന്ന് ആവശ്യപെട്ടു. മറ്റ് ചിലർ കേദാര്‍നാഥ് ഒരു വിനോദ കേന്ദ്രമല്ലെന്നും അതിനെ അങ്ങനെയാക്കി മാറ്റരുതെന്നും എഴുതി. നൂറുകണക്കിന് ആളുകൾ റിട്ടയർഡ് ലെഫ്റ്റനന്‍റ് കേണൽ രാജ്‍വീർ സിംഗ് ചൗഹാന് നിത്യശാന്തി നേര്‍ന്ന് രംഗത്തെത്തി. ദീപികയ്ക്ക് വേദന സഹിക്കാന്‍ മനശക്തി ലഭിക്കട്ടെയെന്ന് ആശംസിച്ചവരും കുറവല്ല.