
യാത്രകൾ എന്നും അവിസ്മരണീയമായ നിരവധി ഓർമ്മകളാണ് സമ്മാനിക്കുന്നത്. പ്രത്യേകിച്ചും പൊതു ഗതാഗതം ഉപയോഗിച്ച് തികച്ചും അജ്ഞാതരായ മനുഷ്യരോടൊപ്പമുള്ള യാത്രകൾ. എന്നാല്‍, ഇത്തരം യാത്രകൾ ചിലപ്പോൾ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ചില മൂർത്തങ്ങളും സമ്മാനിക്കുന്നു. അത് പലപ്പോഴും വൃത്തിയെ അടിസ്ഥാനമാക്കിയായിരിക്കും. പ്രത്യേകിച്ചും ട്രെയിന്‍ യാത്രയില്‍ ലോക്കല്‍, സ്ലീപ്പർ, എസി കോച്ചുകളിലടക്കം പരക്കം പായുന്ന എലികളും മാലിന്യവും യാത്രക്കാരുടെ ദുസ്വപ്നങ്ങളാണ് ഇന്നും. അത്തരമൊരു അനുഭവം പങ്കുവയ്ക്കപ്പെട്ടപ്പോൾ റെയില്‍വേയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയർന്നത്.
ഇന്ത്യന്‍ ടെക് ആന്‍റ് ഇന്‍ഫ്രാ എന്ന എക്സ് പേജില്‍ നിന്നുമാണ് വീഡിയോ പങ്കുവയക്കപ്പെട്ടത്. വാതിലുള്ള ഒരു സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരന്‍ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളാണ് അവ. ഓടുന്ന ട്രെയിനിൽ നിന്ന് ഓൺ ബോർഡ് ഹൗസ് കീപ്പിംഗ് സർവീസ് (OBHS) ജീവനക്കാരൻ മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളായിരുന്നു അത്. മാലിന്യം വലിച്ചെറുയുന്ന ജീവനക്കാന് അതൊരു സ്ഥിരം പ്രവര്‍ത്തി എന്നതരത്തിലാണ് തന്‍റെ ജോലി ചെയ്തത്. അയാൾ ബോഗിയിലെ മാലിന്യ ബിൻ മറ്റൊരു പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് മാറ്റി. അതിലുണ്ടായിരുന്ന മാലിന്യം മുഴുവനും ട്രാക്കിലേക്ക് വലിച്ചെറിഞ്ഞു. വളരെ നിസംഗമായ ഭാവത്തിലാണ് ജീവനക്കാര്‍ തന്‍റെ പ്രവര്‍ത്തി ചെയ്തത്.
അത്തരമൊരു പ്രവര്‍ത്തിക്ക് പലരും റെയില്‍വെയെയാണ് വിമർശിച്ചത്. എന്നാല്‍, "ഒബിഎച്ച്എസ് ജീവനക്കാർ ടെൻഡർ വഴി നിയമിക്കപ്പെടുന്ന കരാർ ജീവനക്കാരാണ്, ഒമ്പത് മണിക്കൂറിൽ കൂടുതലുള്ള ഷിഫ്റ്റുകൾക്ക് പ്രതിമാസം ഏകദേശം 15,000 രൂപ മാത്രമാണ് അവരുടെ വരുമാനം. തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്നതിനേക്കാൾ നേരം അവർ ഓവർടൈം ചെയ്യുന്നു, എന്നിട്ടും 1,100-ലധികം ട്രെയിൻ ജോഡികളിൽ ശുചിത്വം പാലിക്കുന്നതിൽ കുറഞ്ഞ ഉത്തരവാദിത്തത്തിനും അമിത ജോലിക്കും അവർ വിമർശനം നേരിടുന്നു," ഒരു കാഴ്ചക്കാരന്‍ പ്രശ്നത്തിന്‍റെ മൂല കാരണം വ്യക്തമാക്കി. "എല്ലാവരും മാലിന്യം പുറത്തേക്ക് വലിച്ചെറിഞ്ഞ് സ്വന്തം സ്ഥലം വൃത്തിയായി സൂക്ഷിക്കുന്ന തിരക്കിലാണ്. നമ്മുടെ പൗരബോധം ഇപ്പോഴും 1925 ലാണ്," മറ്റൊരാൾ ചൂണ്ടിക്കാട്ടി.