
മാതാപിതാക്കളെയും കൂട്ടി വിദേശ രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നവരുടെ വീഡിയോകൾക്ക് സമൂഹ മാധ്യമങ്ങളിൽ നല്ല കാഴ്ചക്കാരാണുള്ളത്. അമ്മമാരോടൊപ്പം വിദേശ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിൽ വച്ചുണ്ടാകുന്ന ഏറെ ഹൃദയ സ്പർശിയായ അനുഭവങ്ങൾ നേരത്തെയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അമ്മയുമൊന്നിച്ച് നടക്കവെ തനിക്കുണ്ടായ അത്തരമൊരു അനുഭവം ശുഭം ഗൗതം എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. വീഡിയോയിൽ റഷ്യൻ തെരുവിൽ ഇന്ത്യൻ സാരിയിൽ അമ്മയ്ക്ക് ഏറെ ആദരവ് ലഭിച്ചെന്നും ശുഭം ഗൗതം പറയുന്നു.
ശുഭം ഗൗതമിന്‍റെ അമ്മ രാജസ്ഥാന്‍ സാരിയായിരുന്നു ധരിച്ചിരുന്നത്. റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ സെന്‍റ് ബാസിൽ കത്തീഡ്രലിന്‍റെ പശ്ചാത്തലത്തിൽ റെഡ് സ്ക്വയറിലെ കാഴ്ചകളും കണ്ട് രാജസ്ഥാന്‍ സാരിയിൽ വളരെ ആത്മവിശ്വാസത്തോടെ നടക്കുന്ന അമ്മയെ വീഡിയോയിൽ കാണാം. അമ്മയെ കണ്ട് ദൂരെ നിന്ന് പോലും സഞ്ചാരികളും റഷ്യൻ യുവതികളും ഓടിയെത്തി പരിചയപ്പെട്ട് സെൽഫിയെടുക്കുന്നു. നിന്നനില്‍പ്പിൽ റെഡ് സ്ക്വയറിൽ അമ്മയൊരു സെലിബ്രിറ്റിയായി മാറുന്ന കാഴ്ച മാറിനിന്ന് ആസ്വദിക്കുന്ന അച്ഛനെയും ശുഭം വീഡിയോയിൽ കാണിക്കുന്നു. 'അവർ എന്‍റെ അമ്മ മാത്രമല്ല - അവർ റഷ്യയുടെ പ്രിയപ്പെട്ട സെലിബ്രിറ്റി' കൂടിയാണെന്ന അടിക്കുറിപ്പായിരുന്നു ശുഭം വഡിയോയ്ക്ക് നല്‍കിയത്. വീഡിയോ പെട്ടെന്ന് തന്നെ കാഴ്ചക്കാരെ ആകർഷിച്ചു. ഇന്ത്യന്‍ സ്ത്രീയെ തിരിച്ചറിഞ്ഞ് അടുത്തെത്തി സെൽഫിയെടുത്ത റഷ്യക്കാരെയും അമ്മയെയും അഭിനന്ദിക്കാൻ നിരവധി പേരാണെത്തിയത്.
വിദേശത്തും ഇന്ത്യൻ വസ്ത്രത്തിൽ പരമ്പരാഗത സംസ്കാരത്തെ അഭിമാനത്തോടെ ഉയർത്തിപ്പിടിച്ച അമ്മയെ നിരവധി പേരാണ് അഭിനന്ദിച്ചത്. ഒരു കാഴ്ചക്കാരൻ ഇന്ത്യയുടെ അംബാസിഡറെന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യയിൽ നിന്നും ധാരാളം വിദ്യാർത്ഥികൾ റഷ്യയിൽ പഠിക്കുന്നുണ്ടെന്നും പക്ഷേ അവരുടെ കൈവശം പരമ്പരാഗത വസ്ത്രങ്ങളൊന്നും കാണില്ലെന്നും മറ്റൊരു കാഴ്ചക്കാരനെഴുതി. സാംസ്കാരിക വ്യത്യാസങ്ങൾ വളരെ മനോഹരമാണെന്നും അതിനെ ബഹുമാനത്തോടെ കാണണമെന്നും മറ്റൊരു കാഴ്ചക്കാരൻ ചൂണ്ടികാണിച്ചു. മറ്റ് ചിലര്‍ ഭാര്യയ്ക്ക് കിട്ടുന്ന പ്രശസ്തി മാറി നിന്ന് ആശ്വദിക്കുന്ന ശുഭത്തിന്‍റെ അച്ഛനെയും വെറുതെ വിട്ടില്ല.