
കൺമുമ്പിൽ കാണുന്നത് എന്തും മൊബൈൽ ഫോണിൽ ചിത്രീകരിക്കാനുള്ള അമിത വ്യഗ്രതയിൽ ആളുകൾ സ്വയം അപകടം ക്ഷണിച്ചു വരുത്തുന്ന നിരവധി സംഭവങ്ങളാണ് സമീപ കാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ഏറെ അസ്വസ്ഥപ്പെടുത്തുന്ന ഒരു വീഡിയോ സമൂഹ മാധ്യമത്തിലൂടെ പുറത്തുവന്നു. വേട്ടയാടി പിടിച്ച ഇരയെ തിന്നുന്ന ഒരു സിംഹത്തിന് അരികിലേക്ക് ചെന്ന് ഒരാൾ തന്‍റെ മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുന്ന രംഗങ്ങൾ ആയിരുന്നു അത്. ഏറെ അപകടകരമായ ഈ പ്രവർത്തി അയാളുടെ ജീവന് തന്നെ ഭീഷണിയായി. ഒടുവിൽ സിംഹത്തിന്‍റെ ആക്രമണത്തിൽ നിന്നും തലനായ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്.
ഗുജറാത്തിലെ ഭാവ്‌നഗറിൽ നിന്നുള്ള ഈ സംഭവം വന്യമൃഗങ്ങളുടെയും മനുഷ്യരുടെയും സുരക്ഷയെക്കുറിച്ചും ആശങ്ക ഉയർത്തുന്നതാണ്. വീഡിയോയിൽ ഒരു സിംഹം തന്‍റെ ഇരയെ ഭക്ഷിക്കുന്ന രംഗങ്ങൾ കാണാം. സമീപത്ത് തന്നെയായി മൊബൈൽ ഫോണിൽ ആ രംഗങ്ങൾ ചിത്രീകരിച്ചുകൊണ്ട് ഒരു യുവാവും നിൽപ്പുണ്ട്. അല്പസമയത്തിന് ശേഷം ഇയാൾ യാതൊരു ഭയവും കൂടാതെ സിംഹത്തിന് കൂടുതൽ അരികിലേക്ക് ചെല്ലുകയും വീഡിയോ ചിത്രീകരണം തുടരുകയും ചെയ്യുന്നു.
ഇതിനിടയിൽ സിംഹത്തിന്‍റെ ശ്രദ്ധയിൽ ഇയാൾ പതിയുന്നു. തുടർന്ന് ഇയാൾക്ക് നേരെ സിംഹം ഓടി അടുക്കുന്നു. ഉടൻതന്നെ ഇയാൾ പിന്നോട്ട് ഓടുന്നുണ്ടെങ്കിലും ഇതിനിടെ വീഡിയോ ചിത്രീകരണം തുടരുന്നതും കാണാം. ആ സമയം പ്രദേശത്തുണ്ടായിരുന്ന ആളുകൾ ശബ്ദം ഉണ്ടാക്കിയതിനെ തുടർന്നാണ് യുവാവിന് നേരെ എത്തിയ സിംഹം പിൻവാങ്ങിയത്. സിംഹത്തിന്‍റെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടതെന്ന് വീഡിയോയിൽ വ്യക്തമാണ്.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ആളുകളാണ് യുവാവിന്‍റെ പ്രവർത്തിയെ വിമർശിച്ചത്. ഇനിയും എന്നാണ് നമുക്ക് ബുദ്ധി ഉണ്ടാവുകയെന്നാണ് ഒരു സമൂഹ മാധ്യമ ഉപയോക്താവ് ചോദിച്ചത്. മൃഗങ്ങളെ അനാവശ്യമായി മനുഷ്യൻ പിന്തുടരുന്ന അത്രയും കാലം അവ മനുഷ്യനെയും തിരിച്ചാക്രമിച്ച് കൊണ്ടിരിക്കും എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.