
നദിക്ക് നടുവിൽ കുടുങ്ങിക്കിടക്കുന്ന കുരങ്ങിനെ രക്ഷിക്കാൻ രണ്ട് യുവാക്കൾ നടത്തിയ ശ്രമം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നദിയിലെ കുത്തൊഴുക്കിനെയും വഴുതലുള്ള പാറക്കെട്ടുകളെയും അവഗണിച്ചാണ് യുവാക്കൾ കുരങ്ങനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയത്. എബിസി ന്യൂസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധ നേടികഴിഞ്ഞു.
വീഡിയോയിൽ നദിയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് ഒരു കല്ലിൽ പിടിച്ചു കയറാൻ ശ്രമിക്കുന്ന കുരങ്ങനെ കാണാം. അതോടൊപ്പം തന്നെ കുരങ്ങനെ രക്ഷിക്കാനായി രണ്ട് യുവാക്കൾ നദിയിലേക്ക് ഇറങ്ങുന്നു. ശക്തമായി കുത്തിയൊഴുകുന്ന വെള്ളവും പെട്ടെന്നുള്ള മനുഷ്യ ഇടപെടലും കണ്ട് കുരങ്ങൻ ആദ്യം പരിഭ്രാന്തനാവുകയും രക്ഷിക്കാൻ എത്തിയ യുവാവിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
എന്നാൽ, ഇതൊന്നും വകവയ്ക്കാതെ യുവാവ് കുരങ്ങനെ വെള്ളത്തിൽ നിന്നും എടുത്ത് സുരക്ഷിതമായി ഒരു പാറയുടെ മുകളിൽ ഇരുത്തുന്നു. തന്നെ സഹായിക്കാനാണ് മനുഷ്യർ എത്തിയതെന്ന് മനസ്സിലാക്കിയതിനാലാവണം കുരങ്ങൻ പിന്നീട് ശാന്തനാകുന്നു. തുടർന്ന് യുവാവിന്‍റെ കൈകളിൽ അവന്‍ ശാന്തനായിരിക്കുന്നു. കുരങ്ങനുമായി കരയിലേക്ക് കയറി വരാൻ ശ്രമിക്കുന്നതിനിടയിൽ പലതവണ കാൽവഴുതി യുവാവ് വെള്ളത്തിലേക്ക് വീഴാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം യുവാക്കൾ കുരങ്ങനെ വിജയകരമായി രക്ഷപ്പെടുത്തുന്നു.
മനോഹരമായ കാഴ്ചയെന്നും എല്ലാവരും പരസ്പരം സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുക എന്നുമായിരുന്നു വീഡിയോയ്ക്ക് താഴെ സമൂഹ മാധ്യമ ഉപയോക്താക്കളിൽ ചിലർ കുറിച്ചത്. മനുഷ്യർ തന്നെ സഹായിക്കാൻ എത്തിയതാണ് എന്ന് തിരിച്ചറിഞ്ഞപ്പോളുള്ള കുരങ്ങന്‍റെ മുഖത്തെ ശാന്തത ഹൃദയസ്പർശിയായിരുന്നു എന്നാണ് മറ്റൊരാൾ കുറിച്ചത്. ഏതായാലും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.