
നാഗ്പൂരിൽ നിതിൻ ഗഡ്കരി പങ്കെടുത്ത സർക്കാർ പരിപാടിക്കിടെ വേദിയിലെ ഇരിപ്പിടത്തെച്ചൊല്ലി രണ്ട് വനിതാ പോസ്റ്റൽ ഓഫീസര്‍മാരുടെ തര്‍ക്കത്തിന്‍റെ വീഡിയോ വൈറൽ. ഇരിപ്പിടം ക്രമീകരിച്ചതിനെ കുറിച്ചും ഔദ്യോഗിക ചുമതലയെ കുറിച്ചും വനിതാ ഉദ്യോഗസ്ഥർ പരസ്പരം പോരടിക്കുന്നത് ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു. പിന്നലെ സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നാഗ്പൂർ മേഖല പോസ്റ്റ് മാസ്റ്റർ ജനറലായി സേവനമനുഷ്ഠിച്ചിരുന്ന വനിതാ ഓഫീസറും കർണാടകയിലേക്ക് സ്ഥലം മാറ്റിയതിന് ശേഷം നിലവിൽ ഡിവിഷന്‍റെ അധിക ചുമതല വഹിക്കുന്ന വനിതാ ഓഫീസർമാറുമാണ് ഏറ്റുമുട്ടലിൽ നടത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
മുൻ നാഗ്പൂർ ഉദ്യോഗസ്ഥ കോടതിയിൽ തന്‍റെ സ്ഥലംമാറ്റ ഉത്തരവ് ചോദ്യം ചെയ്ത് സ്റ്റേ ഓർഡർ നേടിയതോടെ സ്ഥലംമാറ്റ ഉത്തരവ് ഉദ്യോഗസ്ഥതലത്തിൽ തന്നെ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇത് ആ തസ്തികയുടെ ഔദ്യോഗിക ചുമതല ആർക്കാണ് എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പത്തിലേക്ക് നയിച്ചു. ഈ സംഭവം പിന്നീട് രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കിടയിൽ വലിയ സംഘർഷമാണ് ഉണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
നാഗ്പൂരിലെ പരിപാടിക്കിടെ വനിതാ ഉദ്യോഗസ്ഥര്‍ക്കിടയിലെ തർക്കം സംഭവത്തെ പൊതുജനങ്ങൾക്കിടയിലും ശ്രദ്ധയുണ്ടാക്കി. ഗഡ്ക്കരി വേദിയിലിരിക്കെ ഒരു ഉദ്യോഗസ്ഥ മറ്റേയാളോട് അപ്പുറത്തേക്ക് മാറിയിരിക്കാന്‍ ആവശ്യപ്പെടുന്നതും അവർ അതിന് തയ്യാറാകാത്തപ്പോൾ കൈമുട്ട് വട്ട് കുത്തുകയും തട്ടുകയും നുള്ളുതയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. താന്‍ ഒരു പൊതുവേദിയില്‍ ജനങ്ങൾക്കും ക്യാമറയ്ക്കും അഭിമുഖമായാണ് ഇരിക്കുന്നതെന്ന സാമാന്യ ബോധം പോലും ആ ഉദ്യോഗസ്ഥ പ്രകടിപ്പിക്കുന്നില്ലെന്നും വീഡിയോയിൽ വ്യക്തമാണ്. ബഹളം കേട്ട് , ഗഡ്ക്കരി ഇടയ്ക്ക് അസ്വസ്ഥതയോടെ ഇരുവരെയും നോക്കുന്നതും വീഡിയോയില്‍ കാണാം.
സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ പ്രതികരണമാണ് വീഡിയോ ഉയർത്തിയത്. "ലജ്ജാകരം" എന്നും "മുതിർന്ന ഉദ്യോഗസ്ഥർക്ക് അനുയോജ്യമല്ല" എന്നുമായിരുന്നു മിക്കയാളുകളും കുറിച്ചത്. സ്റ്റേജ് നാടകമെന്നായിരുന്നു മറ്റൊരു വിശേഷണം. "നാരി ശക്തിയുടെ പ്രദർശനം. കൈമുട്ട് കൊണ്ട് തള്ളി, നുള്ളി... രണ്ട് വനിതാ ഉദ്യോഗസ്ഥർ തമ്മിലുള്ള പോരാട്ടം, യഥാർത്ഥ സ്ത്രീ ശാക്തീകരണം," എന്നായിരുന്നു മറ്റൊരു പരിഹാസം, അതേസമയം സംഭവത്തെക്കുറിച്ച് തപാൽ വകുപ്പ് ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.