
ഫോണുകൾ. ബാഗുകൾ ലാപ് ടോപ്പുകൾ... അങ്ങനെ പല വസ്തുക്കൾ ഉപേക്ഷിക്കപ്പെട്ട നിലയില്‍, പ്രത്യേകിച്ചും റെയില്‍വേയിലും മെട്രോയിലും നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ, അതൊരു പെട്ടി കോണ്ടമാണെങ്കിലോ? അതെ ദില്ലി മെട്രോയിൽ കണ്ടെത്തിയ ഒരു പെട്ടി കോണ്ടത്തെ ചുറ്റിപ്പറ്റിയാണ് സമൂഹ മാധ്യത്തിലെ സജീവ ചര്‍ച്ച.
മെട്രോ സ്റ്റേഷന് പിന്നിലായി ഇത് കണ്ടെത്തിയെന്ന കുറിപ്പോടെയാണ് ഒരു വലിയ പെട്ടി കോണ്ടത്തിന്‍റെയും ചിതറിക്കിടന്ന നിരവധി ചെറു കോണ്ടം പാക്കറ്റുകളുടെയും ചിത്രം റെഡ്ഡിറ്റില്‍ പങ്കുവയ്ക്കപ്പെട്ടത്. ചിത്രവും കുറിപ്പും പിന്നാലെ വൈറലായി. പൊതുജനാരോഗ്യ പ്രചാരണങ്ങളുടെ ഭാഗമായി ദില്ലി മെട്രോ കോണ്ടം വിതരണം ചെയ്തിരുന്ന മുൻ സംരംഭങ്ങളെ കുറിച്ച് പലരും സമൂഹ മാധ്യമങ്ങളില്‍ ഓർമ്മിപ്പിച്ചതോടെയാണ് ചിത്രവും കുറിപ്പും വൈറലായത്. മറ്റ് ചിലർ കോണ്ടം പെട്ടി കണ്ടപ്പോൾ യാത്രക്കാർ എന്തായിരിക്കും ചിന്തിച്ചിരുന്നതെന്ന് തമാശയായി എഴുതി.
"ആദ്യം, അവ പോപ്പ്-പോപ്പ് ക്രാക്കറുകളാണെന്നാണ് ഞാൻ കരുതിയത്, പക്ഷേ, മറ്റ് അഭിപ്രായങ്ങൾ വായിച്ചപ്പോൾ എനിക്ക് കോണ്ടത്തെ സംബന്ധിച്ച് അറിയാൻ കഴിഞ്ഞു" എന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. "ഗ്രാമപ്രദേശങ്ങൾക്കുള്ള സർക്കാർ മരുന്നുകളല്ലേ അവ. കഴിയുമെങ്കിൽ അവ സർക്കാർ ആശുപത്രിയിലേക്ക് തിരികെ നൽകുക," എന്നായിരുന്നു മറ്റൊരു അഭിപ്രായ പ്രകടനം. "ആളുകൾ ഇവ യഥാർത്ഥത്തിൽ ഉപയോഗിക്കുന്നുണ്ടോയെന്ന് ആത്മാർത്ഥമായി ചോദിക്കുകയാണ്. പ്രത്യേകിച്ച് 'നിരോധ്'. ഞാൻ ഒരു മെഡിസിൻ വിദ്യാർത്ഥിയാണ്, എന്‍റെ ഗർഭനിരോധന ക്ലാസിൽ മാത്രമേ അവ നിലവിലുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിട്ടുള്ളൂ. രാജ്യത്തെ ആരോഗ്യ വകുപ്പിന്‍റെ ഒരു മികച്ച സംരംഭമാണിതെന്ന് ഞാൻ കരുതുന്നു. പക്ഷേ, ആളുകൾ ഇത് ഉപയോഗിക്കുന്നതായി ഞാൻ കേട്ടിട്ടില്ല" എന്നായിരുന്നു ഒരു റെഡ്ഡിറ്റ് ഉപഭോക്താവ് എഴുതിയത്. ആ പറഞ്ഞതില്‍ അല്പം കാര്യമില്ലാതില്ലെന്ന് സര്‍ക്കാറിന്‍റെ ചില കണക്കുകളും കാണിക്കുന്നു.
തൊണ്ണൂറുകളില്‍ ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ എച്ച്ഐവി വൈറൽ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായപ്പോഴാണ് ബസ് സ്റ്റാന്‍റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മറ്റ് ചില തെരഞെടുത്ത സ്ഥലങ്ങളിലും കോണ്ടം വയ്ക്കാന്‍ ചില എന്‍ജിയോകളുടെ സഹായത്തോടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇത് എച്ചഐവി ബാധിതരുടെ വ്യാപനത്തില്‍ വലിയ കുറവ് വരുത്തിയെന്ന് പിന്നീട് വന്ന കണക്കുകളും തെളിവ് നല്‍കി. എന്നാല്‍, പിന്നീട് സര്‍ക്കാര്‍ ഈ പദ്ധയില്‍ നിന്നും പിന്മാറി. ഏറ്റവും ഒടുവില്‍ ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകളില്‍ ആരോഗ്യമേഖലയില്‍ മുന്നിലുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലും എച്ച്ഐവി ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
2014-ൽ, ഏറ്റവും വലിയ ഗർഭനിരോധന ഉറകളുടെ നിർമ്മാതാക്കളിലൊരാളായ എച്ച്എൽഎൽ ലൈഫ് കെയറുമായി സഹകരിച്ച് വിവിധ മെട്രോ സ്റ്റേഷനുകളിൽ കോണ്ടം വെൻഡിംഗ് മെഷീനുകൾ ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ സ്ഥാപിച്ചിരുന്നു. ഗർഭനിരോധനാ നിർദ്ദേശങ്ങൾ, സാനിറ്ററി നാപ്കിനുകൾ തുടങ്ങിയ ആരോഗ്യ ഉൽപ്പന്നങ്ങൾക്കൊപ്പം നിരോദ് കോണ്ടവും ഇത്തരം വെൻഡിംഗ് മെഷീനുകൾക്കൊപ്പം സജ്ജീകരിച്ചിരുന്നു.