ബൾഗേറിയയിലെ വർണ്ണയിൽ നിന്ന് കണ്ടെത്തിയ ലോകത്തിലെ  പഴക്കമേറിയ സ്വർണ്ണശേഖരം മനുഷ്യചരിത്രത്തെക്കുറിച്ചുള്ള ധാരണകളെ മാറ്റിമറിച്ചു. ചെമ്പ് യുഗത്തിലെ ഈ നിധി, 6,600 വർഷങ്ങൾക്ക് മുൻപുതന്നെ സങ്കീർണ്ണമായ സാമൂഹിക ഘടനകൾ നിലനിന്നിരുന്നുവെന്നതിന് തെളിവ് നൽകുന്നു.

നുഷ്യൻ സ്വർണ്ണാഭരണങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് എന്നുമുതലാണ്? ഈ ചോദ്യത്തിന് ചരിത്രകാരന്മാർ നൽകിയിരുന്ന ഉത്തരങ്ങളെല്ലാം തിരുത്തിക്കുറിക്കുന്നതായിരുന്നു ബൾഗേറിയയിലെ വർണ്ണ നഗരത്തിൽ നിന്നും കണ്ടെത്തിയ അപൂർവ്വ സ്വർണ്ണശേഖരം. ലോകത്തിലെ ഏറ്റവും പഴക്കമേറിയ സ്വർണ്ണനിധി എന്നറിയപ്പെടുന്ന ഈ കണ്ടെത്തലിന്‍റെ വിശേഷങ്ങൾ ആരെയും അതിശയിപ്പിക്കുന്നതാണ്.

അതിശയപ്പെടുത്തിയ വർണ്ണ

1972 -ൽ ബൾഗേറിയൻ തീരദേശ നഗരമായ വർണ്ണയിലെ ഒരു വ്യവസായ മേഖലയിൽ സാധാരണ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് തൊഴിലാളികൾ അവിചാരിതമായി ചില ശവകുടീരങ്ങൾ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ ഇവയുടെ പ്രാധാന്യം മനസ്സിലാക്കിയ പുരാവസ്തു ഗവേഷകർ ഖനനം ആരംഭിച്ചു. ഏകദേശം 300-ഓളം ശവകുടീരങ്ങളാണ് ഇവിടെ നിന്നും പിന്നീട് കണ്ടെത്തിയത്.

ചെമ്പ് യുഗത്തിലെ ശ്മശാനം

ബി.സി. 4600 -നും 4300 -നും ഇടയിലുള്ളതാണ് ഈ ശ്മശാനമെന്ന് പിന്നീട് സ്ഥിരീകരിച്ചു. അതായത്, ലോകത്തിലെ പ്രശസ്തമായ പല നാഗരികതകളും രൂപപ്പെടുന്നതിനും എത്രയോ മുൻപ്, 'ചെമ്പ് യുഗത്തിൽ' ജീവിച്ചിരുന്ന ഒരു ജനതയായിരുന്നു ഇതിന് പിന്നിൽ. 6,600 വർഷങ്ങൾക്ക് മുൻപ് തന്നെ അതിസങ്കീർണ്ണമായ രീതിയിൽ സ്വർണ്ണം സംസ്കരിക്കാനും ആഭരണങ്ങൾ നിർമ്മിക്കാനും അവർക്ക് സാധിച്ചിരുന്നു.

Scroll to load tweet…

Scroll to load tweet…

ശവകൂടിരത്തിലെ സ്വർണ്ണ ശേഖരം

ഖനനം ചെയ്ത 300 ശവകുടീരങ്ങളിൽ 62 എണ്ണത്തിൽ മാത്രമാണ് സ്വർണ്ണാഭരണങ്ങൾ ഉണ്ടായിരുന്നത്. ഇതിൽ 'ഗ്രേവ് 43' എന്ന് പേരിട്ടിരിക്കുന്ന കുടീരം ഗവേഷകരെ ഞെട്ടിച്ചു. ആകെ ലഭിച്ച 6 കിലോ സ്വർണ്ണത്തിൽ 1.5 കിലോയും ഈ ഒരു ശവകുടീരത്തിൽ നിന്നായിരുന്നു. 60 വയസ്സിലധികം പ്രായമുള്ള ഒരു ഗോത്രത്തലവന്‍റെതെന്ന് കരുതപ്പെടുന്ന ഈ കുടീരത്തിൽ സ്വർണ്ണ മാലകൾ, വളകൾ, കമ്മലുകൾ എന്നിവ കൂടാതെ സ്വർണ്ണത്തകിട് പൊതിഞ്ഞ ഒരു മഴുവും ഉണ്ടായിരുന്നു. ഏറ്റവും ശ്രദ്ധേയമായത്, അദ്ദേഹം ധരിച്ചിരുന്ന സ്വർണ്ണം കൊണ്ട് നിർമ്മിച്ച ലിംഗാവരണമായിരുന്നു. ഇത് ആ കാലത്തെ പദവിയുടെയോ പുരുഷത്വത്തിന്‍റെയോ അടയാളമായി കണക്കാക്കപ്പെടുന്നു.

അധികാരത്തിന്‍റെ ചരിത്രം

ആദ്യകാല സമൂഹങ്ങൾ സമത്വത്തിൽ വിശ്വസിച്ചിരുന്നവരായിരുന്നു എന്ന പൊതുധാരണയെ വർണ്ണയിലെ കണ്ടെത്തലുകൾ തള്ളിക്കളയുന്നു. ചില ശവകുടീരങ്ങളിൽ സ്വർണ്ണത്തിന്‍റെ അതിപ്രസരവും മറ്റുള്ളവയിൽ ഒന്നുമില്ലാത്തതും അക്കാലത്ത് തന്നെ സമൂഹത്തിൽ വലിയ സാമ്പത്തിക - അധികാര വിഭജനങ്ങൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ സങ്കീർണ്ണ നാഗരികതകളിൽ ഒന്നായി വർണ്ണയെ ഇന്ന് ലോകം അംഗീകരിക്കുന്നു. ഈ അപൂർവ്വ നിധിശേഖരം ഇപ്പോൾ ബൾഗേറിയയിലെ വർണ്ണ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്.