
സ്വന്തമായൊരു വീട് എന്നത് ഏവരുടെയും സ്വപ്നമാണ്. എന്നാല്‍, പലര്‍ക്കും അത് സാധിക്കാറില്ലെന്നത് മറ്റൊരു കാര്യം. ഇന്ന് വീടെന്ന സങ്കല്പം ഫ്ലാറ്റുകൾക്ക് വഴിമാറിയിരിക്കുന്നു. വീടായാലും ഫ്ലാറ്റായാലും തൊട്ടാല്‍ കൈ പൊള്ളുമെന്നത് മറ്റൊരു കാര്യം. അതിനിടെയാണ് ഇന്‍സ്റ്റാഗ്രമില്‍ 24 കാരറ്റില്‍ അലങ്കരിച്ച് ഒരു വീഡിയോ വീഡിയോ പങ്കുവയ്ക്ക്പ്പെടുന്നതും പിന്നാലെ വൈറലാകുന്നതും. ഈ സ്വര്‍ണ്ണാലങ്കൃതമായ വീട്, തായ്‍ലന്‍റിലോ അറബി നാട്ടിലോ യൂറോപ്പ്, യുഎസ്, ചൈന എന്നിവിടങ്ങളിലോ അല്ല. നമ്മുടെ ഇന്ത്യയില്‍ തന്നെ. അതും മധ്യപ്രദേശിലെ ഇന്‍ഡോറില്‍.
വ്യത്യസ്തമായ വീടുകളെ കുറിച്ചും അവയ്ക്ക് പിന്നിലെ കഥകളെ കുറിച്ചും ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോകൾ ചെയ്യുന്ന പ്രീയം സാരസ്വതാണ് ഈ സ്വർണ്ണാലങ്കൃത വീടിനെ കുറിച്ചും വീഡിയോ പങ്കുവച്ചത്. ഫർണിച്ചർ മുതൽ ഇലക്ട്രിക്കൽ സോക്കറ്റുകൾ വരെ എല്ലാം ശുദ്ധമായ സ്വർണ്ണത്തിൽ തിളങ്ങുന്ന ഒരു വീടാണത്. വീട്ടിലേക്ക് കയറിക്കോട്ടെ എന്ന് ചോദിച്ച് കൊണ്ട് തുടങ്ങുന്ന വീഡിയോയില്‍ ആദ്യം വീട്ടിലെ ഗോശാലയും പിന്നീട് വിന്‍റേജ് കാറുകളുമാണ് കാണിക്കുന്നത്. 1936 ലെ വിന്‍റേജ് മെഴ്‌സിഡസ് ഉൾപ്പെടെ നിരവധി ആഡംബര വാഹനങ്ങൾ ഉൾക്കൊള്ളുന്ന അതിശയിപ്പിക്കുന്ന കാർ ശേഖരമാണ് അവിടെ കാണാന്‍ കഴിയുക.
വീടില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാർത്ഥ 24 കാരറ്റ് സ്വർണ്ണമാണെന്ന് വീട്ടുടമസ്ഥന്‍ പറയുന്നത് കേൾക്കാം. അലങ്കാരങ്ങൾ മുതൽ ഇലക്ട്രിക്കൽ സോക്കറ്റുകൾ വരെ എല്ലായിടത്തും സ്വർണ്ണം . സോക്കറ്റുകൾ പോലും സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് അത്ഭുതത്തോടെ പ്രീയം തന്‍റെ വീഡിയോയില്‍ പറയുന്നു. തുടർന്ന് വീട്ടുടമയുടെ ജീവിതത്തെ കുറിച്ച് പ്രീയം ചോദിക്കുമ്പോൾ. ഒരു പെട്രോൾ പമ്പ് മാത്രം ഉണ്ടായിരുന്ന 25 പേരടങ്ങുന്ന ഒരു കൂട്ടുകുടുംബമായിരുന്നെന്നും ഈയൊരു വരുമാനം കൊണ്ട് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതിനാല്‍ സര്‍ക്കാര്‍ കോണ്‍ട്രാക്റ്റുകൾ ഏറ്റെടുത്ത് നടത്താന്‍ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.
സർക്കാരിന് വേണ്ടി റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിർമ്മിച്ചു. ഇന്ന് 300 മുറികളുള്ള ഒരു ഹോട്ടൽ നിർമ്മിക്കുകയാണെന്നും വീട്ടുടമസ്ഥന്‍ പറയുന്നു. വീഡിയോ ഇതിനകം ഒരു കോടി എണ്‍പത്തിയേഴ് ലക്ഷം പേരാണ് കണ്ടത്. ഏതാണ്ട് 10 ലക്ഷത്തിന് മേലെ കാഴ്ചക്കാര്‍ വീഡിയോയ്ക്ക് ലൈക്ക് ചെയ്തു. നിരവധി പേര്‍ വീട്ടുടമസ്ഥന്‍റെ സുരക്ഷയില്‍ ആശങ്ക ഉന്നയിച്ചു. ചിലര്‍ സിനിമ പോലൊരു ജീവിതം എന്നായിരുന്നു പ്രതികരിച്ചത്. എന്‍റെ സ്വപ്നം പോലും ഇത്രയ്ക്ക് മനോഹരമല്ലെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ഒരു കാഴ്ചക്കാരി അത് അനൂപ് അഗര്‍വാൾ എന്ന ബിസിനസുകാരനാണെന്ന് കുറിച്ചു. ചിലര്‍ രാജ്യത്ത് ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും പണക്കാരന്‍ കൂടുതല്‍ ധനികനുമാകുന്ന സാമൂഹികാവസ്ഥയെ കുറിച്ച് എഴുതി. മറ്റ് ചിലർ സര്‍ക്കാറിന്‍റെ പണം ഇങ്ങനെയുള്ള വീടുകളിലാണ് കൂടുതലും കാണാൻ കഴിയുക എന്നായിരുന്നു കുറിച്ച്.