
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വേയില്‍, പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍ നിന്നുള്ള വീഡിയോകളില്‍ ട്രെയിനുകളുടെ ജനൽചില്ലുകളും മറ്റും തല്ലിത്തകര്‍ത്ത് അകത്ത് കയറാന്‍ ശ്രമിക്കുന്ന സാധാരണക്കാരുടെ നിരവധി വീഡിയോകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴും അത്തരം വീഡിയോകൾക്ക് പഞ്ഞമൊന്നുമില്ല. ഈ വീഡിയോകൾക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നതിന് പിന്നാലെ ഇന്ത്യക്കാരുടെ സിവിക് സെന്‍സിനെ കുറിച്ച് നിരവധി കുറിപ്പുകളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുക. ഇതില്‍ ഇന്ത്യക്കാര്‍ക്ക് സിവിക് സെന്‍സ് കുറവാണെന്ന പരാതികളാണ് കൂടുതലും. എന്നാല്‍, ജനങ്ങളുടെ പൗരബോധക്കുറവ് മാത്രമാണോ കാരണം? കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ ഇത് സംബന്ധിച്ച് ഒരു ചര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടു.
ലിറ്റില്‍ ഫ്യൂവൽ എന്ന റെഡ്ഡിറ്റ് അക്കൗണ്ടില്‍ നിന്നും ഇന്ത്യന്‍ റെയില്‍വേസ് എന്ന ടാഗ് ലൈനിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'Just look at them' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ജോധ്പൂരിൽ നിന്ന് റെവാരിയിലേക്ക് പോകുന്ന ട്രെയിനാണെന്ന് സ്റ്റേഷനില്‍ നിന്നുള്ള അനൗണ്‍സ്മെന്‍റിൽ പറയുന്നത് കേൾക്കാം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ആളുകളോട് ആവശ്യപ്പെടുന്നു. വീഡിയോയില്‍ ഒരു റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയിട്ടിരിക്കുന്ന ട്രെയിനില്‍ കയറാനുള്ള ആളുകളുടെ ബഹളമായിരുന്നു. പ്ലാറ്റ് ഫോം ഇല്ലാത്ത വശത്ത് കൂടി ട്രെയിനിൽ കയറിപ്പറ്റാനുള്ള ആളുകളുടെ തിരക്കായിരുന്നു അത്. എതാണ്ട് 10 മിനിറ്റോളം വണ്ട് അവിടെ നിര്‍ത്തിയിടുമെന്നും ഓരോരുത്തർക്കും പതുക്കെ കയറാനുള്ളതേയുള്ളുവെന്നും കുറപ്പില്‍ വ്യക്തമാക്കുന്നു. എന്നിട്ടും ആളുകൾ ഞാനാദ്യം ഞാനാദ്യം എന്ന തരത്തില്‍ തിക്കിത്തിരക്കി കയറാന്‍ ശ്രമിക്കുന്നതോടെ ആര്‍ക്കും കയറാന്‍ പറ്റാതാകുന്നു.
വീഡിയോ നെറ്റിസണ്‍സിനെ ഞെട്ടിച്ചു. നിരവധി പേര്‍ പൗരബോധത്തിന്‍റെ കുറവാണെന്ന് ചൂണ്ടിക്കാട്ടി. മറ്റ് ചിലര്‍ ദീര്‍ഘദൂര യാത്രയില്‍ സീറ്റ് പിടിക്കാനുള്ള തത്രപ്പാടാണെന്ന് എഴുതി. അതൊരു ജനറൽ ക്ലാസ് ബോഗിയാണെന്നും അതിനാല്‍ ആദ്യം കയറിയാല്‍ സീറ്റ് ലഭിക്കുമെന്നത് കൊണ്ടാണ് മനുഷ്യർ ഇത്തരത്തില്‍ പെരുമാറുന്നതെന്നും മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. അതേസമയം ഇന്ത്യന്‍ റെയില്‍വേ ഇന്ന് സാധാരണക്കാരെക്കാൾ കൂടുതല്‍ മധ്യവര്‍ഗ്ഗത്തിന് വേണ്ടിയാണ് ഓടുന്നതെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. സാധാരണക്കാരുടെ ജനറൽ കമ്പാർട്ടുമെന്‍റുകൾ വെട്ടിക്കുറച്ച റെയില്‍വേ, റിസർവേഷന്‍ കമ്പാർട്ടുമെന്‍റുകളുടെ എണ്ണം കൂട്ടി. ഇതോടെ സാധാരണക്കാര്‍ക്ക് യാത്ര വളരെ ദുഷ്ക്കരമായി. അത്തരമൊരു അവസ്ഥയില്‍ സാധാരണക്കാര്‍ ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് പെരുമാറുകയെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്.