രക്താർബുദം ബാധിച്ച ഭാര്യയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടിയ ചൈനീസ് മധുരക്കിഴങ്ങ് വ്യാപാരിക്ക് അജ്ഞാതൻ 50 ടൺ മധുരക്കിഴങ്ങ് സമ്മാനിച്ചു. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് വൈറലായതിനെ തുടർന്നാണ് ഇദ്ദേഹത്തിന് അപ്രതീക്ഷിത സഹായം ലഭിച്ചത്.
ഭാര്യയുടെ രക്താർബുദ ചികിത്സയ്ക്ക് പണം കണ്ടെത്താൻ പാടുപെടുന്ന മധുരക്കിഴങ്ങ് കച്ചവടക്കാരന് അജ്ഞാതനായൊരാൾ സമ്മാനിച്ചത് 50 ടണ്‍ മധുരക്കിഴങ്ങ്. ഭാര്യയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്ന ചൈനീസ് വ്യാപാരിക്കാണ് അത്യപൂർവ്വമായൊരു സഹായം ലഭിച്ചതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ജിനാനിലെ ഒരു തെരുവ് കടയിൽ മധുരക്കിഴങ്ങ് വിൽക്കുന്ന 35 വയസ്സുള്ള ജിയ ചാങ്‌ലോങിന്‍റെ ഭാര്യയ്ക്കായിരുന്നു ബ്ലഡ് ക്യാൻസർ ബാധിച്ചത്.
ഭാര്യയുടെ ചികിത്സ
ജിയ ചാങ്‌ലോങും ലി എന്ന് കുടുംബ പേരുള്ള ഭാരയും എട്ട് വയസുകാരൻ മകനും യാൻറായിയിലാണ് താമസിക്കുന്നത്. ജിയയും ലിയും വിവാഹിതരാകുന്നതിന് മുമ്പ് സെക്കൻഡറി സ്കൂൾ സഹപാഠികളായിരുന്നു. ഒരു വീട്ടമ്മയായ ലിക്ക് ജൂലൈയിൽ അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ഉണ്ടെന്ന് കണ്ടെത്തി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം, അവർ ഇപ്പോൾ വീട്ടിൽ സുഖം പ്രാപിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ലീയുടെ ചിക്തിത്സയ്ക്കായി 3,50,000 യുവാൻ (38.70 ലക്ഷം ഇന്ത്യൻ രൂപ) ഇതിനകം ചെലവായി. ചികിത്സയുടെ രണ്ടാം ഘട്ടമായ അസ്ഥിമജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 4,00,000 യുവാൻ (51.60 ലക്ഷം രൂപ) കൂടി ആവശ്യമാണ്. എന്നാൽ മരുന്നുകളെല്ലാം കൂടിയാകുമ്പോൾ മൊത്തം ചെലവ് രണ്ട് ദശലക്ഷം യുവാൻ വരെ ഉയരും. ഇതുവരെയുള്ള ചികിത്സയ്ക്കായി സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കടം വാങ്ങുകയായിരുന്നു. പരിചയക്കാരിൽ നിന്നെല്ലാം ഇതിനകം കടം വാങ്ങിക്കഴിഞ്ഞെന്നും വീട്ടിലെ കമ്പ്യൂട്ടർ പോലും ചികിത്സയ്ക്കായി വിറ്റു. ഇനി വീട്ടിൽ വില്ക്കാനൊന്നും ബാക്കിയില്ലെന്നും ജിയ പറയുന്നു.
50 ടണ്‍ മധുരക്കിഴങ്ങ്
ചികിത്സയ്ക്ക് പണം കണ്ടെത്താൻ മറ്റ് മാർഗമില്ലെന്ന് വ്യക്തമായപ്പോൾ ജിയ തന്‍റെ ജീവിത സാഹചര്യങ്ങൾ സമൂഹ മാധ്യമത്തിലെഴുതി. കുറിപ്പ് പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ നിരവധി പേർ ജിയയ്ക്ക് ചെറിയ തുകകൾ അയച്ച് നൽകി. എന്നാൽ അപ്രതീക്ഷിതമായൊരു സന്ദേശം ജിയെ ഞെട്ടിച്ചു. ഫാങ് എന്ന 50 വയസ്സുള്ള ഒരാളിൽ നിന്നാണ് സന്ദേശം വന്നത്, അയാൾ ജിയയ്ക്ക് 50 ടണ്‍ മധുരക്കിഴങ്ങായിരുന്നു നൽകാമെന്ന് ഏറ്റത്. അത് വിറ്റ് ഭാര്യയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനും അദ്ദേഹം നിർദ്ദേശിച്ചു.
സ്വന്തമായി മധുരക്കിഴങ്ങ് കൃഷിയും വില്പനയും ഉണ്ടെങ്കിലും അത് പരിമിതമായ രീതിയിൽ ആയിരുന്നു. അതിനാൽ വലിയ സംഭരണ ശാലകൾ ജിയയ്ക്ക് കണ്ടെത്തേണ്ടിന്നു. അങ്ങനെ 1,000 കിലോയുള്ള പല ബാച്ചുകളായി മധുരക്കിഴങ്ങിന്‍റെ ട്രക്കുകൾ ജിയയെ തേടിയെത്തി. ജിയ പ്രദേശത്തെ മാർക്കറ്റിന്‍റെ പ്രവേശന കവാടത്തിൽ "ഗ്രാറ്റിറ്റ്യൂഡ് ചാരിറ്റി സെയിൽ" എന്ന ബോർഡ് തൂക്കി. തന്‍റെ ജീവിതാവസ്ഥ അദ്ദേഹം കുറിച്ച് വച്ചു. ഡിസംബർ 25 ആയപ്പോഴേക്കും ആദ്യ ബാച്ച് മധുരക്കിഴങ്ങ് വിറ്റുതീർന്നു, ഏകദേശം 5,000 യുവാൻ അദ്ദേഹത്തിന് ലഭിച്ചു. പിന്നെയും സാധനമെത്തി. അതും അദ്ദേഹം വില്പനയ്ക്ക് വച്ചു. തന്നെ സഹായിച്ചയാൾക്കും തന്‍റെ കടയിലെത്തി സാധനങ്ങൾ വാങ്ങിയവർക്കും ജിയ നന്ദി പറയുന്നു.


