
രാജസ്ഥാനിലെ ബുന്ദിയോടടുത്തുള്ള രാംഗഡ് വിത്ധരി ടൈഗര്‍ റിസര്‍വില്‍ നിന്നും രോഗിയും മുറിവേറ്റതുമായ ഒരു പുള്ളിപ്പുലി ഗ്രാമത്തിലേക്ക് ഇറങ്ങിയത് ഗ്രാമവാസികളെ ഭയപ്പെടുത്തിയില്ല. അതിന്‍റെ ആരോഗ്യം ക്ഷയിച്ചെന്ന് തിരിച്ചറിഞ്ഞ ഗ്രാമവാസികൾ പുള്ളിപ്പുലിയുടെ കഴുത്തില്‍ നീള്ളമുള്ള ഒരു കയർ കൊട്ടി ഗ്രാമത്തിലൂടെ പരേഡ് നടത്തി. സംഭവത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
രോഗിയായ പുള്ളിപ്പുലി ഭയന്ന അവസ്ഥയിലായിരുന്നു. മാത്രമല്ല, അത് നടക്കാനും ഏറെ ആയാസപ്പെടുന്നത് വീഡിയോയില്‍ കാണാം. പുലി ഇറങ്ങിയ വാര്‍ത്ത ഗ്രാമത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു. പിന്നാലെ പുലിയെ കാണാനായി നാട്ടുകാരൊന്നടങ്കം എത്തിയപ്പോൾ മഴ നനഞ്ഞ് അവശനും രോഗിയുമായി പുള്ളിപ്പുലി നടക്കാന്‍ പോലും കഴിയാതെ ഒരു മരത്തിന് കീഴിയില്‍ കിടക്കുകയായിരുന്നു.
പുലി വളരെ ശാന്തനായിരുന്നെന്നും ഗ്രാമവാസികളെ അക്രമിക്കാന്‍ തുനിഞ്ഞില്ലെന്നും ഫ്രീ പ്രസ് ജേർണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുള്ളിപുലി അക്രമിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ ഗ്രാമവാസികൾ പുലിക്കൊപ്പം സെല്‍ഫികൾ എടുക്കാനാരംഭിച്ചു. ഇതിനിടെയാണ് ഒരു സംഘം പുള്ളിപ്പുലിയുടെ കഴുത്തില്‍ കയര്‍ കൊട്ടി ഗ്രാമത്തിലൂടെ പരേഡ് നടത്തിയത്.
സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍പ്പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലെത്തി. പുള്ളിപ്പുലിയെ മൃഗഡോക്ടർമാര്‍ പരിശോധിച്ച് അവശ്യമായ മരുന്നുകൾ നല്‍കി. പുള്ളിപ്പുലിക്ക് രണ്ട് വയസാണെന്ന് ഉദ്യോഗസ്ഥരാണ് അറിയിച്ചത്. പുള്ളിപ്പുലിയ്ക്ക് പുറമേ പരിക്കുകളില്ലെന്നും നിലവില്‍ കോട്ടയിലെ മൃഗശാലയിലേക്ക് അതിനെ മാറ്റിയതായും ഡിസിഎഫ് അരവിന്ദ് കുമാര്‍ അറിയിച്ചു.