
ആവേശത്തോടെ ഒരോന്ന് ചെയ്യാനായി പുറപ്പെടുക. അവസാനം മണ്ടത്തരം കാണിച്ച് സ്വയം കുഴിയില്‍ ചെന്ന് ചാടുകയെന്നത് ചിലര്‍ക്ക് സ്ഥിരം സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍, ഇതുപോലൊരു അബദ്ധം ആദ്യമായിട്ടായിരിക്കുമെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ ഒരു വീഡിയോ കണ്ട ശേഷം കുറിച്ചത്. സംഗതി ഓസ്ട്രേലിയയില്‍ നടന്ന ഒരു പരാജയപ്പെട്ട തീവെപ്പ് ശ്രമമാണ്. സിബി ന്യൂസ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയാണ് സംഗതി പുറത്ത് കൊണ്ടുവന്നത്.
സൗത്ത് ഓസ്‌ട്രേലിയയിലെ സോളമൺടൗണില്‍ ജൂണ്‍ 16 ന് രാത്രിയാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങളില്‍ ഒരു വീടിന്‍റെ മുന്നില്‍ ഒരു കാറ് വന്ന് നില്‍ക്കുന്നത് കാണാം. പിന്നാലെ ഒരാൾ ഇറങ്ങി വന്ന് കൈയിലുള്ള കുപ്പിയില്‍ നിന്നും വെള്ളം വീടിന് നേര്‍ക്ക് ഒഴിക്കുന്നു. ശേഷം ഇയാൾ കുപ്പിയുമായി കാറില്‍ കയറുന്നു. തൊട്ടുപിന്നാലെ കാറിന്‍റെ പിന്നില്‍ നിന്നും ഒരാൾ ഇറങ്ങിവന്ന് തന്‍റെ കൈയിലുള്ള കുപ്പിയില്‍ നിന്നും വീടിന് നേര്‍ക്ക് വെള്ളത്തിന് സമാനമായ പദാര്‍ത്ഥം ഒഴിക്കുന്നു. ശേഷം ഇയാളും കാറില്‍ കയറുന്നു. പിന്നാലെ കാര്‍ മുന്നോട്ട് എടുക്കാന്‍ തുടങ്ങുമ്പോൾ കാറിനുള്ളില്‍ നിന്നും തീ ഉയരുകയും കാറില്‍ നിന്ന് മൂന്ന് പേര്‍ ഇറങ്ങി ഓടുന്നതും വീഡിയോയില്‍ കാണാം. ഈ സമയം ഉള്ളില്‍ നിന്നും തീ ആളിപ്പടര്‍ന്ന് കൊണ്ട് കാര്‍ മുന്നോട്ട് നീങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
തീ പടര്‍ന്ന് വീടിന്‍റെ മുന്‍ഭാഗം കത്തി നശിച്ചെങ്കിലും വീട്ടുകാര്‍ക്ക് പരിക്കുകളൊന്നുമില്ല. അതേസമയം പ്രതികളെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പരിക്കേല്‍ക്കാന്‍ സാധ്യതയുള്ള അക്രമികൾ വൈദ്യ സഹായം തേടാന്‍ സാധ്യതയുണ്ടെന്നും ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കല്‍ പോലീസിനെ അറിയിക്കണമെന്നും പോലീസ് പറഞ്ഞു. അതേസമയം ഇവര്‍ വീട് കത്തിക്കാനായി പെട്രോളോ അതല്ലെങ്കില്‍ സമാനമായ തീ പിടിക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും പദാര്‍ത്ഥമോ ആകും വീടിലേക്ക് ഒഴിച്ചതെന്നും പോലീസ് പറയുന്നു. വീഡിയോ കണ്ട നിരവധി പേര്‍ ഇപ്പോൾ അപ്പപ്പോഴാണ് കര്‍മ്മഫലമെന്ന് കുറിച്ചു. മറ്റ് ചലര്‍ ഇതുപോലെ മണ്ടന്മാരെ ആദ്യമായി കാണുകയാണെന്നായിരുന്നു എഴുതിയത്.