
യാത്രക്കാര്‍ക്ക് പെട്ടെന്ന് അവരുടെ ലക്ഷ്യ സ്ഥാനങ്ങളിലെത്താനായി നഗരങ്ങൾ കേന്ദ്രീകരിച്ച് ആരംഭിച്ച ബൈക്ക് സര്‍വ്വീസാണ് റാപ്പിഡോ. അത്തരമൊരു റാപ്പിഡോ യാത്രയില്‍, യാത്രക്കാരി തന്‍റെ ഫോണിലെ വീഡിയോ റെക്കോർഡ് ഓണ്‍ ചെയ്ത് നിമിഷങ്ങൾക്കകം ബൈക്ക് മറിഞ്ഞു. പിന്നാലെ തനിക്കൊന്നും പറ്റിയില്ലെന്നും വീണിടത്ത് നിന്നും എഴുന്നേറ്റ് താന്‍ പോയെന്നും കുറിച്ച് കൊണ്ട് യുവതി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കകം വൈറലായി.
അതേസമയം വീഡിയോ പങ്കുവയ്ക്കുന്നതിനൊപ്പം റാപ്പിഡോ ഡ്രൈവറുടെ അശ്രദ്ധമായ ഓടിക്കലിനെ കുറിച്ചും നിയമം പാലിക്കാന്‍ അദ്ദേഹം തയ്യാറാകാത്തതിനെ കുറിച്ചും യുവതി തന്‍റെ കുറിപ്പില്‍ സൂചിപ്പിച്ചു. മറ്റ് തമാശകൾ മാറ്റി നിര്‍ത്തിയാല്‍ തനിക്ക് പ്രശ്നങ്ങളൊന്നുമില്ല. വീഴ്ചയ്ക്ക് ശേഷം മെട്രോ സ്റ്റേഷനിലേക്ക് നടന്ന് പോയി. എന്നാല്‍ റാപ്പിഡോ ഡ്രൈവർ വാഹനമോടിക്കുന്ന രീതിയിൽ എനിക്ക് സുരക്ഷിതത്വം തോന്നാതിരുന്നത് ഇതാദ്യമായിരിക്കാമെന്ന് എഴുതിയ യുവതി, ഡ്രൈവര്‍ ഹെല്‍മറ്റ് ഉപയോഗിക്കാന്‍ തയ്യാറായില്ലെന്നും ഹെല്‍മറ്റ് വേണമെന്ന തന്‍റെ ആവശ്യം ഡ്രൈവര്‍ നിരസിച്ചെന്നും കുറിച്ചു. ഒപ്പം പ്രധാന റോഡുകളിൽ തെറ്റായ വശങ്ങളിലൂടെ അയാൾ പെട്ടെന്ന് വളവുകളും തിരിവുകളും എടുത്തെന്നും ഇത് തന്‍റെ ഹൃദയമിടിപ്പ് വർദ്ധിപ്പിച്ചെന്നും എഴുതി. അതൊരു അപകടകരമായ യാത്രയായി തോന്നിയതിനാലാണ് താന്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
തെറ്റായ രീതിയില്‍ വാഹനം ഓടിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ തിരക്കായതിനാലാണ് അത്തരത്തില്‍ ഓടിക്കുന്നതെന്നായിരുന്നു അയാളുടെ മറുപടി. പാട്ട് കേട്ട് ഇടയ്ക്ക് 'ഹര്‍ ഹര്‍ മഹാദേവ'യെന്ന് ഉറക്കെ ജപിച്ച് കൊണ്ട് ബൈക്ക് ഓടിച്ചിരുന്ന അയാൾ, അവസാനം എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് താഴെ വീഴുകയായിരുന്നു. അതും ദില്ലി പോലീസിന്‍റെ കാറിന് മുന്നിൽ. റാപ്പിഡോ ഡ്രൈവര്‍ക്ക് വീഴ്ചയില്‍ പരിക്കേറ്റു. പോലീസ് കേസൊന്നും എടുത്തില്ല. താന്‍ യാത്രയുടെ പണം മുഴുവനും അയാൾക്ക് നല്‍കിയെന്നും ബാക്കി ദൂരം താന്‍ നടന്ന് പോയെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
റാപ്പിഡോ ആപ്പുമായി ടാഗ് ചെയ്ത കുറിപ്പിൽ അല്പം ഉത്തരവാദിത്വമുള്ള ആളുകളെ ജോലിക്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു. ആര്‍ട്ടിസ്റ്റെന്ന് സ്വയം വിശേഷിപ്പിച്ച പ്രിയങ്കയാണ് തന്‍റെ ഇന്‍സ്റ്റാ അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്. യുവതിയുടെ കുറിപ്പും വീഡിയോയും വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ കുറിപ്പുമായി പിന്നാലെയെത്തി. ചിലര്‍ യുവതി യാത്രയ്ക്കിടെ ഫോണ്‍ ഓണ്‍ ചെയ്തതാണ് അപകടത്തിന് കാരണമെന്ന് വിധിച്ചു. മറ്റ് ചിലര്‍ റാപ്പിഡോ ഡ്രൈവര്‍മാരുടെ അശ്രദ്ധമായ ഡ്രൈവിംഗിനെ കുറിച്ച് പരാതി പറഞ്ഞു. വീഡിയോ വൈറലായതോടെ റാപ്പിഡോയും മറുപടിയായി യുവതിയുടെ വീഡിയോയ്ക്ക് താഴെ കുറിപ്പെഴുതി. 'നിങ്ങൾ സുഖമായിരിക്കുന്നുവെന്ന് സ്ഥിരീകരിച്ചതിന് നന്ദി. നിങ്ങളുടെ അഭ്യർത്ഥന പ്രകാരം, സംഭവത്തില്‍ ഉൾപ്പെട്ട ക്യാപ്റ്റനെതിരെ ഞങ്ങൾ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നും എന്നാൽ, ഭാവിയിലെ റൈഡുകളിൽ സമാനമായ എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കില്‍ ദയവായി ഞങ്ങളെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ലെന്നും' അവരെഴുതി.