
ചെറിയ ചെറിയ തര്‍ക്കങ്ങൾ പോലും ഇപ്പോൾ വളരെ പെട്ടെന്നാണ് വലിയ സംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്നത്. പ്രത്യേകിച്ചും ട്രെയിന്‍ യാത്രകളിൽ ഇത്തരം സംഭവങ്ങൾ ഇന്ന് പതിവായിരിക്കുന്നെന്ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ പറയുന്നു. ഏറ്റവും ഒടുവിലായി ഒരു ട്രെയിന്‍ യാത്രയ്ക്കിടെ സീറ്റിനെ ചൊല്ലി സ്ത്രീകൾ തമ്മില്‍ പരസ്പരം തല്ലു കൂടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സ്ത്രീകൾ തമ്മില്‍ പരസ്പരം തല്ലുന്നതും അസഭ്യവാക്കുകൾ വിളിക്കുന്നതും വീഡിയോയില്‍ കാണാം. സഹയാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
മഞ്ഞ നിറത്തിലുള്ള ചൂരിദാര്‍ ധരിച്ച ഒരു മധ്യവയസ്ക മറ്റൊരു സ്ത്രീയ്ക്ക് അരികിലായി ഇരിക്കാന്‍ ശ്രമിക്കുന്നതോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നത്. അവര്‍ തന്‍റെ ആവശ്യത്തിന് ബലം പ്രയോഗിച്ച് സ്ഥലമുണ്ടാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. നിലവിൽ മൂന്ന് പേര്‍ ആ സീറ്റില്‍ ഇരിക്കുന്നുണ്ട്. അത്യാവശ്യം ഒരാൾക്ക് ഇരിക്കാനുള്ള സ്ഥലം ബാക്കിയുണ്ടെങ്കിലും അല്പം തടിച്ച മധ്യവയസ്കയായ സ്ത്രീ കൂടുതല്‍ സ്ഥലം ആവശ്യപ്പെടുന്നു. ഇതിനായി അവര്‍ ബലം പ്രയോഗിക്കുമ്പോഴാണ് സംഘര്‍ഷമുണ്ടാകുന്നത്. 'ഞാൻ നിന്നെ നിലത്തേക്ക് വലിച്ചെറിയും' എന്ന് അവര്‍ ഇരിക്കുന്ന സ്ത്രീയോട് പറയുന്നതും കേൾക്കാം. ഇതിനിടെ മുന്നിലെ സീറ്റിലിരുന്ന സ്ത്രീയും സംഭവത്തില്‍ ഇടപെടുന്നു. ഇതോടെ തര്‍ക്കം രൂക്ഷമാകുന്നു. സംഭവം കണ്ട് നിന്ന മറ്റൊരാൾ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാളെ ആരും തന്നെ പരിഗണിക്കുന്നില്ല. മൂന്നാമത്തെ സ്ത്രീ താന്‍ വരുന്നത് സ്ഥലം വേറെയാണെന്നും തന്നോട് സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്നും ഭീഷണിപ്പെടുന്നതും വീഡിയോയില്‍ കേൾക്കാം.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടി, പിന്നാലെ നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തി. ഇന്ത്യയിലെ ലോക്കൽ ട്രെയിനുകളിലും എക്സ്പ്രസ് ട്രെയിനുകളിലും ഇത്തരം സംഭവങ്ങൾ ഇന്ന് സാധാരണമായിരിക്കുന്നെന്ന് നിരവധി പേരാണ് എഴുതിയത്. ഇത്തരം സംഭവങ്ങൾ പലപ്പോഴും തിരക്ക്, സീറ്റ് എന്നിവയ്ക്ക് വേണ്ടിയാണ് നടക്കുന്നത്. പ്രത്യേകിച്ച് ലോക്കൽ കംപാർട്ട്മെന്‍റുകളില്‍ റിസർവ് ചെയ്യാത്ത സീറ്റുകളിൽ ടിക്കറ്റില്ലാത്ത യാത്രക്കാർ മൂലമാണ് ഇത്തരം തർക്കങ്ങൾ സാധാരണമാകുന്നത്. അതേസമയം റിസർവേഷന്‍ കോച്ചുകളിലും ഇന്ന് ഇത്തരം പ്രശ്നങ്ങൾ സാധാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ഇന്ത്യന്‍ റെയില്‍വേയിലെ യാത്ര ഒരു തരത്തില്‍ ഇന്ത്യന്‍ പൊതുഗതാഗതത്തിന്‍റെ യഥാര്‍ത്ഥ റിയാലിറ്റി ഷോയാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. വിനോദമെന്നും കൂടുതല്‍ വിദ്യാഭ്യാസം വേണമെന്നുമുള്ള കുറിപ്പുകളും വീഡിയോയ്ക്ക് താഴെയുണ്ടായിരുന്നു. അതേസമയം ഏത് ട്രെയിനില്‍ എപ്പോഴാണ് സംഭവം നടന്നതെന്ന് വീഡിയോയില്‍ സൂചനയില്ല.