
യുഎസില്‍ നിന്നും അടുത്ത കാലത്തായി പുറത്ത് വരുന്ന വാര്‍ത്തകൾ അത്ര ശുഭകരമായതല്ല. പലയിടത്തും അരാജകത്വം അരങ്ങ് വാഴുന്നൂവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുമ്പ് ഒരു ജ്വല്ലറിയിലേക്ക് കാറിടിച്ച് കയറ്റി സ്വർണ്ണവും വെള്ളിയും മോഷ്ടിച്ചതിന് പിന്നാലെ മറ്റൊരു ജ്വല്ലറിയിലേക്ക് ഇരച്ച് കയറിയത് 25 മുഖംമൂടിധാരികൾ. സിനിമാ ദൃശ്യങ്ങളെ വെല്ലുന്ന സംഭവത്തിനൊടുവില്‍ ഒരു മില്യണ്‍ ഡോളറിലധികം വരുന്ന രത്നങ്ങളും സ്വർണ്ണവും മോഷണം പോയെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ തിങ്കളാഴ്ച കാലിഫോർണിയയിലെ സാൻ റാമോണിലെ ഹെല്ലർ ജ്വല്ലേഴ്‌സിലാണ് സംഭവം നടന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ചുറ്റികകൾ, ബാഗുകൾ, തോക്കുകൾ എന്നിവയുമായി അതിക്രമിച്ചു കയറിയ ആയുധധാരികളായ മോഷ്ടാക്കൾ വിലപിടിപ്പുള്ള വസ്തുക്കൾ എടുക്കാനായി ഗ്ലാസ് ഡോറുകൾ തകർക്കുന്നത് നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞു. മോഷണ ശേഷം അക്രമി സംഘം കടയിൽ ഉണ്ടായിരുന്നവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സാൻ റാമോൺ പോലീസ് ഡിപ്പാർട്ട്‌മെന്‍റിലെ ലെഫ്റ്റനന്‍റ് മൈക്ക് പിസ്റ്റെല്ലോ പറയുന്നത് "മോഷ്ടാക്കൾ അകത്തു കയറിയപ്പോൾ തന്നെ അവർ കടയുടെ നിയന്ത്രണവും ഏറ്റെടുത്തു. ലഭ്യമായ ആഭരണങ്ങൾ എല്ലാം അവരെടുത്തു കൊണ്ട് പോയിയെന്നാണ്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആറ് വാഹനങ്ങളിലായാണ് മോഷ്ടാക്കൾ കടയിലേക്ക് എത്തിയത്. മോഷണ ശേഷം ഇവർ രക്ഷപ്പെട്ടതും പുറത്തു കാത്ത് നിന്നിരുന്ന ഈ വാഹനങ്ങളിലാണ്.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ രക്ഷപെടാൻ ഉപയോഗിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുകയാണ്. ഇതിൽ കറുത്ത പാന്‍റെ കറുത്ത ഫുൾക്കൈ ബനിയനും ധരിച്ച മുഖംമൂടിധാരികളായ ഒരു സംഘം ആളുകൾ കടയിലേക്ക് ഇരച്ച് കയറിവരുന്നതും ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടുന്നതും കാണാം. ഇനിതിടെ മറ്റുള്ളവര്‍ ചേര്‍ന്ന് കടയിൽ വച്ചിരുന്ന സ്വര്‍ണ്ണ, രത്നാഭരണങ്ങൾ മോഷ്ടിക്കുന്നു. ഇതിനായി പിക്കാസും ചുറ്റികയും അടക്കമുള്ള ആയുധങ്ങളും ഉപയോഗിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഘം റിസപ്ഷനില്‍ നിന്നും പണം അടക്കം എടുത്താണ് സ്ഥലം വിടുന്നത്. മറ്റ് പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയെന്നും പോലീസ് അറിയിച്ചു.