യുവതിയിൽ നിന്ന് ചെറിയ യാത്രക്ക് അമിത നിരക്ക് ഈടാക്കി ടാക്സി ഡ്രൈവര്‍. ശേഷം യുവതിക്ക് ഉപദേശവും. താൻ കൂടുതൽ പണം വാങ്ങി, ഭാവിയിൽ മീറ്റർ ഉപയോഗിച്ച് മാത്രം യാത്ര ചെയ്യണം ഇങ്ങനെ പറ്റിക്കപ്പെടരുത് എന്നായിരുന്നു ഉപദേശം. 

അമിതമായ ചാർജ്ജ് ഈടാക്കുന്ന അനേകം ടാക്സി ഡ്രൈവർമാരുണ്ട്. അങ്ങനെ പണം പിടിച്ചുപറിച്ച ഒരു അനുഭവമെങ്കിലും ഓരോരുത്തർക്കും പറയാനുണ്ടാവും. എന്നാൽ, അങ്ങനെ പണവും പിടിച്ചുപറിച്ച് നമ്മെ ഉപദേശിക്കാനും വന്നാലോ? അത്തരത്തിൽ വളരെ വിചിത്രമായ അനുഭവമാണ് മുംബൈയിൽ നിന്നുള്ള ഈ യുവതിക്കും ഉണ്ടായിരിക്കുന്നത്. ക്രോഫോർഡ് മാർക്കറ്റിൽ നിന്ന് ചർച്ച്ഗേറ്റിലേക്കുള്ള 7 മിനിറ്റ് യാത്രയ്ക്കാണ് ഡ്രൈവർ യുവതിയിൽ നിന്നും അമിത നിരക്ക് ഈടാക്കിയത്. അത് മാത്രമല്ല, താൻ അമിത നിരക്കാണ് വാങ്ങിയത് എന്ന് യുവതിയോട് ഡ്രൈവർ തുറന്ന് സമ്മതിക്കുകയും ചെയ്തുവത്രെ. അവിടം കൊണ്ടും തീർന്നില്ല, ഇങ്ങനെ പറ്റിക്കപ്പെടരുത് എന്ന് അവളെ ഉപദേശിക്കാനും ഡ്രൈവർ മറന്നില്ല. മീറ്റർ യുവതിയെ കാണിച്ച ശേഷമായിരുന്നു ഡ്രൈവറുടെ ഉപദേശം.

'ഞാൻ മുംബൈയിലെ ക്രോഫോർഡ് മാർക്കറ്റിലായിരുന്നു, വെറും 7 മിനിറ്റ് അകലെയുള്ള ചർച്ച്ഗേറ്റിലേക്ക് ഒരു ടാക്സി വിളിച്ചു. ഡ്രൈവർ 200 രൂപ എന്നാണ് പറഞ്ഞത്, ഞാൻ അത് പറഞ്ഞ് 150 ആയി കുറച്ചു, അദ്ദേഹം ഒരു മടിയും കൂടാതെ സമ്മതിച്ചു' എന്നാണ് എക്സിൽ (ട്വിറ്റർ) മുദ്രിക എന്ന യൂസർ കുറിച്ചിരിക്കുന്നത്. ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ ഡ്രൈവർ എന്താണ് ചെയ്തതെന്ന കാര്യമാണ് അവളെ ഞെട്ടിച്ചത്. മുദ്രിക കുറിക്കുന്നത് ഇങ്ങനെ; - ഞങ്ങൾ അവിടെ എത്തിയപ്പോൾ ഞാൻ അയാൾക്ക് പണം നൽകി, അയാൾ പെട്ടെന്ന് എന്നോട് പറഞ്ഞത് ഇങ്ങനെയാണ്, 'ഞാൻ നിങ്ങളോട് 30-40 രൂപ അധികമാണ് ഈടാക്കിയത്'. പിന്നാലെ എനിക്ക് മീറ്ററും കാണിച്ചുതന്നു. പിന്നീട് പറഞ്ഞു, ‘നോക്കൂ, മീറ്ററിൽ 110 മാത്രമേ കാണിക്കുന്നുള്ളൂ. അടുത്ത തവണ നീ എവിടെയെങ്കിലും പോകുമ്പോൾ, മീറ്ററിട്ടിട്ട് മാത്രമേ പോകാവൂ. നീ ഇവിടെ പുതിയ ആളായതുകൊണ്ടാണ് ഞാൻ ഇത് പറഞ്ഞു തരുന്നത്. ശ്രദ്ധിക്കണം' - ഇത് കേട്ടതും മുദ്രിക ആകെ ഞെട്ടിപ്പോയി.

Scroll to load tweet…

തന്നിൽ നിന്നും കൂടുതൽ പണവും വാങ്ങി തന്നെ സത്യസന്ധമായി ഉപദേശിക്കാൻ ഡ്രൈവർ കാണിച്ച മനസ് ശരിക്കും യുവതിയെ അമ്പരപ്പിച്ചു. എന്തായാലും പുതിയൊകു കാര്യം താൻ ഇതിലൂടെ പഠിച്ചു എന്നാണ് യുവതിയുടെ അഭിപ്രായം. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. മുംബൈയിൽ നിങ്ങളെ പറ്റിച്ചാലും അത് സത്യസന്ധമായിട്ടായിരിക്കും എന്നാണ് പലരും അഭിപ്രായപ്പെട്ടത്.