ആമസോൺ മഴക്കാടുകളിൽ കഴുകന്മാർ പട്ടിണി കിടന്നുചാവുന്നു, വിരൽചൂണ്ടുന്നതെന്തിലേക്ക്? മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍

By Web TeamFirst Published Jul 1, 2021, 10:37 AM IST
Highlights

കൂടുകൾക്ക് ചുറ്റുമുള്ള വനനശീകരണ തോത് കണക്കാക്കാൻ അവർ മാപ്പുകളും ഗൂഗിൾ എർത്തും ഉപയോഗിച്ചു. അതിലൂടെ പലയിടങ്ങളിലും കഴുകന്മാർക്ക് ഭക്ഷണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് മനസിലാക്കാന്‍ സാധിച്ചു. 

ആമസോണ്‍ മഴക്കാടുകളില്ലാതെയാവുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നമുക്കറിയാം. ഇപ്പോള്‍ സംരക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത് പുതിയ ഒരു കാര്യമാണ്. ഈ വനനശീകരണം ലോകത്തിലെ ഏറ്റവും വലിയ കഴുകന്മാരെ ഒന്നടങ്കം ഇല്ലാതാക്കിയേക്കാം എന്നാണ് അവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

ഈ പുതിയ പഠനം പറയുന്നത്, മരങ്ങൾ വെട്ടിമാറ്റിയ ഭാഗങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനില്ലാതെ കഴുകന്മാര്‍ കഷ്ടത്തിലാണ് എന്നാണ്. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ആമസോണ്‍ മഴക്കാടുകളില്‍ 17 ശതമാനമാണ് ഇല്ലാതെയായത്. സമീപകാലത്ത് ഇവിടെ വലിയ തോതിൽ വനനശീകരണം വര്‍ധിച്ചു വരികയാണ്. ഹാർപ്പി കഴുകൻ അമേരിക്കയിലെ ഏറ്റവും വലിയ കഴുകന്മാരാണ്. കുരങ്ങുകളെയും തേവാങ്കുകളെയും വേട്ടയാടുന്നതിനുള്ള വലിയ നഖങ്ങളാണ് ഇവയുടെ പ്രത്യേകത. ഹാര്‍പ്പിയുടെ ഏറ്റവും ഒടുവിലത്തെ അഭയകേന്ദ്രമായിരുന്നു ആമസോണ്‍ മഴക്കാടുകള്‍. ഇവയില്‍ 90 ശതമാനവും ഇവിടെയാണ് വസിക്കുന്നത് എന്നാണ് കരുതുന്നത്. 

വസിക്കാനും ഭക്ഷണം തേടാനും സ്ഥലമില്ലാതായിക്കൊണ്ടിരിക്കുന്ന ആമസോണിലെ മില്ല്യണ്‍ കണക്കിന് ജീവികളില്‍ ഒന്നാണ് ഈ പക്ഷിയെന്ന് യുകെയിലെ ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര പ്രൊഫസർ കാർലോസ് പെരസ് പറഞ്ഞു. മറ്റ് ജീവികളെ അപേക്ഷിച്ച് ഈ കഴുകന്മാരുടെ ആയുസ് കുറവാണ്. അതുകൊണ്ട് തന്നെ വനനശീകരണം ഇങ്ങനെ തുടര്‍ന്നാല്‍ അവ പൂര്‍ണമായും ഇല്ലാതായേക്കാം എന്നും പെരസ് പറയുന്നു. കഴുകന്‍ കുഞ്ഞുങ്ങളെ ഇവിടെ നിന്നും മാറ്റി സംരക്ഷിക്കുക, അവയ്ക്ക് ഭക്ഷണമെത്തിക്കുക തുടങ്ങിയ സംരക്ഷണ നടപടികള്‍ ഇവയുടെ വര്‍ഗത്തെ നിലനിര്‍ത്താന്‍ ഏറെ നിര്‍ണായകമാകുമെന്നും പെരസ് കൂട്ടിച്ചേര്‍ത്തു. 

ലോകത്തിലെ ഏറ്റവും വലിയ പരുന്ത് വര്‍ഗത്തില്‍ പെട്ട പക്ഷികളാണ് ഹാർപി കഴുകൻ (ഹാർപിയ ഹാർപിജ), പ്രായപൂർത്തിയായ പെണ്‍കഴുകന് 10 കിലോഗ്രാം വരെ ഭാരമുണ്ടാവും. മധ്യ അമേരിക്ക മുതൽ വടക്കൻ അർജന്റീന വരെയുള്ള ഉഷ്ണമേഖലാ വനങ്ങളിൽ പക്ഷികൾ വസിക്കുന്നുണ്ടെങ്കിലും അവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. വേട്ടയാടലും വനനശീകരണവുമെല്ലാം ഇതിന് കാരണങ്ങളായി. ബ്രസീൽ, പനാമ, സുരിനാം എന്നിവയുൾപ്പെടെ നിരവധി ഇടങ്ങളിൽ നിയമ പരിരക്ഷയുണ്ടെങ്കിലും, വനമേഖലയിലെ വിദൂര പ്രദേശങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കാൻ പ്രയാസമാണ്. 

പഠനത്തിൽ, ദക്ഷിണാഫ്രിക്കയിലെ ക്വാസുലു-നതാൽ സർവകലാശാലയിലെ ഡോ. എവർട്ടൺ മിറാൻഡയുടെ നേതൃത്വത്തിൽ ഗവേഷകർ ബ്രസീലിലെ മാറ്റോ ഗ്രോസോയിലെ ആമസോണിയൻ വനങ്ങളിൽ 16 കൂടുകളാണ് ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിച്ചത്. കൂടുകൾക്ക് ചുറ്റുമുള്ള വനനശീകരണ തോത് കണക്കാക്കാൻ അവർ മാപ്പുകളും ഗൂഗിൾ എർത്തും ഉപയോഗിച്ചു. അതിലൂടെ പലയിടങ്ങളിലും കഴുകന്മാർക്ക് ഭക്ഷണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് മനസിലാക്കാന്‍ സാധിച്ചു. 50-70% വനനശീകരണമുള്ള സ്ഥലത്ത്, മൂന്ന് കഴുകന്മാർ പട്ടിണി മൂലം മരിച്ചു, 70% -ത്തിലധികം വനനശീകരണം നടക്കുന്ന പ്രദേശങ്ങളിൽ കൂടുകളൊന്നും കണ്ടെത്തിയില്ല. 

പകുതിയിലധികം മരങ്ങളില്ലാതെയായ പ്രദേശങ്ങളില്‍ കഴുകന്മാര്‍ക്ക് കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം കണ്ടെത്താനായില്ല എന്നും, മാറ്റോ ​ഗ്രോസോയിലെ ചില പ്രദേശങ്ങള്‍ പ്രജനനത്തിനും യോജിക്കുന്നില്ലായെന്നും കണ്ടെത്തി. പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് സയന്‍റിഫിക് റിപ്പോര്‍ട്ട്സിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!