വെള്ളമില്ല, ജീവൻ തന്നെ പണയപ്പെടുത്തി കിണറിലിറങ്ങി പെൺകുട്ടികൾ, മനുഷ്യച്ചങ്ങലയായി ​ഗ്രാമീണർ

By Web TeamFirst Published Jun 21, 2021, 11:22 AM IST
Highlights

അങ്ങനെ ഗ്രാമീണര്‍ ഒരു വഴി കണ്ടെത്തി. ഏറെയും കുട്ടികളും സ്ത്രീകളും അടങ്ങുന്ന ആ സംഘം മനുഷ്യച്ചങ്ങല പോലെ നിന്നു. ബക്കറ്റും കുടങ്ങളുമായി വരിവരിക്ക് നിന്ന് അവര്‍ കിണറില്‍ നിന്നുമെടുക്കുന്ന വെള്ളം കൈമാറി കൈമാറി ഓരോരുത്തരുടെയും പാത്രങ്ങളിൽ നിറച്ചു. 

ഇന്ത്യ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നാണ് ജലക്ഷാമം. ഇന്ത്യയിലെ പല ​ഗ്രാമങ്ങളിലും കുടിക്കാനോ കൃഷി ചെയ്യാനോ വെള്ളമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടിലാണ്. ഈ ​ഗ്രാമത്തിലെയും അവസ്ഥ മറ്റൊന്നായിരുന്നില്ല. ആ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് വെള്ളത്തിന് വേണ്ടി ആകെ ആശ്രയിക്കാനുണ്ടായിരുന്നത് ഒരേയൊരു ഹാന്‍ഡ് പമ്പാണ്. എന്നാല്‍, അതിലെ വെള്ളവും വറ്റിയതോടെ അവരാകെ പെട്ടുപോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍, വെള്ളമില്ലാതെ എങ്ങനെ ജീവിക്കും. അങ്ങനെ വെള്ളമെത്തിക്കാന്‍ അവരൊരു വഴി കണ്ടു. ഗ്രാമത്തിലെ സ്ത്രീകളും കുട്ടികളും ചേര്‍ന്ന് ഒരു മനുഷ്യച്ചങ്ങല തന്നെ നിര്‍മ്മിച്ച് ഗ്രാമത്തിലെ അകലെയുള്ള ഒരു ആഴമുള്ള കിണറിൽ നിന്നും വെള്ളം വീടുകളിലെത്തിച്ചു. 

മധ്യപ്രദേശിലെ ബൊര്‍ഖേഡി എന്ന ഗ്രാമത്തിലുള്ള ജനങ്ങളാണ് ഇങ്ങനെ വെള്ളം എത്തിച്ചത്. ഇവിടെ അറുന്നൂറോളം പേരടങ്ങുന്ന ഗ്രാമീണര്‍ക്ക് വെള്ളത്തിന് വേണ്ടി ആശ്രയിക്കാനായി ആകെയുണ്ടായിരുന്നത് ഒരു ഹാന്‍ഡ് പമ്പ് മാത്രമാണ്. എന്നാല്‍, അതിലും വെള്ളം ലഭിക്കാതായതോടെ ഗ്രാമീണര്‍ക്ക് വെള്ളം കണ്ടെത്താനായി മറ്റ് വഴികള്‍ തേടേണ്ടി വന്നു. അങ്ങനെ അകലെയുള്ള ഒരു ആഴമുള്ള കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ ഗ്രാമീണര്‍ തീരുമാനിച്ചു. അതിലിറങ്ങി വെള്ളമെടുക്കുക, അത്രയും ദൂരം നടക്കുക എന്നതൊക്കെ വളരെയധികം പ്രയാസമുള്ള കാര്യം തന്നെയായിരുന്നു. 

അങ്ങനെ ഗ്രാമീണര്‍ ഒരു വഴി കണ്ടെത്തി. ഏറെയും കുട്ടികളും സ്ത്രീകളും അടങ്ങുന്ന ആ സംഘം മനുഷ്യച്ചങ്ങല പോലെ നിന്നു. ബക്കറ്റും കുടങ്ങളുമായി വരിവരിക്ക് നിന്ന് അവര്‍ കിണറില്‍ നിന്നുമെടുക്കുന്ന വെള്ളം കൈമാറി കൈമാറി ഓരോരുത്തരുടെയും പാത്രങ്ങളിൽ നിറച്ചു. ചെറിയ പെണ്‍കുട്ടികളാണ് കിണറിലിറങ്ങി വെള്ളം കോരിയതും പടവുകളിലായി നിന്ന് വെള്ളം മുകളിലേക്കെത്തിച്ചതും. എല്ലാവരുടെയും കുടങ്ങള്‍ നിറഞ്ഞു കഴിഞ്ഞപ്പോള്‍ അവര്‍ ഒരുമിച്ച് വീട്ടിലേക്ക് യാത്ര തിരിച്ചു. കാലങ്ങളായി ജലക്ഷാമം നേരിടുന്ന ജനതയാണ് ഇവിടെയുള്ളത്. അധികൃതരുടെ അടുത്ത് പറഞ്ഞു എങ്കിലും നടപടികളൊന്നും ഉണ്ടായില്ല. ഏതായാലും ഇങ്ങനെ വെള്ളമെടുക്കുന്ന ​ഗ്രാമീണരുടെ വാർത്തയും വീഡിയോയും പ്രചരിച്ചതോടെ എന്തെങ്കിലും നടപടിയാവും എന്നാണ് കരുതുന്നത്.

ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം ഇന്ത്യ ജലദൗര്‍ലഭ്യം നിലനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ്. ഇന്ത്യയിലെ വിദൂരഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്കിടയിലെ വലിയ തോതിലാണ് ജലക്ഷാമം അനുഭവപ്പെടുന്നത്. അതിലൊരു ഗ്രാമം തന്നെയാണ് ബൊര്‍ഖേഡിയും. 

click me!