
യുഎസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയദുരന്തങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം ടെസ്ക്സസില്‍ സംഭവിച്ചത്. യുഎസിന്‍റെ സ്വാതന്ത്ര അവധിയായ ജൂലൈ 4 ന് തലേന്ന് തുടങ്ങിയ പേമാരി ഒരു മണിക്കൂറിനുള്ളില്‍ ഗ്വാഡലൂപ്പ് നദിയിലെ ജനനിരപ്പ് 22 അടിയാണ് ഉയർന്നത്. അപ്രതീക്ഷിത പേമാരിയില്‍ ഇതുവരെയായി 78 പേരുടെ മരണം സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.
മണിക്കൂറുകൾക്കുള്ളില്‍ മൂന്ന് നില കെട്ടിടത്തോളം വെള്ളം ഒഴുകിയെത്തിയപ്പോക്ഷ മധ്യ ടെക്സാസിലെ കെർ കൗണ്ടിയുടെ ചില ഭാഗങ്ങൾ മുങ്ങിപ്പോയി. അവധി ദിനമായതില്‍ ഹണ്ട് പട്ടണത്തിലെ നദി തീരത്ത് ക്യാമ്പ് മിസ്റ്റിക് എന്ന പതിമൂന്നും പതിനഞ്ചും വയസുള്ള കുട്ടികളുടെ സമ്മർ ക്യാമ്പ് സജീവമായിരുന്നു. ക്യാമ്പില്‍ പങ്കെടുത്ത 28 പെണ്‍കുട്ടികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവരില്‍ 18 പേര്‍ കൗമാരക്കാരും 10 കുട്ടികളുമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ.
പ്രദേശത്ത് നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോകളില്‍ ദുരന്തത്തിന്‍റെ ഭീകരത വെളിവാക്കുന്നു. 'ഞങ്ങൾ ഒഴുകിപ്പോവുകയാണ്...' മധ്യ ടെക്സസ് സ്വദേശിനിയായ ജോയ്സ് ബാന്‍ഡൻ അയച്ച അവസാന സന്ദേശം രക്ഷാപ്രവര്‍ത്തരെ കാണിക്കുമ്പോൾ ബാന്‍ഡന്‍റെ കുടുംബം വിതുമ്പുകയായിരുന്നു. വ്യാഴാഴ്ച രാത്രി മുഴുവന്‍ പെയ്ത മഴ, വെള്ളിയാഴ്ച രാവിലെയോടെ മഹാദുരന്തത്തിന് കാരണമായി.
'പുലർച്ചെ നാലു മണിയോടെ അവരുടെ വീട് തകർന്നു, അവർ ഒഴുകിപ്പോയി. അവരുടെ സെൽഫോണിൽ നിന്ന് കുടുംബത്തിന് ലഭിച്ച അവസാന സന്ദേശം 'ഞങ്ങൾ ഒഴുകിപ്പോകുന്നു' എന്നായിരുന്നു, പിന്നാലെ ഫോൺ ഓഫായി," രക്ഷാപ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്നു ലൂയിസ് ഡെപ്പെ പറഞ്ഞതായി എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്യുന്നു. അടിഞ്ഞ് കൂടിയ ചളിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമായിരിക്കുകയാണ് മൂന്നോ നാലോ പേരടങ്ങുന്ന ഗ്രൂപ്പുകളായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളും ബന്ധുക്കളുമാണ് പ്രധാനമായും രക്ഷാപ്രവര്‍ത്തനത്തിനുള്ളത്.
ചില മൃതദേഹങ്ങൾ പത്ത് അടിയുള്ള മരത്തിന് മുകളില്‍ നിന്നാണ് കണ്ടെത്തിയത്. ഇത് കൂടുതല്‍ മുൃതദേഹങ്ങൾ ഉയര്‍ന്ന മരങ്ങളിലും മറ്റും കൂടുങ്ങിക്കെടക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചു. നിലവില്‍ നദിയിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും അടിഞ്ഞ് കൂടിയ ചളിയും മാലിന്യങ്ങളും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നു. കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ പ്രദേശത്ത് ആവശ്യമുണ്ടെന്നും ഡെപ്പെ വ്യക്തമാക്കി.