വർക്ക് ഫ്രം ഹോമിനിടെ പുറത്തുപോയി, ജോലിയിൽനിന്ന് പിരിച്ചുവിട്ട യുവതി പിഴയടക്കേണ്ടത് മൂന്നുലക്ഷം രൂപ

By Web TeamFirst Published Jan 18, 2023, 2:56 PM IST
Highlights

കോടതിയിൽ കമ്പനി അധികൃതർ സോഫ്റ്റ്‌വെയറിന്റെ ആധികാരികതയും ഫലപ്രാപ്തിയും തെളിയിക്കുകയും കമ്പനി നിർദ്ദേശിച്ച സമയത്തിൽ അധികസമയവും യുവതി മറ്റു വ്യക്തിപരമായ കാര്യങ്ങൾക്കായാണ് ചിലവഴിച്ചതെന്നും കോടതിയിൽ തെളിയിച്ചു.

പല കമ്പനികളും അവരുടെ ജീവനക്കാർക്ക് ഓഫീസിൽ വന്നിരുന്നു ജോലി ചെയ്യുന്നതോടൊപ്പം തന്നെ വർക്ക് ഫ്രം ഹോമുകളും അനുവദിച്ചു കൊടുക്കാറുണ്ട്. ഇങ്ങനെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി കൊവിഡ് കാലത്താണ് നമ്മുടെ നാട്ടിൽ ഏറെ സുപരിചിതമായത്. ഓഫീസിൽ പോയി ജോലി ചെയ്യുന്നതിനേക്കാൾ പലർക്കും ഇന്ന് താല്പര്യവും വർക്ക് ഫ്രം ഹോം ആണ്. സ്വസ്ഥമായി വീട്ടിലിരുന്ന് ജോലി ചെയ്യാം എന്നതുകൊണ്ട് മാത്രമല്ല പലരും ഈ ജോലി രീതിയെ ഏറെ ഇഷ്ടപ്പെടുന്നത്. ഇടയ്ക്ക് കുറച്ച് സമയമൊക്കെ ജോലിയിൽ നിന്നും മുങ്ങാം എന്നുള്ളതുകൊണ്ട് കൂടിയാണ്. എന്നാൽ, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ കൃത്യമായി നിരീക്ഷിക്കാൻ ടൈം ക്യാമ്പ് എന്ന പേരിൽ ഒരു സോഫ്റ്റ്‌വെയർ നിർമ്മിച്ചിരിക്കുകയാണ് ഒരു ബ്രിട്ടീഷ് കൊളംബിയ കമ്പനി.

ഏതായാലും സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ തന്നെ ആദ്യ ഇരയെയും കിട്ടി. ബ്രിട്ടീഷ് കൊളംബിയ കമ്പനിയിലെ അക്കൗണ്ടൻറ് ആയ കനേഡിയൻ യുവതിക്കാണ് പണി കിട്ടിയത്. കമ്പനി നിർദ്ദേശിച്ച ജോലി സമയത്തിനിടയിൽ വീട്ടിൽ നിന്നും പുറത്തു പോയ യുവതിയെ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പിടികൂടി എന്ന് മാത്രമല്ല ജോലിയിൽ നിന്ന് പിരിച്ചുവിടുകയും കമ്പനിയുടെ സമയം അപഹരിച്ചതിന് മൂന്നുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ബെസ്സ എന്ന യുവതിക്കാണ് സോഫ്റ്റ്‌വെയറിന്റെ ഇടപെടലിൽ ജോലി നഷ്ടമായത്.

എന്നാൽ, സോഫ്റ്റ്‌വെയറിന്റെ ആധികാരികതയെ ബെസ്സെ ചോദ്യം ചെയ്യുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു എന്ന് ആരോപിച്ചുകൊണ്ട് കോടതിയെ സമീപിക്കുകയും ചെയ്തു. താൻ ജോലി ചെയ്ത ശമ്പളം പോലും നൽകാതെ തന്നെ പിരിച്ചുവിട്ട കമ്പനി ഉടമ 3.3 ലക്ഷം രൂപ തനിക്ക് നഷ്ടപരിഹാരമായി നൽകണമെന്നായിരുന്നു ബെസ്സെയുടെ ആവശ്യം. 

എന്നാൽ, കോടതിയിൽ കമ്പനി അധികൃതർ സോഫ്റ്റ്‌വെയറിന്റെ ആധികാരികതയും ഫലപ്രാപ്തിയും തെളിയിക്കുകയും കമ്പനി നിർദ്ദേശിച്ച സമയത്തിൽ അധികസമയവും യുവതി മറ്റു വ്യക്തിപരമായ കാര്യങ്ങൾക്കായാണ് ചിലവഴിച്ചതെന്നും കോടതിയിൽ തെളിയിച്ചു. ഇതോടെ കോടതി കമ്പനിയുടെ വാദം ശരിവെക്കുകയും അന്യായമായ കമ്പനിയുടെ സമയം അപഹരിച്ചതിന് യുവതിയോട് പിഴയായി മൂന്ന് ലക്ഷം രൂപ കമ്പനിക്ക് നൽകാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

click me!