600 ഭർത്താക്കന്മാരെ കൊന്ന മാരകവിഷം, ആറ് തുള്ളി മതി ജീവനെടുക്കാൻ, വാങ്ങാൻ സമ്പന്നസ്ത്രീകളുടെ ക്യൂ; അക്വാ ടൊഫാന

Published : Feb 21, 2024, 12:01 PM ISTUpdated : Feb 21, 2024, 12:10 PM IST
600 ഭർത്താക്കന്മാരെ കൊന്ന മാരകവിഷം, ആറ് തുള്ളി മതി ജീവനെടുക്കാൻ, വാങ്ങാൻ സമ്പന്നസ്ത്രീകളുടെ ക്യൂ; അക്വാ ടൊഫാന

Synopsis

ടൊഫാന പ്രത്യേകം തയ്യാറാക്കിയ വിഷം അന്ന് വൻ ഹിറ്റായി. പല സ്ത്രീകളും ര​ഹസ്യമായി അവളെ സമീപിച്ച് വലിയ പണം നൽകി ആ വിഷം കൈപ്പറ്റി. ഭർത്താക്കന്മാർക്ക് ഭക്ഷണത്തിൽ കലർത്തി നൽകി.

അതിമനോഹരമായൊരു കുപ്പി, കണ്ടാൽ സൗന്ദര്യവർധനയ്ക്ക് വേണ്ടിയുള്ള എന്തോ ദ്രാവകമാണ് എന്നേ തോന്നൂ. എന്നാൽ, അതിനുള്ളിലുണ്ടായിരുന്നത് ഒരു മാരകവിഷമായിരുന്നു -അക്വാ ടൊഫാന. ഒരു കാലത്ത് ഇറ്റലിയിൽ സ്വന്തം ഭർത്താക്കന്മാരെ കൊല്ലാൻ വേണ്ടി സ്ത്രീകളുപയോ​ഗിച്ചിരുന്ന മാരകവിഷം. 17 -ാം നൂറ്റാണ്ടിൽ, ഈ വിഷം കാരണം കുറഞ്ഞത് 600 ഭർത്താക്കന്മാരെങ്കിലും കൊല്ലപ്പെട്ടു.

എന്നാലും, ഈ സ്ത്രീകൾക്ക് മുഴുവനും എങ്ങനെയാണ് ഈ വിഷം കിട്ടിയത് എന്ന് സ്വാഭാവികമായും സംശയം തോന്നാം. അതിനു പിന്നിൽ അവളായിരുന്നു -ഗിയൂലിയ ടോഫാന. ഭർത്താക്കന്മാരെ കൊല്ലാനാ​ഗ്രഹിക്കുന്നവർക്ക് വിഷമെത്തിച്ച് കൊടുക്കുന്ന അവൾ അറിയപ്പെട്ടിരുന്നത് തന്നെ 'കഷ്‍ടതയനുഭവിക്കുന്ന സ്ത്രീകളുടെ കൂട്ടുകാരി' എന്നായിരുന്നു. മുഖത്തെ കറുപ്പ് മാറ്റാൻ വേണ്ടി അന്നത്തെ കാലത്ത് സാധാരണയായി ഉപയോ​ഗിച്ചിരുന്ന ഒരു എണ്ണയായിരുന്നു  'Manna of St Nicholas of Bari'. ആ പേരാണ് ടൊഫാന തന്റെ വിഷക്കുപ്പിക്ക് മുകളിൽ എഴുതിവച്ചിരുന്നത്. 

അന്നത്തെ കാലത്ത് ഇറ്റലിയിലെ സ്ത്രീകൾ മിക്കവാറും ഭർത്താക്കന്മാരുടെ കൊടുംപീഡനങ്ങൾക്ക് ഇരയായിരുന്നു. ജോലിയില്ല, സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയില്ല. അതിനാൽ ഈ പീഡനങ്ങൾ അനുഭവിച്ച് തീർക്കുകയായിരുന്നു പലരും. അന്നത്തെ സ്ത്രീകൾക്ക് മുന്നിൽ ഉണ്ടായിരുന്നത് മൂന്ന് വഴികളാണ്, വിവാഹം കഴിക്കുക, ലൈംഗികത്തൊഴിലാളികളാവുക, അല്ലെങ്കിൽ സമ്പന്നയും മാന്യയുമായ ഒരു വിധവയാവുക. ഭർത്താക്കന്മാർ വെറും അടിമകളായി കണ്ട ഈ സ്ത്രീകൾക്ക് താല്പര്യം പലപ്പോഴും വിധവകളായി ജീവിക്കാനായിരുന്നു. 

അതിനാൽ തന്നെ ടൊഫാന പ്രത്യേകം തയ്യാറാക്കിയ വിഷം അന്ന് വൻ ഹിറ്റായി. പല സ്ത്രീകളും ര​ഹസ്യമായി അവളെ സമീപിച്ച് വലിയ പണം നൽകി ആ വിഷം കൈപ്പറ്റി. ഭർത്താക്കന്മാർക്ക് ഭക്ഷണത്തിൽ കലർത്തി നൽകി. ആ​ഗ്രഹിച്ച പോലെ വിധവകളായി ജീവിച്ചു. നാല് മുതൽ ആറ് തുള്ളികൾ വരെയാണ് ഒരാളെ കൊല്ലാൻ ഈ വിഷം വേണ്ടിയിരുന്നത്. ഇത് പലപ്പോഴായിട്ടാണ് നൽകിയിരുന്നതത്രെ. ആദ്യത്തെ തുള്ളി നൽകുമ്പോൾ തളർച്ചയും തലകറക്കവും ഒക്കെയുണ്ടാകും. പിന്നത്തെ തുള്ളികൾ നൽകുമ്പോൾ ഛർദ്ദി, ദാഹം ഒക്കെ ഉണ്ടാവും. അവസാനത്തെ തുള്ളി നൽകുന്നതോടെ മരിക്കും. 

ഒരിക്കൽ ടൊഫാനയോട് ഈ വിഷം വാങ്ങിയ ഒരു സ്ത്രീ തന്റെ ഭർത്താവിന് അത് സൂപ്പിൽ കലർത്തി നൽകി. എന്നാൽ, പെട്ടെന്ന് തന്നെ മനം മാറിയ അവൾ ആ ഭക്ഷണം കഴിക്കാൻ അയാളെ സമ്മതിച്ചില്ല. പകരം വിഷത്തിന്റെ കാര്യം തുറന്ന് പറഞ്ഞു. ഇതോടെയാണ് ടൊഫാനയുടെ വിഷത്തെ കുറിച്ച് പുറംലോകം അറിയുന്നതും അവൾ പിടിയിലാവുന്നതും. 

പിന്നാലെ, 1659 -ൽ റോമിലെ കാമ്പോ ഡി ഫിയോറിയിൽ വച്ച് അവളെ വധിച്ചു. ഒപ്പം അവളുടെ മകളെയും മൂന്ന് സഹായികളെയും കൂടി അവൾക്കൊപ്പം വധിച്ചു. തീർന്നില്ല, അവളോട് വിഷം വാങ്ങിയവരിൽ 40 -ലധികം പേരെയും വധിച്ചു. എന്നാൽ, അപ്പോഴേക്കും 600 പുരുഷന്മാരുടെ ജീവനെങ്കിലും ഈ വിഷം എടുത്തിരുന്നു എന്നാണ് പറയപ്പെടുന്നത്.

വായിക്കാം: അച്ഛനെതിരെ പരാതി, 10 വയസ്സുകാരൻ പൊലീസ് സ്റ്റേഷനിലെത്തിയത് ഒരു വർഷത്തിൽ എട്ട് തവണ

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ 'ജിമിക്കി' എവിടെ? സോഷ്യൽ മീഡിയയിൽ പ്രതിഷേധം, ചർച്ചയായി പാരീസ് ഫാഷൻ വീക്കിലെ റാൽഫ് ലോറൻ ബ്രാൻഡ്
10 -ാം ക്ലാസ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ മകന് 'മഹീന്ദ്ര താർ റോക്സ്' സമ്മാനം; സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം