എന്താണ് യഥാർത്ഥ 'ആന്റിക്'? പുരാവസ്തുക്കളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം?

By Web TeamFirst Published Sep 29, 2021, 2:15 PM IST
Highlights

ടിപ്പുസുൽത്താന്റേത് എന്നവകാശപ്പെടുന്ന സിംഹാസനത്തിൽ ടിപ്പു ഒഴികെ നാട്ടിലെ സെലിബ്രിറ്റികൾ എല്ലാവരും ചാഞ്ഞിരുന്നു ഫോട്ടോ എടുത്ത് ഫേസ്‌ബുക്കിൽ ഇട്ടിട്ടുണ്ടാവും. 

അമൂല്യം, അപൂർവം, പുരാതനം - ഈ വാക്കുകൾ പലപ്പോഴും നമ്മൾ പറഞ്ഞു കേൾക്കുക പുരാവസ്തുക്കളുടെ ശേഖരങ്ങൾ സൂക്ഷിക്കുന്നവരുടെ വായിൽ നിന്നാണ്. നേർവഴിയിലോ അല്ലാതെയോ ആയി കയ്യിൽ അത്യാവശ്യത്തിന് സമ്പത്തു വന്നുചേർന്നാൽ പിന്നെ ആന്റിക് കളക്ഷൻ എന്നത് പലരുടെയും ഒരു ഹോബിയായി മാറാറുണ്ട്. പുരാവസ്തു ശേഖരണം എന്നത് ഏറെ നിഗൂഢതകൾ നിറഞ്ഞ ഒരു അധോലോകമാണ്. നമുക്ക് മുന്നിൽ വന്നെത്തുന്ന ആർട്ടിഫാക്ടിന്റെ പ്രാധാന്യം തിരിച്ചറിയുക, അതിന്റെ ആധികാരികത ഉറപ്പുവരുത്തുക, അതർഹിക്കുന്ന ഒരു വിലയിടുക, ഈ വസ്തുക്കളിൽ ഡീൽ ചെയ്യുന്ന ഏജന്റുമാരുമായി അടുത്ത ബന്ധം സ്ഥാപിക്കുക. നല്ലൊരു പുരാവസ്തു സൂക്ഷിപ്പുകാരനാവാൻ ഇങ്ങനെ പലതും ആവശ്യമാണ്. ഈ അത്ഭുതലോകമെന്നത് വേണ്ടത്ര അവഗാഹമില്ലാത്തവനെ കാത്തിരിക്കുന്ന ചതിക്കുഴികളുടെ ചതുപ്പുനിലം കൂടിയാണ്. 

എന്താണ് ഒരു യഥാർത്ഥ പുരാവസ്തു?

ഒരു വസ്തുവിനെ യഥാർത്ഥ പുരാവസ്തുവാക്കി മാറ്റുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? പഴയ വസ്തുവും പുരാവസ്തുവും തമ്മിലുള്ള വ്യത്യാസം അതിന്റെ പഴക്കമാണ്. ചുരുങ്ങിയത് നൂറുവർഷമെങ്കിലും പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള ഏതൊരു സാമഗ്രിയും പുരാവസ്തു എന്ന കണക്കിൽ പെടുന്നതാണ്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാവുന്നതും, ഇവിടെ നിന്ന് പുറത്തേക്ക് കയറ്റി അയക്കാവുന്നതുമായ വസ്തുക്കളുടെ കാര്യത്തിൽ കൃത്യമായി നിര്വചിക്കപ്പെട്ട നിയമ നിബന്ധനകൾ നാട്ടിൽ നിലവിലുണ്ട്. കർശനമായ ചട്ടങ്ങൾ നിലവിലുണ്ടായിട്ടും പുരാവസ്തു കച്ചവടം പോലെ തട്ടിപ്പുകൾ അരങ്ങേറുന്ന മറ്റൊരു മേഖല നാട്ടിലില്ല. 

അവനവനിൽ കൃത്യമായ അവബോധമുണ്ടാക്കുക എന്നതാണ് തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാനുള്ള ആദ്യത്തെ പടി. സർവസാധാരണമായി കണ്ടുവരുന്ന ചില ആന്റിക് തട്ടിപ്പുകളുണ്ട്. അവയെ ഓരോന്നായി പരിചയപ്പെടുത്താം.

1. വ്യാജമായി നിർമിച്ച പുരാവസ്തുക്കൾ 

ഏറ്റവും അധികമായി കണ്ടുവരുന്ന തട്ടിപ്പുരീതിയാണിത്. വിൽക്കുന്നയാൾ പറയുന്നത് മോശയുടെ അംശവടിയാണ് എന്നാവുമെങ്കിലും അതുണ്ടാക്കിയത് നാട്ടിലെ ചെല്ലപ്പനാശാരിയാവും. ടിപ്പുസുൽത്താന്റേത് എന്നവകാശപ്പെടുന്ന സിംഹാസനത്തിൽ ടിപ്പു ഒഴികെ നാട്ടിലെ സെലിബ്രിറ്റികൾ എല്ലാവരും ചാഞ്ഞിരുന്നു ഫോട്ടോ എടുത്ത് ഫേസ്‌ബുക്കിൽ ഇട്ടിട്ടുണ്ടാവും. പലതും ആ യഥാർത്ഥ വാതുക്കളുടെ വിലകുറഞ്ഞ അനുകരണങ്ങൾ മാത്രമാവും എന്നതാണ് വസ്തുത. ഇങ്ങനെ പ്രസിദ്ധമായ പുരാതന വസ്തുക്കളുടെ പകർപ്പുകളുണ്ടാക്കുന്നത് കുറ്റമൊന്നും അല്ല. എന്നാൽ, അവയാണ് ഒറിജിനൽ എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ആ ആന്റിക് വാല്യൂവിന്റെ പേരിൽ നാട്ടുകാരിൽ നിന്ന് പണം പിടുങ്ങുന്നത് ക്രിമിനൽ കുറ്റമാണ്.

ഇങ്ങനെ നിർമിച്ചെടുക്കുന്ന പല വസ്തുക്കളിലും ആധുനിക ഉപകരണങ്ങൾ, ഉദാ. ഇലക്ട്രിക് ടൂൾസ് ഉപയോഗിച്ച് പണിഞ്ഞതിന്റെ തെളിവുകൾ കണ്ടെടുക്കാൻ സാധിക്കും. ഇടനിലക്കാരെ ഒഴിവാക്കി അധികാരികതയുള്ള ഓക്ഷൻ ഹൗസുകളിൽ നിന്നുമാത്രം വാങ്ങുക എന്നതാണ് ഈ പറ്റിപ്പിൽ അകപ്പെടാതിരിക്കാനുള്ള ഒരേയൊരു വഴി.

2. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്ന ആധികാരികത

പലപ്പോഴും ഇത്തരത്തിൽ വ്യാജ പുരാവസ്തുക്കൾ വിൽക്കുന്ന വ്യക്തികൾ ആ വസ്തുക്കളുടെ ആധികാരികത ബോധ്യപ്പെടുത്താൻ വേണ്ടി ഉദ്ധരിക്കുക ക്രിസ്റ്റീസ് പോലുള്ള അന്താരാഷ്ട്ര ലേല സ്ഥാപനങ്ങളുടെ പേരാണ്. ഈ സ്ഥാപനങ്ങളുടെ എന്ന പേരിൽ നമ്മുടെ നാട്ടിലെ സ്ഥാപനങ്ങളിൽ നിന്ന് ചുട്ടെടുത്ത സീലും ഹോളോഗ്രാമും ഒപ്പും ഒക്കെയുള്ള ഒറിജിനൽ എന്ന് തോന്നിക്കുന്ന സാക്ഷ്യ പത്രങ്ങളും തങ്ങളുടെ ആന്റിക്കുകൾക്ക് അവർ ഹാജരാക്കും. ഈ സർട്ടിഫിക്കറ്റുകൾ പലപ്പോഴും ഒറിജിനലിനെ വെല്ലുന്നവയായിരിക്കും എന്നതാണ് സത്യം. ഈ ലേല സ്ഥാപനങ്ങളെ നേരിൽ ബന്ധപ്പെട്ട് വസ്തുവിന്റെ നിലവിലെ ഉടമസ്ഥത ഉറപ്പിക്കുക എന്നതാണ് ഈ കുഴിയിൽ ചാടാതിരിക്കാനുള്ള ഒരു വഴി. 

3. മറിച്ചു വിറ്റു ലാഭമുണ്ടാക്കാം എന്ന മോഹന വാഗ്ദാനം

പലപ്പോഴും ഇത്തരക്കാരുടെ ചതിക്കുഴികളിൽ ജനം ചെന്ന് വീഴുന്നത് കുറഞ്ഞ കാലത്തിനുള്ളിൽ കൂടിയ ലാഭമുണ്ടാക്കാം എന്നുള്ള ദുരാഗ്രഹം നിമിത്തമാണ്. എന്നാൽ, ഇത്തരത്തിലുള്ള വസ്തുക്കൾ ഒരിക്കൽ വലിയ വിലകൊടുത്തു സ്വന്തമാക്കിയാൽ, പലപ്പോഴും അവ വ്യാജമായിരുന്നു എന്ന് ഇരകൾ തിരിച്ചറിയുക അവ മറ്റാർക്കെങ്കിലും വിറ്റഴിച്ച് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ഘട്ടത്തിൽ നടക്കുന്ന അധികാരികതാ പരിശോധനകളിലാവും. ലാഭേച്ഛയോടെ പുരാവസ്തുക്കളെ സമീപിക്കുന്നവർ അധികശ്രദ്ധ ചെലുത്തിയില്ലെങ്കിൽ അബദ്ധം പിണയാൻ വളരെ എളുപ്പമാണ്. 

4. പെയ്ഡ് പ്രൊമോഷനുകളുടെ ചതിക്കുഴി 

ഇത്തരത്തിൽ വ്യാജമായ ആന്റിക് പീസുകൾ വിൽക്കുന്നവർ പലപ്പോഴും ഇരകളെ വീഴ്ത്തുന്നത് പല മാർഗ്ഗങ്ങളിലൂടെയും തങ്ങളുടെ ഉത്പന്നങ്ങൾക്കും മ്യൂസിയത്തിനും എല്ലാം നേടിയെടുക്കുന്ന പെയ്ഡ് പബ്ലിസിറ്റി വഴിയാണ്. ഉദാ. ടെലിവിഷൻ പ്രോഗ്രാമുകളിൽ അതിഥികളായി വരുന്ന സെലിബ്രിറ്റികളെക്കൊണ്ട് വളരെ സ്വാഭാവികം എന്ന മട്ടിൽ തങ്ങളുടെ പുരാവസ്തു ശേഖരത്തെക്കുറിച്ച് പരാമർശിപ്പിക്കുക. മില്യൺ കണക്കിന് ഫോളോവർമാർ ഉള്ള വ്ലോഗർമാരെ അങ്ങോട്ട് പണമെറിഞ്ഞ് വിളിച്ചു വരുത്തി അവരുടെ വീഡിയോകളിൽ തങ്ങളുടെ കളക്ഷന്റെ അധികാരികതയെപ്പറ്റി വാചാലരാവുക, സമൂഹത്തിൽ ഉന്നത സ്ഥാനീയരായ പലരെയും തങ്ങളുടെ മ്യൂസിയത്തിൽ വിളിച്ചു വരുത്തി അവരെ ആന്റിക് പീസുകൾക്കൊപ്പം നിർത്തി ചിത്രങ്ങൾ എടുത്ത് അവ പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുക അങ്ങനെ തന്ത്രങ്ങൾ പലതുമുണ്ട്. ഇത്തരത്തിലുള്ള അമിതമായ പ്രചാര വേലകളും ഒരർത്ഥത്തിൽ കാപട്യത്തിന്റെ ലക്ഷണങ്ങളാണ് എന്നാണ് മോൺസൺ മാവുങ്കലിന്റേതുപോലുള്ള ദുരനുഭവങ്ങൾ നമ്മളെ ഓർമിപ്പിക്കുന്നത്. 

5 . ഉണ്ടാകാൻ തന്നെ സാധ്യതയില്ലാത്ത വസ്തുക്കൾ ഉണ്ടെന്ന് അവകാശപ്പെടുക 

ഏതെങ്കിലുമൊക്കെ മതങ്ങളുടെ മിത്തോളജിയിൽ പറഞ്ഞിട്ടുള്ള വസ്തുക്കൾ, അതായത് യഥാർത്ഥത്തിൽ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ പോലും തർക്കമുള്ള വസ്തുക്കൾ ഉണ്ട് എന്ന് അവകാശപ്പെടുക. അത് എങ്ങനെ കിട്ടി എന്നുള്ള വഴി കൃത്യമായി വെളിപ്പെടുത്താതെ, അധികാരികതയ്ക്ക് ഏതെങ്കിലും ഓക്ഷൻ സൈറ്റുകളുടെ പേര് ഉദ്ധരിക്കുക എന്നിങ്ങനെയുള്ള രീതികളും വ്യാജ ആന്റിക് വില്പനക്കാരുടെ ലക്ഷണങ്ങളാണ്. മോശയുടെ അംശവടി മുതൽ, കാനയിൽ വെള്ളം വീഞ്ഞാക്കിയ മൺപാത്രം വരെ, ശ്രീകൃഷ്ണൻ കുട്ടിക്കാലത്ത് വെണ്ണ കട്ട് തിന്ന മൺകലം മുതൽ, റസൂലിന്റെ മുടി വരെ കയ്യിലുണ്ട് എന്ന് ഇവർ പറഞ്ഞെന്നിരിക്കും. ഇങ്ങനെ 'Too good to be true ' ആയിട്ടുള്ള അവകാശവാദങ്ങൾ കേൾക്കുമ്പോൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. അത് വ്യാജമാവാനുള്ള സാധ്യത ഏറെ വലുതാണ്. 

click me!