വാക്ക് പറഞ്ഞത്രയും ആലോചനകൾ കൊണ്ടുവന്നില്ല, മാച്ച്മേക്കറിനെതിരെ യുവതി ഉപഭോക്തൃഫോറത്തിൽ, റീഫണ്ട് ചെയ്യാനുത്തരവ്

By Web TeamFirst Published Sep 29, 2021, 11:15 AM IST
Highlights

എട്ട് വര്‍ഷം മുമ്പാണ് സ്ത്രീ ഇവർക്കെതിരെ പരാതി നല്‍കിയത്. ഷാ തന്നോട് പ്രതിമാസം ശരാശരി 15 അനുയോജ്യമായ ആലോചനകൾ കൊണ്ടുവരാം എന്ന് വാഗ്ദാനം ചെയ്തതായും അവർ പറയുന്നു.

ഇന്ന് അനുയോജ്യരായ വധുവിനെയും വരനെയും കണ്ടെത്താനായി ആളുകള്‍ മാച്ച്മേക്കര്‍മാരെ സമീപിക്കാറുണ്ട്. അങ്ങനെ മുംബൈയിൽ (Mumbai) ഒരു സ്ത്രീ വരനെ കണ്ടെത്തി നല്‍കാനായി ഒരു മാച്ച്മേക്കറെ (matchmaker) സമീപിച്ചു. എന്നാല്‍, വാക്ക് നൽകിയ അത്രയും അനുയോജ്യരായ പുരുഷന്മാരെ കണ്ടെത്തി നല്‍കാന്‍ മാച്ച്മേക്കര്‍ക്കായില്ല. അതിന് പകരമായി ഇപ്പോള്‍ അവരോട് സ്ത്രീക്ക് റീഫണ്ടായി 60,000 രൂപ നൽകണമെന്ന് മുംബൈയിലെ ഒരു ഉപഭോക്തൃ ഫോറം പറഞ്ഞിരിക്കുകയാണ്. 

ലൈവ് ലോ -യില്‍ വന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച് കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്സ് റിഡ്രസ്സല്‍ കമ്മീഷനാണ് (Consumer Disputes Redressal Commission) ജുഹു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാച്ച്മേക്കറായ പ്രിയ ഷാ -യോട് റീഫണ്ടായി 55,000 രൂപയും ചെലവിനായി 5000 രൂപയും 30 ദിവസത്തിനുള്ളില്‍ യുവതിക്ക് നല്‍കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. 

എട്ട് വര്‍ഷം മുമ്പാണ് സ്ത്രീ ഇവർക്കെതിരെ പരാതി നല്‍കിയത്. ഷാ തന്നോട് പ്രതിമാസം ശരാശരി 15 അനുയോജ്യമായ ആലോചനകൾ കൊണ്ടുവരാം എന്ന് വാഗ്ദാനം ചെയ്തതായും അവർ പറയുന്നു. അതിനായി 2012 ജൂലൈയില്‍ അവര്‍ ഷായ്ക്ക് 55,000 രൂപയും നല്‍കി. എന്നാല്‍, അത്രയും അനുയോജ്യരായ പുരുഷന്മാരെ അവര്‍ക്ക് കണ്ടെത്തി നല്‍കാന്‍ സാധിച്ചില്ല. അങ്ങനെ അവര്‍ ഒരു പരാതി ഈമെയില്‍ ആയി അയച്ചുവെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. 

ഒക്ടോബര്‍ 25 -ന് ഷായുടെ സേവനം യുവതി നിര്‍ത്തലാക്കി. റീഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് കൺസ്യൂമർ ഫോറത്തെ സമീപിച്ചു. എന്നാല്‍, ഷായാകട്ടെ വാദം കേൾക്കൽ സമയത്ത് ഹാജരായതേ ഇല്ല. അതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ഇപ്പോള്‍ 60,000 രൂപ അടയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. 

click me!