ബിയർ കുടിക്കുമ്പോൾ കൂടുതൽ കൊതുകു കടി ഏല്‍ക്കാറുണ്ടോ? കാരണമുണ്ട്!

Published : Sep 12, 2025, 02:43 PM IST
mosquito and beer

Synopsis

ബിയർ കുടിക്കുന്നത് കൊതുകുകൾ കൂടുതലായി കടിക്കാൻ ഇടയാക്കുമെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ശരീരഗന്ധത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് കൊതുകുകളെ ആകർഷിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.

 

റ്റുള്ളവരെക്കാൾ ചിലരെ കൊതുകുകൾ കൂടുതലായി കടിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാൽ, എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇതിന് ഉത്തരം നൽകാൻ സാധ്യതയുള്ള ഒരു പഠനം ശാസ്ത്രജ്ഞർ അടുത്തിടെ നടത്തി. അതിന്‍റെ കണ്ടെത്തലുകൾ തികച്ചും അമ്പരപ്പിക്കുന്നതാണ്. കൊതുക് കടിയും ബിയർ കുടിക്കുന്നതും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് ഈ പഠനം വെളിപ്പെടുത്തുന്നത്. പഠനമനുസരിച്ച്, കൊതുകുകൾക്ക് മദ്യത്തോട് നേരിട്ട് ആകർഷണമില്ല, എന്നാല്‍, ബിയർ കുടിക്കുന്നത് മൂലം ശരീരഗന്ധത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് അവയെ ആകർഷിക്കുന്നത്.

നെതർലാൻഡിലെ റാഡ്ബൗഡ് യൂണിവേഴ്സിറ്റി നിജ്മെഗനിലെ ശാസ്ത്രജ്ഞനായ ഫെലിക്സ് ഹോളിന്‍റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ഗവേഷകരാണ് ഈ പഠനം നടത്തിയത്, പഠനം ബയോആർഎക്സിവ് (bioRxiv) എന്ന ഗവേഷണ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് കൊതുകുകൾ ചില ആളുകളെ കൂടുതലായി ഇഷ്ടപ്പെടുന്നതെന്ന് മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ വർഷങ്ങളായി പഠനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇത് കൂടുതൽ മനസ്സിലാക്കാൻ, നെതർലാൻഡിലെ ഒരു പ്രമുഖ സംഗീതമേളയായ ലോലാൻഡ്‌സിൽ വെച്ച് ആയിരക്കണക്കിന് കൊതുകുകളെയും 500 മനുഷ്യരെയും ഉൾപ്പെടുത്തി ഒരു പരീക്ഷണം നടത്തി.

പരീക്ഷണം നടന്നത് ഇങ്ങനെ

ഫെസ്റ്റിവൽ സ്ഥലത്ത് ഗവേഷകർ ഒരു താൽക്കാലിക ലാബ് സ്ഥാപിച്ചു, അവിടെ പഠനത്തിന് ഭാഗമായവരുടെ ഭക്ഷണം, ശുചിത്വം, പെരുമാറ്റം എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിച്ചു. അതിനുശേഷം, പങ്കെടുത്തവരോട് കൊതുകുകളുള്ള ഒരു പ്രത്യേക പെട്ടിയിൽ കൈ വെക്കാൻ ആവശ്യപ്പെട്ടു. കൊതുകുകൾക്ക് യഥാർത്ഥത്തിൽ കടിക്കാതെ തന്നെ മനുഷ്യന്‍റെ ഗന്ധം മനസ്സിലാക്കാൻ കഴിയുന്ന ചെറിയ ദ്വാരങ്ങൾ ആ പെട്ടിക്കുണ്ടായിരുന്നു.

ഓരോരുത്തരുടെയും കൈകളിൽ എത്ര കൊതുകുകൾ വന്നു, എത്ര നേരം നിന്നു എന്നെല്ലാം ഗവേഷകർ ക്യാമറ ഉപയോഗിച്ച് രേഖപ്പെടുത്തി. ആ പഠനത്തിൽ ബിയർ കഴിച്ച ആളുകളെ കൊതുകുകൾ 1.35 മടങ്ങ് കൂടുതലായി ആകർഷിക്കുന്നതായി കണ്ടെത്തി. തലേദിവസം മറ്റൊരാളോടൊപ്പം കിടക്ക പങ്കിട്ടവരെയും സൺസ്ക്രീൻ ഉപയോഗിക്കാത്തവരെയും അല്ലെങ്കിൽ പതിവായി കുളിക്കാത്തവരെയും കൊതുകുകൾ കൂടുതലായി ആകർഷിക്കുന്നതായും പഠനം കാണിച്ചു.

ബിയറും കൊതുകും തമ്മിലുള്ള ബന്ധം

ഗവേഷകരുടെ അഭിപ്രായത്തിൽ, കൊതുകുകൾക്ക് മദ്യത്തോട് നേരിട്ട് ആകർഷണമില്ല, മറിച്ച് ബിയർ കുടിക്കുന്നതിന്‍റെ ഫലമായി ശരീരഗന്ധത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് അവയെ ആകർഷിക്കുന്നത്. ബിയർ കുടിക്കുന്നവർ കൂടുതൽ ഊർജ്ജസ്വലരാവുകയും, കൂടുതൽ നൃത്തം ചെയ്യുകയും കൂടുതൽ വിയർക്കുകയും ചെയ്യുമെന്നും, ഇത് അവരുടെ ശരീരഗന്ധത്തിൽ മാറ്റം വരുത്തുമെന്നും ഫെലിക്സ് ഹോൾ വിശദീകരിച്ചു. ഈ ഗന്ധവ്യത്യാസം കൊതുകുകളെ വളരെയധികം ആകർഷിക്കുന്നതായി തോന്നിയതായാണ് ഇദ്ദേഹം പറയുന്നത്.

കൂടുതൽ ശ്രദ്ധേയമായ കാര്യം, 350 അടി (100 മീറ്ററിലധികം) അകലെ നിന്ന് പോലും കൊതുകുകൾക്ക് മനുഷ്യന്‍റെ ഗന്ധം തിരിച്ചറിയാൻ കഴിയുമെന്ന് പഠനത്തിൽ കണ്ടെത്തി. അതിനാൽ, ആരെങ്കിലും മദ്യപിക്കുകയും അവരുടെ ശരീരഗന്ധം മാറിയിട്ടുണ്ടെങ്കിൽ, അവർക്ക് വളരെ ദൂരത്ത് നിന്ന് പോലും കൊതുകുകളെ ആകർഷിക്കാൻ കഴിയും.

പരിമിതിയുണ്ട്

എന്നാല്‍, ഈ കണ്ടെത്തലുകളിൽ ചില പരിമിതികളുണ്ടെന്ന് ശാസ്ത്രജ്ഞർ സമ്മതിച്ചു. ഫെസ്റ്റിവലിൽ വരുന്നവർ സാധാരണയായി ചെറുപ്പക്കാരും നല്ല ആരോഗ്യവാന്മാരുമായതിനാൽ, ഈ ഫലങ്ങൾ കൂടുതൽ ആളുകൾക്ക് ബാധകമാണോ എന്ന് സ്ഥിരീകരിക്കാൻ വിവിധ പ്രായക്കാരും ആരോഗ്യ പശ്ചാത്തലങ്ങളുമുള്ള ആളുകളെ കൂടി ഉൾപ്പെടുത്തി ഗവേഷണം നടത്തേണ്ടത് ആവശ്യമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്