
അനാഥത്വം അത് മനുഷ്യരിലായാലും മൃഗങ്ങളിലായാലും ഒരുപോലെ വേദനയും നിരാശയും ഉണ്ടാക്കുന്ന ഒന്നാണ്. കഴിഞ്ഞ ദിവസം കെനിയയിലെ ഷെൽഡ്രിക് വൈൽഡ് ലൈഫ് ട്രസ്റ്റിൽ നിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോയിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഈ വീഡിയോയിൽ ഒരു അനാഥയായ സീബ്രക്കുഞ്ഞിന് അതിന്‍റെ പരിചാരകൻ തന്നെ സ്വയം അമ്മയായി മാറി സ്നേഹം നൽകുന്ന ദൃശ്യങ്ങളാണുണ്ടായിരുന്നത്. സീബ്രക്കുഞ്ഞ് അതിന്‍റെ സൂക്ഷിപ്പുകാരനെ ആശ്ലേഷിക്കുന്ന ദൃശ്യങ്ങൾ ഏറെ ഹൃദയസ്പർശിയാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും പറയുന്നു.
അനാഥയായ ബോംബി എന്ന സീബ്രക്കുഞ്ഞും അതിന്‍റെ സൂക്ഷിപ്പുകാരനായ പീറ്ററുമാണ് വീഡിയോയിലുള്ളത്. ബോംബിയ്ക്ക് താൻ അതിന്‍റെ കുടുംബത്തിൽ തന്നെയുള്ള ആളാണെന്ന് തോന്നിപ്പിക്കുന്നതിനായി പീറ്റർ സീബ്രാ വരകളുള്ള ഒരു വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. പീറ്റർനോട് ചേർന്ന് നിൽക്കുന്ന ബോംബിയെ അദ്ദേഹം ആശ്ലേഷിക്കുമ്പോൾ അത് കൂടുതൽ കൂടുതൽ അദ്ദേഹത്തോട് അടുത്തുനിൽക്കുന്നതും വീഡിയോയിൽ കാണാം. പീറ്ററാകട്ടെ ഏറെ സ്നേഹത്തോടെ ബോംബിയെ തലോടുകയും ആശ്ലേഷിക്കുകയും ചെയ്യുന്നുണ്ട്. തന്നിലൂടെ ഒരു അമ്മയുടെ സ്നേഹം അനാഥയായ ആ സീബ്ര കുഞ്ഞിന് നൽകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. മനോഹരമായ വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലായി.
വീഡിയോയിൽ പീറ്റർ ഒരു പ്രത്യേക സീബ്ര-വരകളുള്ള കോട്ട് ധരിച്ചിരിക്കുന്നത് കാണാം, ഇത് ബോംബിയെ അദ്ദേഹവുമായി സുരക്ഷിതമായി അടുക്കാൻ സഹായിക്കുന്നതിനാണ്. സീബ്രകൾ പ്രധാനമായും കാഴ്ചയെ ആശ്രയിക്കുന്ന ജീവികളാണെന്ന് ട്രസ്റ്റിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടില്‍ പറയുന്നു. ഈ കോട്ട് ബോംബിക്ക് ഒരു വ്യക്തിയോട് മാത്രം അമിതമായി അടുപ്പം തോന്നാതെ, അതിന്‍റെ സൂക്ഷിപ്പുകാരുമായി അടുക്കാൻ സഹായിക്കുന്നതിന് വേണ്ടിയാണെന്ന് കുറിപ്പ് അവകാശപ്പെടുന്നു.
@sheldricktrust എന്ന ഷെൽഡ്രിക് വൈൽഡ് ലൈഫ് ട്രസ്റ്റിന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞ് സീബ്രയും അതിന്‍റെ സൂക്ഷിപ്പുകാരനും തമ്മിലുള്ള ശക്തമായ ബന്ധം ഈ വീഡിയോ കാണിച്ചു തരുന്നു. ഈ വർഷം ആദ്യം, സിംഹങ്ങൾ വേട്ടയാടി ബോംബിയുടെ അമ്മയെ കൊലപ്പെടുത്തിയിരുന്നു. ഇതോടെ അനാഥയായ ബോംബിയെ രക്ഷപ്പെടുത്തിട്രസ്റ്റിൽ എത്തിക്കുകയായിരുന്നു. രക്ഷപ്പെടുത്തുമ്പോൾ അവൾക്ക് ഗുരുതരമായ മുറിവുകളുണ്ടായിരുന്നു, നിരന്തരമായ പരിചരണം ആവശ്യമായിരുന്നു. എന്നാലിപ്പോൾ അവൾ പൂർണ്ണ ആരോഗ്യവതിയാണ്.