40 -ലധികം യുവതികളെ ബലാത്സംഗംചെയ്ത ക്രിമിനലിനെ ചേരിക്കാർ കറിക്കത്തിക്കുകുത്തിയും ഇഷ്ടികയ്ക്കിടിച്ചും കൊന്നപ്പോൾ

By Web TeamFirst Published Mar 27, 2021, 4:47 PM IST
Highlights

 അയാളെ വധിച്ചിട്ടും ക്രോധം അടങ്ങാഞ്ഞ ആ യുവതികൾ തങ്ങളെ ബലാത്സംഗം ചെയ്ത ആ ബലാത്സംഗിയുടെ ജനനേന്ദ്രിയം കറിക്കത്തിക്ക് അരിഞ്ഞെടുത്തിട്ടാണ് സ്ഥലം വിട്ടത്. 

പല കൊടും കുറ്റവാളികളുടെയും മനസ്സിൽ ഒരു വിശ്വാസമുണ്ടാകും. തങ്ങളെ ആർക്കും ഒരു ചുക്കും ചെയ്യാനാവില്ല എന്ന ഒടുക്കത്തെ ആത്മവിശ്വാസം. 2004 ഓഗസ്റ്റ് 13 വരെ അക്കു യാദവിന്റെ മനസ്സിലും അതുതന്നെയായിരുന്നു. ആ 32 വയസ്സിനിടെ 40 -ലധികം യുവതികളെയാണ് യാദവ് ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടായിരുന്നത്. ചുരുങ്ങിയത് മൂന്നു പേരെയെങ്കിലും യാദവ് കൊലപ്പെടുത്തിയിട്ടുണ്ട് എന്നും ഇരകൾ ആക്ഷേപിച്ചിരുന്നു.

മേൽജാതിക്കാരനായ യാദവ് എന്നും ആക്രമിച്ചിരുന്നത് അയിത്തജാതിക്കാർ എന്ന് ആ സമൂഹത്തിൽ കരുതപ്പെട്ടിരുന്നവരെയാണ്. മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ഒന്നായ കസ്തൂർബാ നഗർ ചേരിയിൽ കഴിഞ്ഞിരുന്നവരെ. ബലാത്സംഗത്തിന് ഇരയാകുന്നവർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ ചെന്നാൽ അവിടെ അവർ അപഹസിക്കപ്പെടുമെന്ന് യാദവിന്‌ ബോധ്യമുണ്ടായിരുന്നു. പൊലീസിലെ അക്കു യാദവിന്റെ  വേണ്ടപ്പെട്ടവർ അവസാനം വരെയും അയാളെ സംരക്ഷിച്ചു നിർത്തി. ഒടുവിൽ അക്കു യാദവിന്റെ അഹംബോധം ഇടിഞ്ഞു നിലം പൊത്തുന്ന ദിവസവും വന്നെത്തി. 2004 ഓഗസ്റ്റ് 13 -ന് ഇരുനൂറിലധികം സ്ത്രീകൾ അടങ്ങുന്ന ജനക്കൂട്ടം അയാളെ തടഞ്ഞു നിർത്തി. അവർക്ക് അന്നോളമുള്ള വിരോധം അവരയാളോട് തീർത്തപ്പോൾ, അവിടം രക്തരൂഷിതമായി. അക്കു യാദവ് അതിക്രൂരമായിത്തന്നെ കൊല്ലപ്പെട്ടു. 

കസ്തൂർബാ നഗർ ചേരിയിൽ കഴിഞ്ഞിരുന്ന പാവങ്ങൾ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. "ഇവിടത്തെ ഓരോ വീട്ടിലുമുണ്ട് അക്കു യാദവ് ബലാത്സംഗം ചെയ്ത ഒരു ഇരയെങ്കിലും..."  ചേരിയിൽ തന്നെ താമസിച്ചിരുന്ന അക്കു യാദവ് ഒരു പാൽക്കാരന്റെ മകൻ എന്ന നിലയിൽ നിന്നും, ആരും ഭയക്കുന്ന ഒരു ഗുണ്ടാത്തലവൻ എന്ന നിലയിലേക്ക് വളർന്നുവന്നത് വളരെ പെട്ടെന്നായിരുന്നു. ഭീഷണിപ്പെടുത്തി പണം പിടുങ്ങലായിരുന്നു അയാളുടെ പ്രധാന ഉപജീവനമാർഗം. അതിനുവേണ്ടി സ്വന്തമായി ഒരു ഗുണ്ടാസംഘത്തെയും അയാളും സഹോദരന്മാരും ചേർന്ന് തീറ്റിപ്പോറ്റിയിരുന്നു. പൊലീസിന് കൃത്യമായ മാസപ്പടി നൽകിയിരുന്ന യാദവിനെ അവർ കൃത്യമായി സംരക്ഷിച്ചു നിർത്തി.  അയാൾ സ്ത്രീകളെ ബലാത്സംഗം ചെയ്തിരുന്നത് അവരുടെ പുരുഷന്മാർക്കുമേൽ അയാളുടെ സ്വാധീനം, ഭീതിയുടെ പരിവേഷം ഉറപ്പിക്കാൻ വേണ്ടിയായിരുന്നു.

പലപ്പോഴും യാദവും അയാളുടെ ഗുണ്ടാ സംഘവും ചേർന്നാകും ബലാത്സംഗവും ആക്രമണവുമൊക്കെ നടപ്പിലാക്കുക. 1991 -ൽ വെറും പന്ത്രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയെ യാദവും സംഘവും കൂട്ടബലാത്സംഗത്തിനിരയാക്കിയത്തോടെ അയാളുടെ കുപ്രസിദ്ധി ഇരട്ടിച്ചു. പതിനാലു തവണ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട് യാദവ് എങ്കിലും ഓരോ തവണയും ചുരുങ്ങിയ കാലത്തെ ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ അയാൾ, ആ അറസ്റ്റിനു കാരണമായവരെ ആക്രമിച്ചും അവരുടെ വീട്ടിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തും അവരെ ഭീഷണിപ്പെടുത്തിയും തന്റെ ഭീകരവാഴ്ച തുടർന്നു. 

തന്റെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് എതിര് നിന്ന ആരെയും അക്കു യാദവ് നിർദയം അക്രമിക്കുമായിരുന്നു. ഒരിക്കൽ അഷോ ഭഗത്ത് എന്ന ചേരിനിവാസിയായ യുവതിയുടെ മുലകൾ അരിഞ്ഞെടുത്ത് അവരെ കഷ്ണങ്ങളാക്കി വെട്ടിയെറിഞ്ഞു യാദവ്. ഇതിനു ദൃക്‌സാക്ഷിയായ അവിനാശ് തിവാരി എന്ന അയൽവാസി പൊലീസിൽ യാദവിനെതിരെ മൊഴി കൊടുത്തപ്പോൾ അയാളെയും യാദവ് നിർദയം വധിച്ചു. വിവാഹ നാളിൽ യാദവ് ഒരു യുവതിയെ ബലാത്സംഗം ചെയ്തതിന്റെ ഓർമ ചേരിക്കാർക്കുണ്ട്. കൽമ എന്നുപേരായ യുവതിയെ പ്രസവിച്ചതിന്റെ ഏഴാം ദിവസമാണ് യാദവും സംഘവും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ആ സ്ത്രീ അടുത്ത ദിവസം തന്നെ മണ്ണെണ്ണ തലയിലൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. 

പലപ്പോഴായി യാദവിനെതിരെ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട് ചേരിയിലെ നിരവധി യുവതികൾ. ആരും ചോദിക്കാനും പറയാനും ഇല്ലായിരുന്ന അവരെ പൊലീസ് 'അഴിഞ്ഞാട്ടക്കാരി', 'തേവിടിശ്ശി' എന്നെല്ലാമുള്ള പദപ്രയോഗങ്ങളാൽ ആട്ടിയിറക്കുകയും ചെയ്തു. അങ്ങനെ അപമാനിതനായി അവർ പൊലീസ് സ്റ്റേഷന്റെ പടിയിറങ്ങുന്നതിന്റെ പിന്നാലെ, പരാതിപ്പെട്ടു എന്ന വിവരം അക്കു യാദവിന്‌ ചോർത്തി നൽകും പൊലീസ്.  അവർ വീട്ടിൽ എത്തും മുമ്പേ, അവിടെ അക്കുവും ഗുണ്ടകളും വീണ്ടുമൊരിക്കൽ കൂടി അവരെ ആക്രമിക്കാൻ, ബലാത്സംഗം ചെയ്യാൻ കണക്കാക്കി, ആ വീട്ടുപടിക്കൽ കാത്തുനിൽപ്പുണ്ടാകും.

ഒടുവിൽ യാദവ് ബലാത്സംഗം ചെയ്ത ഇരകളിൽ ഒരാളിൽ നിന്ന്, ഒരു ദളിത് പെൺകുട്ടിയിൽ നിന്ന് അയാൾ തീരെ പ്രതീക്ഷിക്കാതിരുന്ന ഒരു തീവ്ര പ്രതിഷേധ സ്വരം ഉയർന്നു വന്നു. അവരുടെ പേര് ഉഷ നാരായണെ എന്നായിരുന്നു. അവർ തന്റെ ഒരു ബന്ധുവിന്റെ സഹായത്തോടെ നേരിട്ട് ഡിസിപിക്ക് പരാതി നൽകി. അവർക്ക് അഭയം നൽകിയ ഡിസിപി ഉടനടി അക്കു യാദവിനെ കസ്റ്റഡിയിൽ എടുക്കാം എന്ന വാഗ്ദാനവും നൽകി. അത് ചേരിനിവാസികളുടെ ആത്മവിശ്വാസം ഏറ്റി. അന്ന് രാത്രി തന്നെ അക്കു യാദവിന്റെ വീട് ആക്രമിക്കപ്പെട്ടു. പല വഴിക്കും ഒരുപോലെ സമ്മർദ്ദം ഉണ്ടായതോടെ അക്കു യാദവ് ഭയന്നു. അയാൾ കീഴടങ്ങാൻ തന്നെ തീരുമാനിച്ചു. പൊലീസ് അയാളെ അറസ്റ്റു ചെയ്തു. 

എന്നാൽ പൊലീസിൽ നല്ല സ്വാധീനമുണ്ടായിരുന്ന യാദവ് പുഷ്പം പോലെ ഇറങ്ങിപ്പോരും എന്ന് ചേരിക്കാർക്ക് അറിയുമായിരുന്നു. അടുത്ത ദിവസം അയാളെ നാഗ്പൂർ ജില്ലാ കോടതിയിൽ ഹാജരാക്കുന്ന നാൾ, ചേരിയിലെ ഇരുനൂറോളം സ്ത്രീകൾ കറിക്കത്തികളും കത്രികകളും ഇഷ്ടികകളും ഒക്കെയായി കോടതി പരിസരത്തു തടിച്ചു കൂടി. ജാമ്യം കിട്ടും എന്നറിഞ്ഞതോടെ അവർ അയാൾക്കുള്ള നീതി സ്വയം നടപ്പിലാക്കാൻ തന്നെ തീരുമാനമെടുത്തു. വിചാരണയ്ക്കായി യാദവ് പൊലീസ് ബന്തവസ്സിൽ കോടതിയിൽ വന്നിറങ്ങി. കോടതി മുറിയിലേക്ക് നടന്നു നീങ്ങവേ, തന്റെ മുൻ ഇരകളിൽ പലരെയും യാദവ് വഴിയിൽ കണ്ടു. അതിലൊരു സ്ത്രീയ്ക്ക് നേരെ യാദവിന്റെ വായിൽ നിന്ന് ഒരു പരിഹാസവാക്ക് പുറപ്പെട്ടു, "എടീ അഴിഞ്ഞാട്ടക്കാരി, ഇവിടത്തെ തിരക്കൊക്കെ ഒന്ന് കഴിഞ്ഞോട്ടെ, ഒരു റൌണ്ട് കൂടി ഞാൻ നിന്നെ ബലാത്സംഗം ചെയ്യാൻ വരുന്നുണ്ട്." അതുകേട്ട് അയാളെ അനുഗമിച്ച പോലീസുകാർ കുലുങ്ങിച്ചിരിച്ചു. 

"നമ്മൾ രണ്ടും കൂടി ഇനിയും ഈ ഭൂമിയിൽ വേണ്ട, ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ...." അയാൾ പരിഹസിച്ച സ്ത്രീ കണ്ണീർ തുടച്ചുകൊണ്ട് ഉച്ചത്തിൽ അലറി. അവൾ തന്റെ ചെരുപ്പൂരി അയാളുടെ മുഖത്തടിച്ചു. നിമിഷങ്ങൾക്കകം നാലുഭാഗത്തും നിന്നായി നിരവധി സ്ത്രീകൾ ആ ആക്രമണത്തിൽ പങ്കുചേർന്നു. യാദവിന്റെ മുഖത്ത് മുളകുപൊടി വിതറപ്പെട്ടു. തലയ്ക്ക് പല ഇഷ്ടികകളും വന്നിടിച്ചു. അയാളുടെ ദേഹത്തിന്റെ ഓരോ ഇഞ്ചിലും ആ സ്ത്രീകളുടെ കറിക്കത്തികൾ കയറിയിറങ്ങി. അയാളുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഭയന്നോടി. പത്തു മിനിട്ടു നേരം മാത്രമാണ് അയാളെ അവർ ആക്രമിച്ചത് .അതിനുള്ളിൽ അയാൾക്കേറ്റത് 70 ലധികം കുത്തുകളാണ്. അയാളെ വധിച്ചിട്ടും ക്രോധം അടങ്ങാഞ്ഞ ആ യുവതികൾ തങ്ങളെ ബലാത്സംഗം ചെയ്ത ആ ബലാത്സംഗിയുടെ ജനനേന്ദ്രിയം കറിക്കത്തിക്ക് അരിഞ്ഞെടുത്തിട്ടാണ് സ്ഥലം വിട്ടത്. 

"ഒന്നും മുൻ‌കൂർ പ്ലാൻ ചെയ്തുകൊണ്ടായിരുന്നില്ല." ഉഷാ നാരായണെ പറഞ്ഞു. അപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെ സംഭവിച്ചു പോയി. ഇനി ജീവപര്യന്തം ജയിലിൽ കഴിച്ചുകൂട്ടേണ്ടി വന്നാലും ശരി അയാളെ പേടിച്ച് ഒരു നിമിഷം പോലും ഇനി കഴിയുന്ന പ്രശ്നമില്ല എന്ന് അവർ തീരുമാനിക്കുകയായിരുന്നു. 

ആക്രമണം പൂർത്തിയാക്കി അവർ മടങ്ങിയപ്പോൾ ആ കോടതി അങ്കണം ചോരയാൽ ചുവന്നു. പതിനഞ്ചു മിനിറ്റിനുള്ളിൽ തന്നെ അയാൾ ചത്തുമലച്ചു കിടന്നു. ചേരിനിവാസികളായ അഞ്ചു സ്ത്രീകളെ അക്കുയാദവിന്റെ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യാൻ അധികാരികൾ ശ്രമിച്ചെങ്കിലും, ചേരിയിലെ സകല സ്ത്രീകളും ഈ കുറ്റത്തിൽ തുല്യ പങ്കാളിത്തം ഏറ്റുപറഞ്ഞുകൊണ്ട് മുന്നോട്ടുവന്നതോടെ പൊലീസ് കുഴങ്ങി. അക്കാലത്ത് ഉഷാ നാരായണെ അടക്കമുള്ള പലർക്കും എതിരെ കേസ് നടന്നു എങ്കിലും, 2012 -ൽ അവരെല്ലാം തന്നെ തെളിവില്ല എന്ന പേരിൽ കുറ്റവിമുക്തരാക്കപ്പെട്ടു. 

അക്കു യാദവിനെ ആ ആൾക്കൂട്ടം ഇല്ലാതാക്കിയത് ബലാത്സംഗം ചെയ്യപ്പെട്ട അമ്പതിൽ അധികം യുവതികളുടെ വേദനകൾക്ക് പരിഹാരമാവില്ല എങ്കിലും, സമൂഹത്തിന്റെ കണ്ണുകൾ തുറപ്പിക്കാൻ തങ്ങളുടെ പ്രവൃത്തിക്കായി എന്നാണ് അവർ ഇന്നും ഉറച്ചുവിശ്വസിക്കുന്നത്. 

 

click me!