ഗാന്ധിജിയെ ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്ത് ശിക്ഷിച്ചപ്പോൾ

By Web TeamFirst Published Jan 30, 2021, 2:15 PM IST
Highlights

"ഒരു ഭരണകൂടത്തോട് അതിന്റെ കീഴിൽ ജീവിക്കുന്ന പൗരന്മാരുടെ മനസ്സിൽ പ്രതിപത്തി യാന്ത്രികമായി ഉത്പാദിപ്പിച്ചെടുക്കാവുന്ന ഒന്നല്ല" എന്ന് ഗാന്ധിജി ശക്തിയുക്തം കോടതിയിൽ വാദിച്ചു. 

1922 ലായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധിക്കെതിരെ ബ്രിട്ടീഷ് ഗവൺമെന്റ്, ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ '124A എന്ന വകുപ്പ് പ്രകാരം ദേശദ്രോഹ കുറ്റം ചുമത്തി കേസെടുക്കുന്നത്. "രാജ്യം ഭരിക്കുന്ന ഗവൺമെന്റിനെതിരെ ജനങ്ങളുടെ മനസ്സിൽ വെറുപ്പുത്പാദിപ്പിക്കാൻ ശ്രമിച്ചു" എന്നതായിരുന്നു അന്ന് ഗാന്ധിജിക്കുമേൽ ചുമത്തപ്പെട്ട കുറ്റം. ഈ കേസിന്റെ വിചാരണ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തപ്പെട്ട ഉജ്ജ്വലമായ വാദപ്രതിവാദങ്ങളാൽ സമ്പന്നമാണ്.  ലണ്ടനിൽ നിന്ന് പരിശീലനം സിദ്ധിച്ച ബാരിസ്റ്ററായ ഗാന്ധിജി തന്റെ കേസ് സ്വയം വാദിക്കുകയായിരുന്നു. ആ വാദങ്ങളിലൂടെ കൂടുതൽ പേരെ ബ്രിട്ടീഷുകാർക്കെതിരെ തിരിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. 

അന്ന് ആ കോടതി മുറിയിൽ അരങ്ങേറിയത്,  അക്ഷരാർത്ഥത്തിൽ ഒരു രാഷ്ട്രീയ തിരനാടകം തന്നെ ആയിരുന്നു. ഒരു എഴുത്തുകാരൻ എന്ന നിലയ്ക്കും, പ്രഭാഷകൻ, താർക്കികൻ എന്നീ നിലകളിലുമുള്ള ഗാന്ധിജിയുടെ സിദ്ധികൾ ഈ വിചാരണയ്ക്കിടെ പുറത്തുവന്നു. വിചാരണയ്ക്ക് സാക്ഷ്യം വഹിച്ച ബ്രിട്ടീഷുകാരും, ഇന്ത്യൻ മിഡിൽക്ളാസ്സ്‌ പൗരന്മാരും, ഇന്ത്യയിലെ വെറും സാധാരണക്കാരും എല്ലാം ഗാന്ധിജിയുടെ വാദങ്ങളെ അവരവർക്ക്  ശരിയെന്നുതോന്നുന്ന രീതിയിൽ അപഗ്രഥിച്ചു.

"ഒരു ഭരണകൂടത്തോട് അതിന്റെ കീഴിൽ ജീവിക്കുന്ന പൗരന്മാരുടെ മനസ്സിൽ പ്രതിപത്തി യാന്ത്രികമായി ഉത്പാദിപ്പിച്ചെടുക്കാവുന്ന ഒന്നല്ല" എന്ന് ഗാന്ധിജി ശക്തിയുക്തം കോടതിയിൽ വാദിച്ചു. അത് ഭരണകൂടം അതിന്റെ പൗരന്മാരോട് കാണിക്കുന്ന പരിഗണനയും കരുതലും കാരണം സ്വാഭാവികമായി ഉണ്ടായി വരേണ്ടുന്നതാണ്, അത് നിയമം കൊണ്ടോ ബലപ്രയോഗത്താലോ ഒന്നും നടപ്പിൽ വരുത്താൻ സാധിക്കില്ല എന്നും അദ്ദേഹം ബോധിപ്പിച്ചു. ഇന്ത്യയിലെ ജനങ്ങളോട് നന്മയെക്കാൾ തിന്മ മാത്രം പ്രവർത്തിച്ചിട്ടുള്ള ബ്രിട്ടീഷ് ഗവൺമെന്റിനോട് തന്റെ മനസ്സിൽ ഇപ്പോൾ ഏറെ സ്വാഭാവികമായും ഉള്ളത് 'ദ്വേഷം' മാത്രമാണ് എന്നും ഗാന്ധിജി അറിയിച്ചു. "എനിക്ക് ഒന്നുകിൽ ജനദ്രോഹപരമായ നയങ്ങൾ വെച്ചുപുലർത്തുന്ന ഒരു ഭരണകൂടത്തിന് അടിമപ്പെട്ട് ജീവിക്കാം, അല്ലെങ്കിൽ ആ ഭരണകൂടത്തിന്റെ അതിക്രമങ്ങളെക്കുറിച്ച് എന്റെ വായിൽ നിന്ന് കേൾക്കുന്ന ജനങ്ങൾ അതിനോട് പ്രതികരിക്കുന്ന സാഹചര്യത്തിന് കാരണമാകാം." എന്നാണ് അന്ന് ഗാന്ധിജി കോടതി മുൻപാകെ ബോധിപ്പിച്ചത്. 

അതിനു ശേഷം ഗാന്ധിജി ജഡ്ജിയോട് നടത്തിയത് ഏറെ അപൂർവങ്ങളിൽ അപൂർവമായ ഒരു അഭ്യർത്ഥനയാണ്. "ഞാൻ ഒരു നിരപരാധിയാണ് എന്നും, എന്നെ വിചാരണ ചെയ്യാൻ വേണ്ടി എന്റെ മേൽ ചുമത്തപ്പെട്ടിട്ടുള്ളത് ഒരു കരിനിയമമാണ് എന്നും അങ്ങേക്ക് ബോധ്യപ്പെടുന്നുണ്ട് എങ്കിൽ, ആ തിന്മയിൽ നിന്ന് ഒഴിവാക്കാൻ അങ്ങ് ന്യായാധിപസ്ഥാനത്തിൽ നിന്ന് രാജിവെക്കണം എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്".  താൻ മാപ്പുചോദിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും, നിയമം ഗുരുതര കുറ്റമെന്ന് പറയുന്ന ഈ കാര്യങ്ങൾ തന്നെയാണ് ഒരു പൗരൻ എന്ന നിലയ്ക്കുള്ള തന്റെ പ്രാഥമികമായ കർത്തവ്യങ്ങളെന്നാണ് താൻ കരുതുന്നത് എന്നും ഗാന്ധിജി പറഞ്ഞു. എല്ലാം കണ്ടുകൊണ്ട് ഒരു ദൈവം മുകളിലുണ്ടെങ്കിൽ ഇന്ത്യയോട്, ഇവിടത്തെ ജനങ്ങളോട് ബ്രിട്ടീഷ് ഭരണകൂടം പ്രവർത്തിക്കുന്ന കൊടും ക്രൂരതകൾക്ക് ഒരു നാൾ ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം കോടതിയെ ഓർമിപ്പിച്ചു. 

ഗാന്ധിജി തന്റെ ഭാഗം വിശദീകരിച്ചുകൊണ്ടുള്ള വാദം പൂർത്തിയാക്കിയ ശേഷം, കേസ് പരിഗണിച്ച ജഡ്ജി, അതിനു മുമ്പ് നടന്ന ലോകമാന്യ ബാലഗംഗാധര തിലകിന്റെ വിചാരണയും ആ കേസിലെ കോടതി വിധിയും ഉദ്ധരിച്ചുകൊണ്ട്, സമാനമായ കുറ്റമാണ് എന്ന് ചൂണ്ടിക്കാട്ടി, ഗാന്ധിജിക്കും ആറുവർഷത്തെ ജയിൽ ശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവിട്ടു. തനിക്ക് കോടതിവിധിച്ച ശിക്ഷ പൂർണ്ണമനസ്സോടെ സ്വീകരിക്കുന്നു എന്ന് പറഞ്ഞ ഗാന്ധിജിയെ കോടതിയിൽ നിന്ന് നേരെ സാബർമതി ജയിലിലേക്കു മാറ്റുകയും ചെയ്യുന്നു. 

കേസിൽ ശിക്ഷിക്കപ്പെട്ടു കൽത്തുറുങ്കിൽ അടക്കപ്പെട്ടു എങ്കിലും, ആ വിചാരണ സത്യത്തിൽ ബ്രിട്ടീഷ് ഭരണകൂടത്തിനുമേൽ ഗാന്ധിജിക്ക് നൽകിയത് താത്വികമായ വിജയം തന്നെ ആയിരുന്നു. അത് ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തിന്റെ അഹങ്കാരത്തിനേറ്റ കനത്ത ഒരു പ്രഹരം തന്നെ ആയിരുന്നു. അത് ഒരിക്കലും നീതിപീഠവും ഒരു വിപ്ലവകാരിയായ മനുഷ്യനും തമ്മിൽ നടന്ന വ്യവഹാരമല്ലായിരുന്നു. ഇന്ത്യാ മഹാരാജ്യവും ബ്രിട്ടീഷ് കൊളോണിയൽ അധികാരവ്യവസ്ഥയും തമ്മിൽ നടന്ന നേർക്കുനേർ അങ്കം തന്നെ ആയിരുന്നു. ആ നിലയ്ക്ക് തികച്ചും അവിസ്മരണീയമായ ഒന്നായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഒന്നാണ് ഗാന്ധിജിക്കെതിരെ നടന്ന ആ 'രാജ്യദ്രോഹ' കുറ്റം ചുമത്തിയുള്ള വിചാരണ. 
 

click me!