
നെറ്റ്ഫ്ലിക്സിൽ അടുത്തിടെയാണ് ക്രൈം സീരീസായ 'Dahmer-Monster: The Jeffrey Dahmer Story' റിലീസായത്. സെപ്തംബർ 21-ന് പുറത്തിറങ്ങിയതുമുതൽ ആകെയും സംസാരവിഷയമാണ് ഡാമർ. ചരിത്രത്തിലെ തന്നെ ക്രൂരനായ സീരിയൽ കില്ലറായി അറിയപ്പെടുന്ന ജെഫ്രി ഡാമറിന്റെ ജീവിതമാണ് 10 ഭാഗങ്ങളുള്ള ഈ വെബ് സീരീസ്.
13 വർഷത്തിനുള്ളിൽ 17 ആളുകളെയാണ് ഡാമർ കൊന്നുകളഞ്ഞത്. ഇയാൾ ശിശുപീഡകനും നരമാംസഭോജിയാണ് എന്നും ശവരതി ആസ്വദിച്ചിരുന്നു എന്നും പറയുന്നു. ലോകത്തിന്റെ പല ഭാഗത്തിരുന്നും അനേകം അനേകം ആളുകളാണ് ഡാമറിന്റെ ജീവിതത്തെ കുറിച്ച് പറയുന്ന സീരീസ് നെറ്റ്‍ഫ്ലിക്സിൽ കണ്ടത്.
ഡാമറിന്റെ ഇരകളിൽ അധികവും സാമ്പത്തികമായും മറ്റും പിന്നോക്കം നിൽക്കുന്ന ആൺകുട്ടികളായിരുന്നു. ഏതായാലും നിരവധി ആളുകൾ സീരീസിനെ പുകഴ്ത്തിയപ്പോൾ അതിനെതിരെ വിമർശനവും ഉണ്ടായി. അതിൽ പ്രധാനപ്പെട്ട വിമർശനങ്ങൾ ഉന്നയിച്ചത് ഇരകളുടെ കുടുംബം തന്നെ ആയിരുന്നു. തങ്ങളെ വീണ്ടും ആ ദുരന്തത്തെ കുറിച്ച് ഓർമ്മപ്പെടുത്തിയെന്നും വേദനിപ്പിച്ചു എന്നും പറഞ്ഞവരുണ്ടായിരുന്നു.
ആരാണ് ഡാമർ?
1960 മെയ് 21 -നാണ് ഡാമർ ജനിച്ചത്. ലയണലും ജോയ്സ് ഡാമറും ആയിരുന്നു മാതാപിതാക്കൾ. വിസ്കോൺസിൻ ആണ് സ്ഥലം. വളരെ ചെറുപ്പത്തിൽ തന്നെ സാഡിസ്റ്റിക്കായി പെരുമാറിയിരുന്നു ഡാമർ. മകൻ ചെറുപ്പത്തിൽ തന്നെ മൃഗങ്ങളെ വെറും തമാശയ്ക്ക് വേണ്ടി കീറിമുറിച്ചിരുന്നു എന്ന് അയാളുടെ അച്ഛൻ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഒരു കോമാളിയെ പോലെ പെരുമാറി സഹപാഠികളെ ചിരിപ്പിക്കുകയും പലപ്പോഴും പറ്റിക്കുകയും ചെയ്തിരുന്ന ഡാമറിന് ക്ലാസിൽ ഒരുപാട് ആരാധകരുണ്ടായിരുന്നു. പിന്നീട് ദാമറിന്റെ ക്രൂരമായ കൊലപാതകങ്ങളെ കുറിച്ചറിഞ്ഞ അവർ ഞെട്ടിത്തരിച്ചുപോയി എന്നും പറയുന്നു.
1978 ജൂൺ 18 -ന് തന്റെ പതിനെട്ടാമത്തെ വയസിലാണ് ഡാമർ ആദ്യത്തെ കൊല നടത്തുന്നത്. സ്റ്റീവൻ ഹിക്ക് എന്നൊരാളെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഒരു വലിയ ചുറ്റിക കൊണ്ട് അവനെ അടിച്ചു കൊല്ലുകയായിരുന്നു. അതിന് കാരണമായി അയാൾ പിന്നീട് പൊലീസിനോട് പറഞ്ഞത് 'അവൻ അവിടെനിന്നും പോകണം എന്നു പറഞ്ഞു, അവനങ്ങനെ പോകുന്നത് തനിക്ക് ഇഷ്ടമായിരുന്നില്ല, അതുകൊണ്ട് കൊന്നു' എന്നാണ്.
പിന്നീടും അനേകം പേരെ ഡാമർ കൊന്ന് കളഞ്ഞു. കൊല്ലുക മാത്രമല്ല, മൃതദേഹത്തെ ബലാത്സംഗം ചെയ്യുകയും ശരീരഭാഗങ്ങൾ വെട്ടിമുറിക്കുകയും കഴിക്കുകയും ചെയ്തു എന്ന് പറയുന്നു. ഏതായാലും 13 വർഷങ്ങൾക്കുള്ളിൽ ഇയാൾ നടത്തിയത് 17 കൊലപാതകങ്ങളാണ്.
ഇയാളുടെ അന്ത്യം വെറും മരണമായിരുന്നില്ല. അതും ഒരു കൊലപാതകമായിരുന്നു. 1992 മെയ് ഒന്നിന് ഇയാളെ ജീവപര്യന്തത്തിന് ശിക്ഷിച്ചു, കൊളംബിയ കറക്ഷണൽ ഇൻസ്റ്റിറ്റിയൂഷനിലേക്ക് മാറ്റി. അവിടെ വച്ച് സഹതടവുകാരനായ ക്രിസ്റ്റഫർ സ്കാർവർ ഒരു വഴക്കിനിടെ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.