Rakesh Khatri : പക്ഷികൾക്ക് കൂടുണ്ടാക്കി, സംരക്ഷിക്കാനാരെങ്കിലും ജീവിതം മാറ്റിവയ്ക്കുമോ? ഈ മനുഷ്യൻ അത് ചെയ്തു!

Published : Feb 07, 2022, 12:41 PM IST
Rakesh Khatri : പക്ഷികൾക്ക് കൂടുണ്ടാക്കി, സംരക്ഷിക്കാനാരെങ്കിലും ജീവിതം മാറ്റിവയ്ക്കുമോ? ഈ മനുഷ്യൻ അത് ചെയ്തു!

Synopsis

പക്ഷികളുടെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട അദ്ദേഹം ചകിരിച്ചോറും പൊട്ടിയ പാത്രങ്ങളും ഉപയോഗിച്ച് പക്ഷികൾക്കായി കൂടുണ്ടാക്കാൻ തുടങ്ങി. ആദ്യശ്രമം വിജയിച്ചില്ലെങ്കിലും തളരാതെ അദ്ദേഹം വീണ്ടും ശ്രമിച്ചു. 

കുരുവികൾക്കൊപ്പമായിരുന്നു രാകേഷ് ഖത്രി(Rakesh Khatri)യുടെ ബാല്യകാലം. അവ ചിലക്കുന്നതും, കൂടുകൂട്ടുന്നതും, കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതും എല്ലാം ഏതൊരു കൊച്ചുകുട്ടിയേയും പോലെ അദ്ദേഹവും കൗതുകത്തോടെ നോക്കിനിന്നു. ഓൾഡ് ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിലായിരുന്നു അദ്ദേഹത്തിന്റെ വീട്. സ്‌കൂൾ വിട്ട് വീട്ടിലെത്തിയാൽ ആ ബാലൻ തന്റെ വീടിന്റെ ടെറസിലേക്കായിരുന്നു ആദ്യം ഓടിയെത്തിയിരുന്നത്. അവിടെ അദ്ദേഹത്തെയും കാത്ത് ഇരിക്കുന്ന കുരുവികൾക്ക് അദ്ദേഹം ധാന്യമണികൾ ഇട്ടു കൊടുക്കും. അതെല്ലാം കൊത്തിത്തിന്ന് വയർ നിറയുമ്പോൾ പക്ഷികൾ തിരികെ പോകും. അത് പറന്നകലുന്നതും നോക്കി അദ്ദേഹം അവിടെ തന്നെ ഇരിക്കും. എന്നാൽ, കുട്ടിക്കാലത്ത് തോന്നിയ പക്ഷികളോടുള്ള ഈ സ്നേഹം അദ്ദേഹത്തിന് വലുതായപ്പോൾ അധികരിച്ചു. ഒടുവിൽ ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ പരിസ്ഥിതി പ്രവർത്തകനായി രാകേഷ് ഖത്രി മാറി. ഇന്ന് അദ്ദേഹത്തിന്റെ ജീവിതം കുരുവികളുടെ സംരക്ഷണത്തിന് വേണ്ടി ഉഴിഞ്ഞു വച്ചിട്ടുള്ളതാണ്.  ഇന്ത്യയുടെ 'നെസ്റ്റ് മാൻ'(Nest man) എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് തന്നെ.

ഖത്രി പക്ഷികൾക്കായി പരിസ്ഥിതി സൗഹൃദ കൂടുകൾ നിർമ്മിച്ച് നൽകുന്നു. അദ്ദേഹം ഇതുവരെ 2.5 ലക്ഷത്തിലധികം കൂടുകൾ നിർമ്മിച്ചിട്ടുണ്ട്. ഇത് കൂടാതെ, ആളുകളെ കൂടുണ്ടാക്കാനും ഖത്രി പഠിപ്പിക്കുന്നു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയാണ് അദ്ദേഹം ഇതുവരെ ഈ വിദ്യ പഠിപ്പിച്ചത്. പക്ഷികൾക്കായി ഈ കൂടുകൾ നിർമ്മിച്ചതിന് നിരവധി അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഒരാൾക്ക് ഒരു വീട് ഉണ്ടാക്കി നൽകുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല എന്നാണ് അദ്ദേഹം ഇതിനെ കുറിച്ച് പറയുന്നത്. "തുടക്കത്തിൽ, ആളുകൾ എന്നെ കളിയാക്കാറുണ്ടായിരുന്നു. നിങ്ങൾ ഉണ്ടാക്കിയ കൂടുകളിൽ പക്ഷികൾ എങ്ങനെ താമസിക്കുമെന്ന് ചോദിക്കുമായിരുന്നു. എന്നാൽ, അവ മനുഷ്യർ നിർമിച്ച കൂടുകളിൽ പ്രവേശിക്കാനും, അവിടെ താമസമാക്കാനും തുടങ്ങി” അദ്ദേഹം പറഞ്ഞു.

ഫോട്ടോഗ്രാഫറും ഒരു ഡോക്യുമെന്ററി നിർമ്മാതാവുമായിരുന്നു അദ്ദേഹം. പ്രദേശത്ത് കുരുവികളുടെ എണ്ണം കുറയാൻ തുടങ്ങി. നഗരത്തിൽ അവയെ കണ്ട് കിട്ടാൻ പോലും പ്രയാസമായി. ഇതോടെ അവയെ സംരക്ഷിക്കാനായി 2008 -ൽ അദ്ദേഹം തന്റെ ജോലി രാജിവച്ചു. പണ്ടൊക്കെ പഴയ ദില്ലിയിലെ തന്റെ വീട്ടിന്റെ മൂലകളിൽ പക്ഷികൾ ഇഷ്ടം പോലെ കൂടുകൂട്ടുമായിരുന്നെന്ന് അദ്ദേഹം പറയുന്നു. പലപ്പോഴും ഫാനിന്റെ മുകളിൽ വരെ കൂടുകൾ കാണുമെന്ന് അദ്ദേഹം ഓർക്കുന്നു. പിന്നീട് അദ്ദേഹം അശോക് നഗറിലേക്ക് താമസം മാറി. അവിടെ നഗരവൽക്കരണം മൂലം പക്ഷികൾ അപ്രത്യക്ഷമാകുന്നത് അദ്ദേഹം വേദനയോടെ തിരിച്ചറിഞ്ഞു. കൂടുകൾ ഉണ്ടാക്കാനായി കെട്ടിടങ്ങൾക്കുള്ളിൽ അവ കയറാൻ ശ്രമിക്കുന്നത് അദ്ദേഹം കണ്ടു.  

പക്ഷികളുടെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട അദ്ദേഹം ചകിരിച്ചോറും പൊട്ടിയ പാത്രങ്ങളും ഉപയോഗിച്ച് പക്ഷികൾക്കായി കൂടുണ്ടാക്കാൻ തുടങ്ങി. ആദ്യശ്രമം വിജയിച്ചില്ലെങ്കിലും തളരാതെ അദ്ദേഹം വീണ്ടും ശ്രമിച്ചു. തൂക്കം കുറഞ്ഞ എന്നാൽ തൂക്കിയിടാൻ കഴിയുന്ന മുളത്തടികൾ, ചണനൂൽ, ചകിരിച്ചോർ എന്നിവ കൊണ്ടുള്ള കൂടുകൾ അദ്ദേഹം പണിതു. ഇക്കുറി കൂടുണ്ടാക്കി നാലാം ദിവസം പക്ഷികളെത്തി. ആളുകളെ കൂടുണ്ടാക്കാൻ പഠിപ്പിക്കുന്നത്തിനായി ഏറ്റവും കൂടുതൽ ശിൽപശാലകൾ നടത്തിയതിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ അദ്ദേഹം ഇടം നേടിയിട്ടുണ്ട്. രാജ്യത്തുടനീളം ശിൽപശാലകൾ നടത്തുന്ന ഇക്കോ റൂട്ട്‌സ് ഫൗണ്ടേഷൻ എന്ന സംഘടനയും അദ്ദേഹം ആരംഭിച്ചതാണ്. പലപ്പോഴും അദ്ദേഹം നിർമ്മിച്ച കൂടുകൾ ആളുകൾ നശിപ്പിക്കാറുണ്ട് എന്നദ്ദേഹം പറയുന്നു. എന്നാൽ, അവർ ഒരെണ്ണം നശിപ്പിച്ചാൽ, തങ്ങൾ അഞ്ചെണ്ണം വേറെ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV
click me!

Recommended Stories

ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകും, മണിക്കൂറുകൾ കഴിഞ്ഞാണ് വരുന്നത്, ജീവനക്കാരനെ പിരിച്ചുവിട്ടു, തെറ്റില്ലെന്ന് കോടതിയും
'ഈ ന​ഗരത്തിൽ ജീവിക്കുന്നത് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതുപോലെയാണ്, സമ്മാനമില്ലെന്ന് മാത്രം', യുവാവിന്റെ പോസ്റ്റ്