
ഒരു ബ്രിട്ടീഷ് സഞ്ചാരിയുടെ ഇന്ത്യയിൽ നിന്നുള്ള രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയടക്കം രാജ്യങ്ങളെ കോളനിവൽക്കരിക്കുകയും അവിടെ നിന്നും കടത്താൻ പറ്റാവുന്നതൊക്കെ കടത്തുകയും ചെയ്തിട്ടുള്ള ബ്രിട്ടീഷ് പാരമ്പര്യത്തെ കളിയാക്കിക്കൊണ്ടുള്ളതാണ് വീഡിയോ. ഈ വീഡിയോ പകർത്തിയിരിക്കുന്നത് ദില്ലിയിലെ ഇന്ത്യൻ മ്യൂസിയത്തിൽ നിന്നുമാണ്. വിദേശിയായ യുവാവാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് എന്നതാണ് ഏറെ കൗതുകകരം. അലക്സ് എന്ന യുവാവാണ് വീഡിയോ പകർത്തിയിരിക്കുന്നത്. അലക്സിനൊപ്പം ആമിന എന്ന യുവതിയുമുണ്ട്. ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണമാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
അലക്സും ആമിനയും കൂടി മ്യൂസിയത്തിന്റെ കോറിഡോറിലൂടെ നടക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. 'ആമിനാ, ഇന്ത്യയിലെ നാഷണൽ മ്യൂസിയത്തിൽ എന്തുകൊണ്ടാണ് പുരാവസ്തുക്കൾ വളരെ കുറവ് എന്ന് നിനക്കറിയാമോ?' എന്നാണ് അലക്സ് ചോദിക്കുന്നത്. വളരെ പെട്ടെന്നായിരുന്നു ആമിനയുടെ മറുപടി. 'എനിക്ക് തോന്നുന്നത് അവയെല്ലാം ലണ്ടനിലായതുകൊണ്ടാണ് എന്നാണ്' എന്നായിരുന്നു ആമിനയുടെ മറുപടി. അതിന് അലക്സ് നൽകുന്ന മറുപടി, 'ഓ അതേ, എനിക്ക് ഓർമ്മയുണ്ട്' എന്നാണ്.
'ഇന്ത്യയിലെ മ്യൂസിയങ്ങൾ ശൂന്യമായിരിക്കുന്നത് എന്തുകൊണ്ട്' എന്ന കാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. കൊളോണിയൽ ചരിത്രത്തെക്കുറിച്ചും ബ്രിട്ടീഷ് മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യൻ പുരാവസ്തുക്കളുടെ വിപുലമായ ശേഖരത്തെക്കുറിച്ചുമായിരുന്നു വീഡിയോയുടെ താഴെ വന്ന കമന്റുകളിൽ ഏറെയും. പലരും രസകരമായി തന്നെയാണ് വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. അപ്പോഴും ബ്രിട്ടന്റെ ചൂഷണത്തെ കുറിച്ച് പറയാൻ നെറ്റിസൺസ് മറന്നില്ല.
ഒരാൾ കമന്റ് നൽകിയിരിക്കുന്നത്, 'ഇന്ത്യയിലുള്ളതിനേക്കാൾ ഇന്ത്യയിലെ പുരാവസ്തുക്കൾ ലണ്ടനിലുണ്ട്' എന്നാണ്. 'എല്ലാം ബ്രിട്ടീഷുകാർ കട്ടുകൊണ്ടുപോയതുകൊണ്ട്' എന്നായിരുന്നു മറ്റൊരാളുടെ മറുപടി. നേരത്തെയും ഇതുപോലെ വീഡിയോ വൈറലായി മാറിയിരുന്നു. അന്ന് വീഡിയോയിൽ അലക്സ് ചോദിക്കുന്നത് 'താജ് മഹൽ എന്തുകൊണ്ടാണ് ബ്രിട്ടണിൽ അല്ലാത്തത്' എന്നാണ്. 'ബ്രിട്ടണിലേക്ക് കടത്താൻ പറ്റാത്തത്രയും വലുതായതുകൊണ്ടാണ്' എന്നായിരുന്നു മറുപടി.