അമ്മ നിരന്തരം പീഡിപ്പിക്കപ്പെട്ടു, 14 -ാമത്തെ വയസ്സില്‍ ഗര്‍ഭിണിയായി, ഒടുവില്‍ അച്ഛനവരെ കൊന്നുകളഞ്ഞു, എന്തിനായിരുന്നു?

By Web TeamFirst Published Nov 14, 2019, 6:51 PM IST
Highlights

ഇത് കേട്ടതോടെ തസ്‍നിം ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് ഈ സ്ത്രീയോ, അല്ലെങ്കില്‍ തന്‍റെ അമ്മയോ ഒന്നും ആരോടും ഈ ചൂഷണത്തെ കുറിച്ച് വെളിപ്പെടുത്താതിരുന്നത് എന്നും തസ്‍നി ആലോചിച്ചുപോയി. 

പന്ത്രണ്ടോ, പതിമൂന്നോ വയസ്സുള്ള പെണ്‍കുട്ടികളെ സ്നേഹം നടിച്ചു കീഴ്‍പ്പെടുത്തുക, പിന്നീട് അവരെ ബലാത്സംഗം ചെയ്യുകയും ശേഷം വില്‍ക്കുകയോ കൂടെപ്പാര്‍പ്പിച്ച് പീഡിപ്പിക്കുകയോ ചെയ്യുക... ടെല്‍ഫോര്‍ഡില്‍ നൂറുകണക്കിന് പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ ചൂഷണമനുഭവിച്ച് ആരുമറിയാതെ കഴിയുന്നത്. തസ്‍നിമിന്‍റെ അമ്മ ലൂസിയും അതിലൊരാളായിരുന്നു. പതിനാലാമത്തെ വയസ്സില്‍ അവള്‍ ഗര്‍ഭിണിയായി, പതിനാറാമത്തെ വയസ്സില്‍ അവളെ തസ്‍നിമിന്‍റെ അച്ഛന്‍ ചുട്ടുകൊന്നു. തസ്‍നിമും അമ്മയുടെ അച്ഛനും മാത്രമാണ് ഇന്നുള്ളത്. ഇനി, വേറൊരാള്‍ക്കും തന്‍റെ അമ്മയുടെ അവസ്ഥ വരാതിരിക്കാനായി തസ്‍നിം അവളുടെ  കഥ ലോകത്തോട് പറയുന്നു. 

അന്ന് തസ്‍നിം ലോവിന് വെറും പതിനാറ് മാസമായിരുന്നു പ്രായം. വീടിന് വെളിയിലെ ഒരു പാര്‍ക്കില്‍ ഒരു ആപ്പിള്‍ മരത്തിന് കീഴില്‍ പൊതിഞ്ഞുവെച്ച രൂപത്തിലൊരു കുഞ്ഞ്... ആ സമയത്ത് അവളുടെ വീട് കത്തിയമരുകയായിരുന്നു. അവളുടെ വീട് മാത്രമല്ല, അവളുടെ അമ്മയും മുത്തശ്ശിയും ഒരു ആന്‍റിയും ആ തീയില്‍ വെന്തമര്‍ന്നു. അവളുടെ പിതാവ് ടാക്സി ഡ്രൈവറായിരുന്ന അസ്‍ഹര്‍ അലി മെഹമൂദ് പറഞ്ഞത് വീടിന് തീപിടിച്ചപ്പോള്‍ മകളായ തസ്‍നിമിനെയും രക്ഷിച്ച്  അയാള്‍ പുറത്തേക്കെത്തുകയായിരുന്നു എന്നാണ്. എന്നാല്‍, ഭാര്യയേയും അവരുടെ അമ്മയേയും സഹോദരിയേയും തീവെച്ചുകൊന്ന കുറ്റത്തിന് അയാള്‍ പിന്നീട് അറസ്റ്റിലായി. പാതികത്തിയ വീട്ടില്‍നിന്ന് പെട്രോള്‍ പിടിച്ചെടുത്തതാണ് ഇയാളുടെ അറസ്റ്റിലേക്കെത്തിച്ചത്. 

ഈ കൊലപാതകങ്ങള്‍ നടന്നത് 2000 -ത്തിലാണ്. 'രാജ്യത്തിലെ ഏറ്റവും ക്രൂരനായ കൊലപാതകി'യെന്നും മറ്റും ലോക്കല്‍ പത്രങ്ങള്‍ അന്നയാളെ കുറിച്ചെഴുതി. ഇപ്പോള്‍ 18 വര്‍ഷമായിരിക്കുന്നു. ജീവപര്യന്തം തടവ് കഴിഞ്ഞ് അസര്‍ അലി മെഹ്മൂദ് പുറത്തിറങ്ങാന്‍ കാലമായിരിക്കുന്നു. എന്നാല്‍, തന്‍റെ അമ്മയുടെ കൊലപാതകത്തെ കുറിച്ചും അച്ഛന്‍റെ മോചനത്തെകുറിച്ചുമെല്ലാം പരോള്‍ ബോര്‍ഡിന് മുന്നില്‍ ചിലതെല്ലാം തസ്‍നിം വെളിപ്പെടുത്തി.

അമ്മ ലൂസിയുടെ ജീവിതത്തെയും മരണത്തെയും കുറിച്ച് അവള്‍ ചില അന്വേഷണങ്ങള്‍ ഒക്കെ നടത്തിയിട്ടുണ്ട്. 'എന്തുകൊണ്ടാണ് അച്ഛന്‍ അമ്മയെ കൊന്നത്, എന്‍റെ കുടുംബരഹസ്യങ്ങള്‍' (Why Dad Killed Mum: My Family’s Secret) എന്ന പേരില്‍ ബിബിസി -യില്‍ ഡോക്യുമെന്‍ററി തന്നെ അവള്‍ തയ്യാറാക്കിയിട്ടുണ്ട്. അതിലവള്‍ പറയാന്‍ ശ്രമിക്കുന്നത് അവളുടെ അമ്മ വളരെ ചെറുപ്പത്തില്‍ത്തന്നെ പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ചും ഗര്‍ഭിണിയാക്കപ്പെട്ടതിനെയും പിന്നീട് കൊല്ലപ്പെട്ടതിനെയും കുറിച്ചുമാണ്. 

അയാള്‍ക്കവരെ ശാരീരികമായി മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ

താന്‍ ഗര്‍ഭിണിയാണെന്ന് തസ്‍നിമിന്‍റെ അമ്മയായ ലൂസി ലോവ് തിരിച്ചറിയുമ്പോള്‍ അവള്‍ക്ക് പ്രായം വെറും 14 വയസ്സായിരുന്നു. കൊല്ലപ്പെടുമ്പോള്‍ ലൂസിയുടെ പ്രായം വെറും 16 വയസ്സും. അമ്മയെ താന്‍ ലൂസി എന്നേ വിളിക്കൂവെന്നും ഇപ്പോള്‍ തനിക്കുള്ള പ്രായം പോലും കൊല്ലപ്പെടുമ്പോള്‍ അവര്‍ക്കില്ലായിരുന്നുവെന്നും തസ്‍നിം പറയുന്നുണ്ട്. അസ്ഹറിന് ലൂസിയെക്കാള്‍ ഒമ്പത് വയസ്സ് കൂടുതലുണ്ടായിരുന്നു. എന്തുകൊണ്ടാണ് അമ്മ അച്ഛനൊപ്പം ജീവിക്കാന്‍ തയ്യാറായത്, എന്തുകൊണ്ടാണ് അമ്മ ഇത്ര ചെറുപ്പത്തില്‍ തന്നെ ഗര്‍ഭിണിയായത്, അതില്‍ എന്തുകൊണ്ടാണ് അമ്മയുടെ വീട്ടുകാര്‍ക്ക് യാതൊരു പ്രശ്‍നവും ഇല്ലാതിരുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് തസ്‍നിം ഉയര്‍ത്തുന്നത്. 

ലൂസി പതിമൂന്നാമത്തെ വയസ്സില്‍

തസ്‍നിം തയ്യാറാക്കിയ ഡോക്യുമെന്‍ററിയില്‍ തസ്‍നിമിന്‍റെ അമ്മാവന്‍ തന്നെ ലൂസിയുടെയും അസ്‍ഹറിന്‍റെയും ഇടയിലുള്ള പ്രശ്‍നങ്ങളെ കുറിച്ച് സമ്മതിക്കുന്നുണ്ട്. അസ്ഹര്‍ പൊസസ്സീവ് ആയിരുന്നുവെന്നും ശാരീരികാവശ്യങ്ങള്‍ക്ക് മാത്രമേ അയാള്‍ക്ക് ലൂസിയെ വേണ്ടൂവായിരുന്നുവെന്നും ലൂസിയുടെ രണ്ട് സുഹൃത്തുക്കളും  തസ്‍നിമിനോട് വെളിപ്പെടുത്തുന്നുണ്ട്. 

2018 മാര്‍ച്ചിലെ ആ ദിവസം, യാദൃച്ഛികമെന്ന് പറയട്ടെ അത് മദേഴ്‍സ് ഡേ ആയിരുന്നു - ഒരു പത്രത്തിന്‍റെ ആദ്യപേജില്‍ ഒരു വാര്‍ത്ത വന്നു. അതില്‍ പറയുന്നത് ഇത്തരത്തില്‍ കുട്ടികളെ വരുതിയിലാക്കുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്യുന്നതിനെ കുറിച്ചായിരുന്നു. ടെല്‍ഫോര്‍ഡില്‍ നൂറുകണക്കിന് പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും പത്രത്തിലുണ്ടായിരുന്നു. ഏതായാലും അതിനൊപ്പം തസ്‍നിമിന്‍റെ അമ്മയുടെ കൊലപാതകത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളും അവരുടെ ചിത്രവുമുണ്ടായിരുന്നു. ലൂസിയെ ഒരു സെക്സ് ഗാങ് വരുതിയിലാക്കുകയായിരുന്നുവെന്നും അതില്‍ പരാമര്‍ശിക്കുന്നുണ്ടായിരുന്നു.

അതെഴുതാനായും അന്വേഷണത്തിനുമായി ആ മാധ്യമ പ്രവര്‍ത്തകന് മൂന്ന് വര്‍ഷം വേണ്ടിവന്നു. അന്വേഷണസമയത്ത്, ലൈംഗിക ചൂഷണം നേരിടേണ്ടി വന്ന പെണ്‍കുട്ടികള്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. ലൂസിയുടെ പടം കാണിച്ച് ഇതേ അവസ്ഥ വരണോ എന്ന് ഭീഷണിപ്പെടുത്തുന്നതായിട്ടാണ് അവര്‍ വെളിപ്പെടുത്തിയത്. പൊലീസിനോടോ മറ്റോ അവര്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് പറഞ്ഞാല്‍ അതുപോലെ കത്തിച്ചുകളയുമെന്നായിരുന്നുവത്രെ അവരുയര്‍ത്തിയിരുന്ന ഭീഷണി. അവിടെനിന്നുമാണ് ഈ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ തസ്‍നിം തയ്യാറാകുന്നത്. 

ഓരോ വീട്ടിലും ഒരാളെങ്കിലും...

പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന വലിയൊരു വ്യവസ്ഥയെ കുറിച്ചുള്ള വിവരങ്ങള്‍ തന്നെ തസ്‍നിമിന്‍റെ അന്വേഷണത്തില്‍ വെളിപ്പെട്ടു. പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു, മര്‍ദ്ദിക്കപ്പെടുന്നു, വില്‍ക്കപ്പെടുന്നു, എന്തിന് കൊല്ലപ്പെടുക വരെ ചെയ്യുന്നു. അതിനെ അതിജീവിച്ചവര്‍ എങ്ങനെയാണ് ഈ ചൂഷണങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിശദീകരിച്ചു. ഈ ചൂഷണം ചെയ്യാനായി വരുന്ന പുരുഷന്മാര്‍ വളരെ സ്നേഹത്തോടെയാണ് പെണ്‍കുട്ടികളോട് ആദ്യം ഇടപെടുക. പിന്നീട്, ടെല്‍ഫോര്‍ഡിന്‍റെ പ്രാന്തപ്രദേശത്തുള്ള മനോഹരമായ റിക്കീനിലേക്കോ വേറെവിടേക്കെങ്കിലുമോ കൊണ്ടുപോവുകയും അവരെ തനിച്ചോ സുഹൃത്തുക്കളുമായി ചേര്‍ന്നോ ചൂഷണം ചെയ്യുകയും ചെയ്യുന്നു. 

അതുപോലെ ഒരു തെരുവുണ്ട്. അതില്‍ ഏഴോ എട്ടോ വീടുകള്‍... അവിടെ ഓരോ വീട്ടിലും ഒന്നോ അതിലധികമോ ഇത്തരം പുരുഷന്മാരുണ്ട് എന്നാണ് പറയുന്നത്. പെണ്‍കുട്ടികളെ വാങ്ങുകയും ബലാത്സംഗം ചെയ്യുകയും പിന്നീട് വില്‍ക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. അതിലൂടെ മാത്രം എത്രയോ പണം ഇവര്‍ നേടുന്നു. അതിനെ കുറിച്ചറിഞ്ഞപ്പോഴാണ് തന്‍റെ അച്ഛനും അമ്മയും തമ്മിലുള്ള ബന്ധമെങ്ങനെയായിരുന്നുവെന്ന് തസ്‍നിം അന്വേഷിച്ചു തുടങ്ങുന്നത്. എങ്ങനെയാണ് അമ്മയെ അയാള്‍ തന്‍റെ വരുതിയിലാക്കിയത്, എങ്ങനെയാണ് അവര്‍ കൊല്ലപ്പെട്ടത് എന്നെല്ലാം അവള്‍ക്ക് അറിയേണ്ടതുണ്ടായിരുന്നു. ലൂസിയും അസ്ഹറും ഡേറ്റ് ചെയ്‍ത് തുടങ്ങുമ്പോള്‍ 13 വയസ്സായിരുന്നു ലൂസിയുടെ പ്രായം. അസ്ഹറിന്‍റേത് 24 വയസ്സും. 

2000 -ത്തില്‍ തന്‍റെ അച്ഛനെതിരെയുണ്ടായ കോടതി വിധിയിലൂടെയും തസ്‍നിം വിശദമായി കടന്നുപോയി. ലൂസിയുടെ സുഹൃത്തുക്കളും ചില സുപ്രധാന കാര്യങ്ങള്‍ തസ്‍നിമിനെ അറിയിച്ചു. അസ്ഹര്‍, മറ്റാരെങ്കിലും ലൂസിയുമായി ബന്ധത്തിലുണ്ടായിരുന്നോ എന്നറിയാനായി ലൂസിയുടെ ശരീരം എപ്പോഴും പരിശോധിച്ചിരുന്നുവെന്നും അവളെ നിരീക്ഷിച്ചിരുന്നുവെന്നും അവര്‍ പറയുന്നു. അയാള്‍ക്ക് ഭയങ്കരമായ പൊസസ്സീവ്നെസ്സ് ഉണ്ടായിരുന്നുവെന്ന് മാത്രമല്ല അവളുമായുള്ള ശാരീരികബന്ധത്തിന് അയാള്‍ അടിമയുമായിരുന്നു. അതുമാത്രമായിരുന്നു അയാള്‍ക്ക് വേണ്ടിയിരുന്നതും. 

അതിനിടെ ലൂസിയുടെ ഒരു സുഹൃത്ത് തസ്‍നിമിനെ കാണണമെന്ന് അറിയിച്ചിരുന്നു. അവര്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. അവരെയും അസ്ഹര്‍ പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു വെളിപ്പെടുത്തല്‍. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയായിരുന്നു, 'ഒരുദിവസം ടാക്സിയില്‍വെച്ചാണ് അസ്ഹറിനെ ഞാന്‍ കാണുന്നത്. ഞാന്‍ ആശങ്കാകുലയായിരുന്നു. അയാള്‍ എന്നെയും കൊണ്ടുപോയി. ആദ്യമൊക്കെ ഒരാള്‍ നമ്മെ സ്നേഹത്തോടെ പരിചരിക്കും പോലെയായിരുന്നു അത്. നമ്മളെ കേള്‍ക്കാനൊരാളുള്ള പോലെ, എപ്പോഴും അയാളെന്നെ സഹായിക്കാന്‍ ശ്രമിച്ചിരുന്നു. ഒരുദിവസം അത് അയാളോടൊപ്പം ഉറങ്ങുന്നതിലാണ് അവസാനിച്ചത്. അയാള്‍ക്കറിയാമായിരുന്നു അയാള്‍ക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന്. ആദ്യദിവസം മുതല്‍ തന്നെ അയാളെന്നെ വരുതിയിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അയാളുടെ ഒരു സുഹൃത്താണ് അയാളെ എനിക്ക് പരിചയപ്പെടുത്തുന്നത്. അന്നവിടെ അസ്ഹറും സുഹൃത്തുമുണ്ടായിരുന്നു. അവര്‍ ഒരു കുപ്പി വോഡ്‍ക പൊട്ടിച്ചു. എനിക്കന്ന് പതിനഞ്ച് വയസ്സേ ഉണ്ടായിരുന്നുള്ളൂ. മദ്യം കഴിച്ചതോടെ ഞാന്‍ ക്ഷീണിതയായി. അവര്‍ പൊട്ടിച്ചിരിച്ചു. പിന്നെ എന്നെ ബലാത്സംഗം ചെയ്‍തു.'

ഇത് കേട്ടതോടെ തസ്‍നിം ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് ഈ സ്ത്രീയോ, അല്ലെങ്കില്‍ തന്‍റെ അമ്മയോ ഒന്നും ആരോടും ഈ ചൂഷണത്തെ കുറിച്ച് വെളിപ്പെടുത്താതിരുന്നത് എന്നും തസ്‍നി ആലോചിച്ചുപോയി. അത് ചോദിച്ചപ്പോള്‍ ആ സ്ത്രീ പറഞ്ഞത്, ഞാനാകെ ഭയന്നുപോയിരുന്നു. അതുകൊണ്ടുതന്നെ ആരോടും ഒന്നും പറയാനെനിക്കായില്ല എന്നാണ്. 

തസ്‍നിം അമ്മയുടെ ഡയറിയുമായി

ശേഷം തസ്‍നിം പൊലീസിനെ സമീപിച്ചു. അവളുടെ അമ്മയുടേതായി കൊലപാതകത്തിലെ അന്വേഷണത്തിന് വേണ്ടി ശേഖരിച്ച ചില വസ്‍തുക്കള്‍ അവര്‍ തസ്‍നിമിന് നല്‍കി. അതില്‍, കുറച്ച് പിറന്നാള്‍ കാര്‍ഡുകള്‍, ഒരു വാച്ച്, തസ്‍നിം ചെറുതായിരിക്കുമ്പോഴുള്ള ചില ചിത്രങ്ങള്‍, 1999 മുതല്‍ ലൂസി എഴുതിയിരുന്ന മൂന്ന് ഡയറികള്‍ എന്നിവയായിരുന്നു ഉണ്ടായിരുന്നത്. അതില്‍, ലൂസിയും സുഹൃത്തുക്കളും റിക്കീനില്‍ പോയതിനെ കുറിച്ചും മുതിര്‍ന്ന ചില പുരുഷന്മാരുമായി ശാരീരികബന്ധത്തിലേര്‍പ്പെടേണ്ടി വന്നതിനെകുറിച്ചും എഴുതിയിരുന്നു. അതുപോലെ തന്നെ അസ്‍ഹര്‍ ഒരിക്കല്‍ 'ഈ ബന്ധത്തെകുറിച്ച് പരാതിപ്പെടാനായി പൊലീസില്‍ പോയോ' എന്ന് ലൂസിയോട് ചോദിച്ചതിനെ കുറിച്ചും എഴുതിയിട്ടുണ്ട്. എന്നാല്‍, അങ്ങനെ പോയാല്‍ അവരെങ്ങനെ പ്രതികരിക്കുമെന്നതും അവളെ ആശങ്കയിലാക്കിയിരുന്നു. അതില്‍നിന്നുതന്നെ വ്യക്തമായിരുന്നു ലൂസിയും അസ്ഹറും തമ്മിലുള്ള ബന്ധം നിയമപരമോ ശരിയായ തരത്തിലുള്ളതോ ആയിരുന്നില്ലായെന്നത്. എന്നാല്‍, കൊലപാതകത്തിന് മുമ്പോ പിമ്പോ യാതൊരു തരത്തിലുള്ള ലൈംഗിക പീഡന കേസുകളും അസ്ഹറിന് മേലെ ചുമത്തപ്പെട്ടിട്ടില്ല. 

പീഡനം എന്ന് അലറിയിരുന്നു ആരും ശ്രദ്ധിച്ചിരുന്നില്ല

അച്ഛനുമായി വളരെ മോശമായ ഒരു ബന്ധത്തിലായിരുന്നു തന്‍റെ അമ്മ ലൂസി എന്ന് തസ്‍നിമിന് വ്യക്തമായിരുന്നു. മാത്രമല്ല, അസ്ഹര്‍ മാത്രമായിരുന്നില്ല വേറെയും പുരുഷന്മാര്‍ ലൂസിയെ ചൂഷണം ചെയ്തിരുന്നിരിക്കാമെന്ന നിഗമനത്തില്‍ക്കൂടി തസ്‍നിം തന്‍റെ അന്വേഷണത്തിലൂടെ എത്തിച്ചേര്‍ന്നു. ലൂസി ഒരിക്കല്‍ തന്നെ പീഡിപ്പിക്കുന്നതായി ഉറക്കെ വിളിച്ചു പറയുന്നത് കേട്ടതായി തസ്‍നിമിന്‍റെ മുത്തച്ഛന്‍ തന്നെ പറയുന്നുണ്ട്. പക്ഷേ, അന്നാരും അത് അത്ര ഗൗരവത്തിലെടുത്തിരുന്നില്ല. 'അവര്‍ ഇരുവരും മിക്കപ്പോഴും മുകള്‍നിലയിലേക്ക് പോകാറുണ്ട്. ഒരിക്കല്‍ ലൂസി ഉറക്കെ ഒച്ചവെച്ചത് കേട്ടിരുന്നു. പക്ഷേ, മുകളിലേക്ക് ചെല്ലുമ്പോഴേക്കും അവന്‍ സ്ഥലം വിട്ടിരുന്നു' എന്നാണ് ലൂസിയുടെ അച്ഛന്‍ ജോര്‍ജ്ജ് ലോവ് പറഞ്ഞത്. 

തസ്‍നിം മുത്തച്ഛന്‍റെ കൂടെ

'എല്ലാവരും ലൂസിയെ അവഗണിച്ചിരുന്നു. ആരും അവളെ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അസ്ഹര്‍ എന്നേ ജയിലിലായിരുന്നേനെ' എന്നും തസ്‍നിം പറയുന്നുണ്ട്. 'ആരും ശ്രദ്ധിച്ചിരുന്നില്ല അവളെ. അതുകൊണ്ട് തന്നെ അവള്‍ കൊല്ലപ്പെട്ടു' എന്നുമാണ് തസ്‍നിം പറയുന്നത്. ഇപ്പോഴെങ്കിലും തന്‍റെ അമ്മയെ ലോകം കേള്‍ക്കണമെന്ന് തസ്‍നിം ആഗ്രഹിക്കുന്നുണ്ട്. അവളുടെ പ്രദേശത്തെ എംപിയായ ലൂസി അലനോട് ടെല്‍ഫോര്‍ഡിലെ ലൈംഗിക ചൂഷണകേസുകളില്‍ തന്‍റെ അമ്മയുടെ അനുഭവവും ചേര്‍ക്കണമെന്നും അവള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. '

'എന്‍റെ അമ്മയുടെ ശബ്ദം ലോകം കേള്‍ക്കണമെന്ന് എനിക്കുണ്ട്. ആരും അന്ന് അവര്‍ക്കുവേണ്ടി ഒന്നും ചെയ്‍തില്ല. ഇന്ന് അവര്‍ക്ക് ഒന്നും ചെയ്യാനുമാകില്ല. അവര്‍ക്ക് സ്വന്തം കഥ പറയാനുമാകില്ല അതിനാല്‍ ഞാന്‍ ആ കഥ പറയുന്നു' എന്ന് തസ്‍നിം പറയുന്നു. 

തസ്‍നിം അതുപോലെ ഒരു പ്രസ്താവനയും സമര്‍പ്പിച്ചിട്ടുണ്ട്. തന്‍റെ അച്ഛന്‍ ചെയ്‍തതിന് 18 വര്‍ഷത്തെ ശിക്ഷ ഒരു ശിക്ഷയേ അല്ലെന്നും അത് പരിശോധിക്കണമെന്നും പറഞ്ഞുള്ളതാണ് ആ അപേക്ഷ. മാത്രമല്ല, പഠനം പൂര്‍ത്തിയാക്കിയാല്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി, ഇതുപോലെ പീഡനമനുഭവിക്കേണ്ടി വരുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്നും തസ്‍നിം പറയുന്നു. 

click me!