
സ്നേഹത്തിന് അതിരുകളൊന്നും ബാധകമല്ല എന്ന് പറയാറുണ്ട്. അതുകൊണ്ട് തന്നെ ഒരുപാടാളുകൾ ഇപ്പോൾ അതിരുകൾ ഭേദിച്ച് പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യാറുണ്ട്. വിദേശത്ത് നിന്നുള്ളവർ ഇന്ത്യയിൽ നിന്നുള്ള പുരുഷന്മാരേയും അതുപോലെ വിദേശത്ത് നിന്നുള്ള പുരുഷന്മാർ ഇന്ത്യയിൽ നിന്നുള്ള സ്ത്രീകളെയും വിവാഹം കഴിക്കാറുണ്ട്. രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള കൂടിച്ചേരൽ കൂടിയാണത്. അങ്ങനെയുള്ള ദമ്പതികൾ അവരുടെ ജീവിതവും അനുഭവങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.
എന്തുകൊണ്ടാണ് താൻ അമേരിക്കക്കാരിയായ യുവതിയെ തന്റെ ജീവിതസഖിയാക്കിയത് എന്നാണ് വീഡിയോയിൽ യുവാവ് വിശദീകരിക്കുന്നത്. കാൻഡസ് കർണെയുടെയും ഭർത്താവ് അനികേതിന്റെയും ജോയിന്റ് അക്കൗണ്ടായ @thekarnes -ലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
'എന്തുകൊണ്ടാണ് നിങ്ങൾ അവളെ വിവാഹം ചെയ്തത്' എന്ന് വീഡിയോയ്ക്ക് മുകളിൽ എഴുതിയിരിക്കുന്നതും കാണാം. 'എന്റെ ഭർത്താവ് എന്തിനാണ് എന്നെ വിവാഹം കഴിച്ചത്? അനികേത്, നീ എന്തിനാണ് എന്നെ വിവാഹം കഴിച്ചത്' എന്ന് കാൻഡസ് തന്റെ ഭർത്താവിനോട് ചോദിക്കുന്നതും വീഡിയോയിൽ കാണാം.
'നിന്നെ ആദ്യമായി കണ്ടപ്പോൾ തന്നെ, നീ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചെല്ലാം പറഞ്ഞു, അക്കാര്യങ്ങൾ എന്നിൽ മതിപ്പുണ്ടാക്കി. പ്രത്യേകിച്ചും നീയൊരു അധ്യാപികയാണ് എന്ന വസ്തുതയാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്. അന്ന് രാത്രി നീ പറഞ്ഞ ഓരോ കാര്യങ്ങളും എനിക്ക് സ്വാഗതാർഹമായിരുന്നു. ഒരു ഇന്റർനാഷണൽ വിദ്യാർത്ഥി എന്ന നിലയ്ക്ക് എന്നെ നീ സ്വീകരിച്ച രീതി വളരെ നല്ലതായിരുന്നു. നീയെപ്പോഴും എന്നോട് നന്നായി പെരുമാറി. നിന്നോടൊപ്പം ചെലവഴിക്കുന്ന സമയം മനോഹരവും രസകരവുമാകുമെന്ന് എനിക്ക് തോന്നി. നീ കാര്യങ്ങളെല്ലാം നന്നായി ചെയ്യാൻ ഇഷ്ടപ്പെടുന്നയാളാണ്. എനിക്ക് നിന്റെ കുടുംബത്തെയും ഇഷ്ടമാണ്' എന്നായിരുന്നു അനികേതിന്റെ മറുപടി.
'ആരെ അച്ഛനെയോ' എന്ന് കാൻഡസ് എടുത്തു ചോദിക്കുന്നുണ്ട്. അതേ, അവരോട് സംസാരിച്ചപ്പോൾ തന്നെ തനിക്ക് സന്തോഷമായി എന്നും സൗഹൃദം തോന്നി എന്നുമാണ് അനികേതിന്റെ മറുപടി. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. ഇരുവരുടേയും സ്നേഹത്തെ പ്രകീർത്തിച്ചുകൊണ്ടാണ് ഏറെയും കമന്റുകൾ വന്നിരിക്കുന്നത്.