അഞ്ചുതവണ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു, എന്നിട്ടും ഗാന്ധിജിക്ക് നൊബേല്‍ പുരസ്‍കാരം നല്‍കാതിരുന്നത് എന്തുകൊണ്ട്?

By Web TeamFirst Published Oct 2, 2021, 7:30 AM IST
Highlights

ഏതായാലും, ഗാന്ധിജിക്ക് എന്തുകൊണ്ട് നൊബേല്‍ പുരസ്കാരം നല്‍കിയില്ല എന്ന വര്‍ഷങ്ങളുടെ ചോദ്യത്തിന് 'നൊബേല്‍ പ്രൈസ് ഓര്‍ഗനൈസേഷന്‍' കഴിഞ്ഞ വര്‍ഷം ഒരു വിശദീകരണം നല്‍കിയിരുന്നു.

രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ ആറ് മേഖലകളില്‍  ലോകത്ത്‌ മഹത്തായ സംഭാവനകൾ നൽകിയവർക്ക്‌ ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൊബേല്‍ പുരസ്കാരം നല്‍കി വരുന്നു. എന്നാല്‍, അഞ്ച് തവണ നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടും മഹാത്മാഗാന്ധിക്ക് (Mahatma Gandhi) നൊബേല്‍ പുരസ്കാരം (Nobel Prize) ലഭിച്ചിട്ടില്ല. എന്തായിരുന്നു ഇതിന് കാരണം? 

1937, 1938, 1939, 1947, 1948 എന്നീ വര്‍ഷങ്ങളിലാണ് മഹാത്മാ ഗാന്ധി നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. ആദ്യത്തെ നാല് വര്‍ഷങ്ങളിലും അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടെങ്കിലും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം 1948 -ലാണ് അദ്ദേഹത്തിന്‍റെ പേര് ശക്തമായി പുരസ്കാരത്തിന് നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍, അന്തിമഫല പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അദ്ദേഹം നാഥുറാം ഗോഡ്സേയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 1948 -ൽ ആർക്കും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നല്‍കിയിരുന്നില്ല. അതിനര്‍ഹരായ ആരും ജീവിച്ചിരിക്കുന്നവരില്ല എന്ന കാരണം പറഞ്ഞാണ് നൊബേല്‍ പുരസ്കാരം ആ വര്‍ഷം ആര്‍ക്കും നല്‍കാതിരുന്നത്. 

എന്നാല്‍, മുന്‍വര്‍ഷങ്ങളിലൊന്നും അദ്ദേഹത്തിന് നൊബേല്‍ നല്‍കാത്തത് എന്തുകൊണ്ടായിരുന്നു? 1989 -ല്‍ ദലൈലാമയ്ക്ക് പുരസ്കാരം നല്‍കിയത് ഗാന്ധിയന്‍ ആശയങ്ങള്‍ക്കാണ്. അന്ന് നൊബേല്‍ സമിതി അധ്യക്ഷന്‍ ചെറിയൊരു കുറ്റബോധത്തോടെ അത് മഹാത്മാഗാന്ധിക്കുള്ള ആദരം കൂടിയാണ് എന്ന് പറഞ്ഞിരുന്നു. 

1937 -ല്‍ നോര്‍വെ പാര്‍ലിമെന്‍റ് അംഗമായ ഒലെ കോള്‍ബ്‍ജോണ്‍സണാണ് ആദ്യമായി നൊബേലിന് ഗാന്ധിജിയുടെ പേര് നിര്‍ദ്ദേശിച്ചത്. അന്ന് ആ പേര് ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തു. എന്നാല്‍, നൊബേല്‍ സമിതി അധ്യക്ഷനായ പ്രൊ. ജേക്കബ് വോം മുള്ളര്‍ വിമര്‍ശനാത്മകമായിട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന് പറയുന്നു. 1938 -ലും 1939 -ലും കോള്‍ബ്‍ജോണ്‍സണ്‍ അദ്ദേഹത്തിന്‍റെ പേര് നിര്‍ദേശിച്ചു. എന്നാല്‍, ചുരുക്കപ്പട്ടികയിലിടം പിടിച്ചത് 1947 -ല്‍. 

അന്ന് ഗാന്ധിജിക്ക് നൊബേല്‍ കൊടുത്ത് ഇന്ത്യ ഭരിക്കുന്ന ബ്രിട്ടനെ പിണക്കേണ്ട എന്ന് കരുതിയാവും അദ്ദേഹത്തിന് നൊബേല്‍ നല്‍കാഞ്ഞത് എന്നൊരു അഭിപ്രായം ചരിത്രകാരനായ രാമചന്ദ്ര ഗുഹ 'ഗാന്ധി- ദി ഇയേഴ്സ് ദാറ്റ് ചേഞ്ച്‍ഡ് ദ വേള്‍ഡ്' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. 

ഏതായാലും, ഗാന്ധിജിക്ക് എന്തുകൊണ്ട് നൊബേല്‍ പുരസ്കാരം നല്‍കിയില്ല എന്ന വര്‍ഷങ്ങളുടെ ചോദ്യത്തിന് 'നൊബേല്‍ പ്രൈസ് ഓര്‍ഗനൈസേഷന്‍' കഴിഞ്ഞ വര്‍ഷം ഒരു വിശദീകരണം നല്‍കിയിരുന്നു. ഒരു ലേഖനത്തിലായിരുന്നു വിശദീകരണം. കടുത്ത 'ദേശസ്നേഹി'യും 'സ്വദേശാഭിമാനി'യും ആണ് എന്ന കാരണത്താലാണ് മഹാത്മാഗാന്ധിക്ക് നൊബേല്‍ പുരസ്കാരം നല്‍കാതിരുന്നത് എന്നായിരുന്നു അവരുടെ വിശദീകരണം. 

ഏതായാലും നൊബേല്‍ കമ്മിറ്റിയുടെ പോരായ്മയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവിന്, സാമാധാനത്തിനും അഹിംസയ്ക്കും വേണ്ടി എന്നും നിലകൊണ്ടിട്ടുള്ളതുമായ മഹാത്മാ ഗാന്ധിക്ക് പുരസ്കാരം ലഭിക്കാത്തതിന് കാരണം എന്ന ആക്ഷേപം ഇപ്പോഴും എപ്പോഴും നിലനില്‍ക്കുന്നുണ്ട്. 

click me!