ഭാര്യയെ പിരിച്ചുവിട്ടതിന്റെ ദേഷ്യം, സലൂൺ ഉടമയെ കൂട്ടാളികളുമായെത്തി മർദ്ദിച്ച് ഭർത്താവ്, സിസിടിവി ദൃശ്യങ്ങൾ വൈറൽ

Published : Apr 05, 2026, 02:36 PM IST
salon

Synopsis

ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ദേഷ്യത്തിൽ ഭർത്താവും സംഘവും ചേർന്ന് സലൂൺ ഉടമയെ ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറല്‍. 

ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ ദേഷ്യത്തിൽ ജീവനക്കാരിയുടെ ഭർത്താവും സംഘവും ചേർന്ന് സലൂൺ ഉടമയെ ക്രൂരമായി മർദിച്ചു. വടക്കൻ ബെംഗളൂരുവിലെ അവലഹള്ളിയിലുള്ള 'സ്കിൻ ഷൈൻ യൂണിസെക്സ് സലൂണിൽ' മാർച്ച് 28 -നായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ സലൂൺ ഉടമ മോഹൻ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു .

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്; സലൂണിലെ ജീവനക്കാരിയായിരുന്ന സുഷമയെ ജോലിയിൽ നിന്നും നേരത്തെ ഉടമ പിരിച്ചുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ തർക്കങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ സുഷമയുടെ ഭർത്താവും നാലഞ്ചു പേരടങ്ങുന്ന സംഘവും സലൂണിലേക്ക് അതിക്രമിച്ചു കയറുന്നത്. പിന്നാലെ, ഇവർ മോഹൻ കുമാറിനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ശേഷം ഇയാളെ ക്രൂരമായി മർദ്ദിച്ചു. അക്രമം തടയാൻ ശ്രമിച്ച മോഹൻ കുമാറിന്റെ ഭാര്യ ശ്രീജയെയും സംഘം മർദ്ദിച്ചതായും ആരോപണമുണ്ട് .

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അവലഹള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കയാണ്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസിലെ ഉപരിപഠനം, വിദ്യാർത്ഥിനിക്ക് വന്ന ചിലവ് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ, വൈറലായി വീഡിയോ
32 വർഷത്തെ ദുരൂഹത: കുതിരാലയത്തിലേക്ക് പോയ നീലക്കണ്ണുള്ള 13 -കാരി മടങ്ങി വന്നില്ല, ഒടുവിൽ കണ്ടെത്തി