കേദാർനാഥിൽ നിന്ന് ഭർത്താവിനൊപ്പം മടങ്ങിയ ഭാര്യയെ ട്രെയിനിൽ വച്ച് കാണാതായി, 6 ദിവസത്തിന് ശേഷം ബീഹാറിൽ കണ്ടെത്തി

Published : May 11, 2026, 09:41 AM IST
Pragya Singh

Synopsis

കേദാർനാഥ് തീർത്ഥയാത്ര കഴിഞ്ഞ് ഭർത്താവിനൊപ്പം ട്രെയിനിൽ മടങ്ങുകയായിരുന്ന 29-കാരിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. ആറ് ദിവസത്തെ തിരച്ചിലിനൊടുവിൽ യുവതിയെ ബീഹാറിലെ ബെഗുസാരായിയിൽ നിന്ന് കണ്ടെത്തി. യുവതിയുടെ തിരോധാനത്തിന് പിന്നിലെ കാരണം പോലീസ് അന്വേഷിച്ചുവരികയാണ്.

 

കേദാർനാഥ് തീർത്ഥയാത്ര കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങുന്നതിനിടെ 29 -കാരിയെ കാണാതായി. ആറ് ദിവസത്തെ അന്വേഷണങ്ങൾക്കൊടുവിൽ ഇവരെ ബീഹാറിലെ ബെഗുസാരായി ജില്ലയിൽ നിന്നും കണ്ടെത്തി. പോലീസിനെയും റെയിൽവേ അധികൃതരെയും അമ്പരപ്പിച്ച കേസിൽ നിർണായക വഴിത്തിരിവ്. ഉത്തരാഖണ്ഡ് പോലീസും റെയിൽവേ പോലീസും മറ്റ് അന്വേഷണ ഏജൻസികളും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രഗ്യാ സിംഗിനെ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം പ്രഗ്യ എങ്ങനെയാണ് ട്രെയിനിൽ നിന്നും കാണാതായത് എന്നോ അവരെങ്ങനെ ബീഹാറിലെത്തിയെന്നതിനോ വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ഉറങ്ങിയെഴുന്നേറ്റപ്പോൾ ഭാര്യയെ കാണാനില്ല

മെയ് 5 ന് രാത്രി കേദാർനാഥ് തീർത്ഥാടനം പൂർത്തിയാക്കിയ ശേഷം പ്രജ്ഞ, ഭർത്താവ് മനീഷിനൊപ്പം ഡെറാഡൂണിൽ നിന്ന് ഗാസിയാബാദിലേക്കുള്ള നന്ദാദേവി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നുവെന്ന് നവഭാരത് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ട്രെയിൻ ഹരിദ്വാർ കടക്കുന്നതുവരെ തങ്ങൾ സംസാരിച്ചിരുന്നുവെന്നും അതിനുശേഷം താൻ ഉറങ്ങിപ്പോയെന്നും ഭർത്താവ് പോലീസിനോട് പറഞ്ഞു. മുസാഫർനഗർ സ്റ്റേഷന് സമീപത്ത് വച്ച് ഉണർന്നപ്പോൾ പ്രഗ്യയെ സീറ്റിൽ നിന്ന് കാണാനില്ലായിരുന്നു. വാഷ്‌റൂമിൽ പോയിരിക്കുമെന്ന് കരുതി കാത്തിരുന്നു. എന്നാൽ അവൾ തിരിച്ച് വന്നില്ല. കാണാതായപ്പോൾ മുഴുവൻ കോച്ചിലും അന്വേഷിച്ചു പക്ഷേ, കണ്ടെത്താനായില്ലെന്നും മോബൈലിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നെന്നും മനീഷ് പറയുന്നു.

ഒടുവിൽ ബീഹാറിലുണ്ടെന്ന് വിവരം

പിന്നാലെ സംഭവം റെയിൽവേ പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു, അന്വേഷണം പിന്നീട് റൂർക്കി പോലീസിന് കൈമാറി. റൂർക്കി, മുസാഫർനഗർ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം സങ്കീർണ്ണമായി. രണ്ട് സ്റ്റേഷനുകളിലെയും സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമായിരുന്നു. പോലീസ് റെയിൽവേ ട്രാക്കുകളിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തി. പിന്നാലെ പ്രഗ്യയുടെ ഫോണ്‍ കോളുകൾ, വാട്സാപ്പ് സന്ദേശങ്ങൾ എന്നിവ പോലീസ് പരിശോധിച്ചു. എന്നാൽ, സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ആറ് ദിവസത്തെ അന്വേഷണത്തിന് ശേഷം, പ്രഗ്യയെ, ബീഹാറിലെ ബെഗുസാരായിൽ കണ്ടെത്തിയെന്ന വിവരം പോലീസിന് ലഭിച്ചു. തുടർന്ന് പോലീസ് സംഘം ബീഹാറിലെത്തി പ്രഗ്യയെ തിരിച്ച് കൊണ്ട് വരികയായിരുന്നു. പ്രഗ്യയുടെ തിരോധാനത്തെ കുറിച്ച് അവളെ ചോദ്യം ചെയ്ത് വരികയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. തിരോധാനത്തിന് പിന്നിലെ കാരണവും ബിഹാറിലേക്ക് പോകാനുണ്ടായ സാഹചര്യവും കണ്ടെത്തുകയാണ് പോലീസിന്‍റെ ലക്ഷ്യം.

 

PREV
Read more Articles on
click me!

Recommended Stories

'എന്‍റെ പുതിയ പേര് പ്രിയ'; ഇന്ത്യാ - ഹിന്ദു - മുസ്ലീം വിരുദ്ധ കുറിപ്പുമായി ടെക്സസ് ഗവർണർ സ്ഥാനാർത്ഥിയെന്ന് അവകാശപ്പെട്ട യുവതി, വിവാദം
ടവൽ ഇട്ട് സീറ്റ് പിടിക്കൽ നടക്കില്ല; അവധിക്കാലം കുളമാക്കിയ ട്രാവൽ ഏജൻസിക്ക് 1 ലക്ഷം പിഴ!