അണയാതെ അ​ഗ്നി: ഇതുവരെ കത്തിനശിച്ചത് 15 ലക്ഷം ഏക്കർ, ഇനിയും നാശമുണ്ടാകാമെന്ന് വിദ​​ഗ്ദ്ധർ

By Web TeamFirst Published Jul 27, 2021, 10:30 AM IST
Highlights

ഒറിഗണിലുണ്ടായ ബൂട്ട്ലെഗ് ഫയര്‍ 409,600 ഏക്കര്‍ സ്ഥലത്തെയാണ് വിഴുങ്ങിക്കളഞ്ഞത്. തിങ്കളാഴ്ച രാവിലെ വരെ 53 ശതമാനം തീയാണ് ഉണ്ടായിരുന്നതെങ്കിലും തടികളിലേക്കും കുറ്റിച്ചെടികളിലേക്കും തീ പടരുകയാണ്. കാലാവസ്ഥ അനുകൂലമായെങ്കില്‍ മാത്രമേ തീയണക്കാനുള്ള ശ്രമം പൂര്‍ണമായും ഫലം കാണൂ. 

13 യുഎസ് സംസ്ഥാനങ്ങളിലായുണ്ടായ 85 കാട്ടുതീകളിലായി ഇതുവരെ കത്തിനശിച്ചത് 1.5 മില്ല്യണ്‍ ഏക്കര്‍ ഭൂമി. പ്രധാനമായും പടിഞ്ഞാറ് ഭാഗത്തെയാണ് തീ ഇല്ലാതെയാക്കിയത്. കാലാവസ്ഥ ഇങ്ങനെ തുടരുകയാണ് എങ്കിൽ തീയണക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്. 

നാഷണൽ ഇന്‍ററജെൻസി ഫയർ സെന്ററിൽ (എൻ‌ഐ‌എഫ്‌സി) നിന്നുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 10.6 മില്ല്യണിലധികം ഏക്കറാണ് തീപ്പിടിത്തത്തിൽ കത്തിനശിച്ചത്. ഈ റെക്കോർഡുകൾ തകരുമെന്നാണ് 2021 -ലെ വര്‍ധിച്ചുവരുന്ന തീപ്പിടിത്തങ്ങള്‍ തെളിയിക്കുന്നത്. പടിഞ്ഞാറ് ഭാഗങ്ങള്‍ ഇപ്പോള്‍ തന്നെ 90 ശതമാനവും വരള്‍ച്ചയിലാണ്. 

കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ തീപ്പിടിത്തമുണ്ടായത് ഡിക്സീയാണ്. ഏകദേശം 197,500 ഏക്കറെങ്കിലും ഇതില്‍ കത്തിനശിച്ചു എന്നാണ് കണക്കാക്കുന്നത്. 16 വീടുകളും മറ്റ് നിര്‍മ്മിതികളും തകര്‍ന്നുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇതിലും വലിയ നാശമുണ്ടായിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. കാള്‍ ഫയര്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായ റിക്ക് ഹാര്‍ട്ട് പറയുന്നത് തീപ്പിടിത്തം ഉണ്ടായ മുഴുവന്‍ പ്രദേശങ്ങളിലേക്കും എത്താന്‍ കേടുപാടുകൾ വിലയിരുത്തുന്നവർക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നാണ്. എല്ലായിടത്തും പുകപടലങ്ങളാണ് എന്നതുകൊണ്ട് തന്നെ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് അവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നും റിക്ക് പറയുന്നു. 

മൂന്ന് പ്രവിശ്യകളില്‍ ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാനുള്ള നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. ഇവിടങ്ങളിലെ നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും തീപ്പിടിത്ത ഭീഷണിയിലാണ്. 2018 -ലെ ക്യാമ്പ് ഫയറുണ്ടായിരുന്ന പ്രദേശത്തിന് സമീപത്തുനിന്നും ഏതാനും മൈല്‍ അകലെയാണ് ജൂലൈ 13 -ലെ തീപ്പിടിത്തം ഉണ്ടായത്. തീയണക്കുന്നവര്‍ക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ തീ കത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടുത്തെ കാലാവസ്ഥയും തീയണക്കാനുള്ള പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. തീപ്പിടിത്തം വലിയ തോതില്‍ വീണ്ടും വര്‍ധിക്കുകയാണ് എങ്കില്‍ ഇപ്പോള്‍ പ്രദേശത്ത് തുടരുന്ന 2200 -ഓളം വരുന്ന അഗ്നിശമനസേനാംഗങ്ങളെ തിരികെ വിളിക്കുകയും സ്ഥിതി മെച്ചപ്പെട്ട ശേഷം വീണ്ടും തിരികെ അയക്കേണ്ടിയും വരുമെന്നും റിക്ക് പറയുന്നു. 

ഒറിഗണിലുണ്ടായ ബൂട്ട്ലെഗ് ഫയര്‍ 409,600 ഏക്കര്‍ സ്ഥലത്തെയാണ് വിഴുങ്ങിക്കളഞ്ഞത്. തിങ്കളാഴ്ച രാവിലെ വരെ 53 ശതമാനം തീയാണ് ഉണ്ടായിരുന്നതെങ്കിലും തടികളിലേക്കും കുറ്റിച്ചെടികളിലേക്കും തീ പടരുകയാണ്. കാലാവസ്ഥ അനുകൂലമായെങ്കില്‍ മാത്രമേ തീയണക്കാനുള്ള ശ്രമം പൂര്‍ണമായും ഫലം കാണൂ. ഡിക്‌സി ഫയറിൽ നിന്നുള്ള പുക കാലിഫോർണിയയിലെ മറ്റൊരു വലിയ അഗ്നിബാധയായ താമരാക് തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ശ്രമങ്ങളെ സങ്കീർണ്ണമാക്കിയിട്ടുണ്ട്. എന്നാൽ, തിങ്കളാഴ്ച രാവിലെയോടെ 45% നിയന്ത്രണം നേടാൻ അഗ്നിശമനസേനാംഗങ്ങള്‍ക്ക് കഴിഞ്ഞു. കാലിഫോർണിയ-നെവാഡ അതിർത്തിക്കടുത്ത് 67,700 ഏക്കറിലധികം തീ പടർന്നിട്ടുണ്ട്, കാരണം ചൂട് തന്നെയാണ്. പ്രാഥമിക കണക്കനുസരിച്ച് ഒരു ഡസനിലധികം കെട്ടിടങ്ങള്‍ക്ക് കേടുവരുത്തുകയോ തകരുകയോ ചെയ്തിട്ടുണ്ട്. എന്നാൽ യഥാര്‍ത്ഥ കണക്ക് ഇനിയും കൂടുമെന്നാണ് കരുതുന്നത്. 

മാത്രവുമല്ല, കാലാവസ്ഥ ഇതേ വിധം തുടരുകയാണെങ്കില്‍ ഇനിയും പല പ്രദേശങ്ങളിലും തീപ്പിടിത്തമുണ്ടാകാം എന്നാണ് കരുതുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് തീപ്പിടിത്തങ്ങളുടെ പ്രധാന കാരണമായി കണക്കാക്കുന്നത്. 

click me!