
നേപ്പാളിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ, ജനറൽ ഇസഡ് തലമുറയിലെ പ്രതിഷേധക്കാരില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള ഒരു മുഖം 'ബാലെൻ' എന്ന് അറിയപ്പെടുന്ന കാഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷാ ആണ്. സര്‍ക്കാര്‍ സമൂഹ മാധ്യമങ്ങൾ നിരോധിച്ചതിന് പിന്നാലെ നേപ്പാളില്‍ പുതുതലമുറയുടെ പ്രതിഷേധം ശക്തമാകുകയും അത് പാര്‍ലമെന്‍റിലേക്കും പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെ വസതികളിലേക്കും ഇരച്ച് കയറുകയും ചെയ്തു. പിന്നാലെ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവച്ചു. പ്രതിഷേധക്കാരെ സൈന്യവും പോലീസും നേരിട്ടപ്പോൾ മരിച്ച് വീണത് 19 പേര്‍. ഇന്നും നേപ്പാളിലെ കലാപത്തിന് അറുതിയായിട്ടില്ല. അതിനിടെയാണ് ബാലേന്ദ്ര ഷായുടെ പേര് ഉയരുന്നതും.
സമൂഹ മാധ്യമ നിരോധനത്തിന് പിന്നാലെ ജെന്‍സി കിഡ്സ് പ്രതിഷേധവുമായി എത്തിയപ്പോൾ ആദ്യം അനുകൂലിച്ച് രംഗത്തെത്തിയത് ബാലേന്ദ്ര ഷാ എന്ന കാഠ്മണ്ടു മേയറായിരുന്നു. സോഷ്യൽ മീഡിയയിലെ നിരവധി പേര്‍ ബാലെൻ 'പുതിയ തലമുറയുടെ ശബ്ദത്തെ' പ്രതിനിധീകരിക്കുന്നുവെന്ന് പറഞ്ഞു. വ്യക്തിപരമായ താൽപ്പര്യങ്ങളില്ലാതെ രാജ്യത്തിൻറെ നന്മയ്ക്കായി അദ്ദേഹം പ്രവർത്തിക്കുമെന്നായിരുന്നു സമൂഹ മാധ്യമ നിരീക്ഷണം. ബാലെന്‍ അടുത്ത പ്രധാനമന്ത്രിയായാല്‍ അത് നേപ്പാളിലെ തലമുറ മാറ്റമായിരിക്കുമെന്നാണ് സമൂഹ മാധ്യമങ്ങളിലെ കുറിപ്പുകൾ. അത്രയേറെ സ്വീകാര്യനാണ് ബാലേന്ദ്ര ഷാ.
ആരാണ് ബാലേന്ദ്ര ഷാ?
1990 ൽ കാഠ്മണ്ഡുവിൽ ജനിച്ച ബാലെൻ ഇന്ന് കാഠ്മണ്ടു നഗരത്തിന്‍റെ മേയറാണ്. നേപ്പാളിൽ സിവിൽ എഞ്ചിനീയറിംഗ് പഠിച്ച അദ്ദേഹം ഇന്ത്യയിലെ കർണ്ണാടകയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി. പക്ഷേ, ആ വിദ്യാഭ്യാസ കാലം ദാരിദ്രത്തിന്‍റെയും വിശപ്പിന്‍റെയും കാലം കൂടിയായിരുന്നു.
ഇതിനിടെ ശക്തമായ സംഗീതാഭിരുചി അദ്ദേഹത്തെ നേപ്പാളിലെ ഹിപ് ഹോപ്പ് രംഗത്ത് എത്തിച്ചു. തന്‍റെ സംഗീതത്തില്‍ സാമൂഹിക വിഷയങ്ങളെയാണ് ബാലെന്‍ അഭിസംബോധന ചെയ്തത്. നേപ്പാളിലെ അസമത്വം, അഴിമതി, സ്വജനപക്ഷപാതം എല്ലാം അദ്ദേഹത്തിന്‍റെ പാട്ടുകളുടെ വരികളായി മാറി. തങ്ങൾ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങൾ സംഗീതമായി മുന്നിലെത്തിയപ്പോൾ പുതുതലമുറ തങ്ങളുടെ നേതാവായി അദ്ദേഹത്തെ കണ്ടു. ഇതിനിടെ ബാലേന്ദ്ര രാഷ്ട്രീയത്തിലും ഒരു ചുവട് നോക്കി.
2022-ൽ കാഠ്മണ്ഡുവിൽ നടന്ന മേയർ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് പലരെയും അട്ടിമറിച്ച് അദ്ദേഹം 61,000-ത്തിലധികം വോട്ടുകൾക്ക് വിജയിച്ചു. ഇത് ബാലേന്ദ്രയുടെ ജനപ്രീതി വീണ്ടും ഉയര്‍ത്തി. രാഷ്ട്രീയത്തില്‍ തലതൊട്ടപ്പന്മാരില്ലാതിരുന്നതിനാല്‍ തന്‍റെ വഴികളിലൂടെ സഞ്ചരിക്കാന്‍ ബാലേന്ദ്രയ്ക്ക് കഴിഞ്ഞു. ദേശീയവാതി എന്ന സ്വത്വം നിലനിര്‍ത്തിയായിരുന്നു ബാലേന്ദ്ര ഷാ ഈ രാഷ്ട്രീയ വിജയം നേടിയത്. പിന്നാലെ ബാലേന്ദ്രാ ഷായുടെ മേയർ ഓഫീസില്‍ തൂക്കിയ ഗ്രേറ്റര്‍ നേപ്പാൾ ഭൂപടം ഇന്ത്യയിലും വിവാദമായി. ആ ഭൂപടത്തില്‍ ജമ്മു കാശ്മീര്‍, ലഡാക്ക്, പഞ്ചാബ്, ഹരിയാന, ദില്ലി, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാര്‍, സിക്കിം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ ചിലത് പൂര്‍ണ്ണമായോ ചിലത് ചില പ്രദേശങ്ങളായോ നേപ്പാളിന്‍റെ ഭാഗമായി രേഖപ്പെടുത്തിയിരുന്നു. ഹിമാലയസാനു ഏതാണ്ട് മുഴുവനായും തങ്ങളുടെ ഗ്രേറ്റര്‍ നേപ്പാളിന് കീഴിലാണെന്ന് ഈ ഭൂപടം അവകാശപ്പെട്ടു.
കലാപം രക്തരൂക്ഷിതമായപ്പോൾ, ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചപ്പോൾ ബാലെന്‍ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രതിഷേധക്കാരോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടു. 'രാജ്യത്തിന്‍റെ സമ്പത്ത് നഷ്ടപ്പെടുന്നത് വാസ്തവത്തിൽ നമ്മുടെ സ്വന്തം സ്വത്തിന്‍റെ നഷ്ടമാണ്. നാമെല്ലാവരും സംയമനത്തോടെ പ്രവർത്തിക്കേണ്ടത് ഇപ്പോൾ അത്യാവശ്യമാണ്.' അദ്ദേഹം പ്രതിഷേധക്കാരോട് പറഞ്ഞു. പ്രതിഷേധക്കാരും ഉറ്റുനോക്കുന്നത് ബാലേന്ദ്ര ഷായിലേക്കാണ്. നാളെ രാജ്യത്തെ അദ്ദേഹം നയിക്കണമെന്ന് അവരും ആവശ്യപ്പെടുന്നു.
പക്ഷേ. അതിന് നേപ്പാളിന്‍റെ ആകാശത്തെ കറുത്ത പുക നീങ്ങേണ്ടതുണ്ട്. നിലവില്‍ ഭരണകേന്ദ്രങ്ങളില്‍ ആരും തന്നെ അവശേഷിക്കുന്നില്ല. മന്ത്രിമാരെ വീടുകളില്‍ കയറി ഓടിച്ച് വിടുന്ന ജെന്‍സി പ്രതിഷേധക്കാരുടെ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. മന്ത്രിമാരുടെ വസതികളില്‍ പലതും തീ വയ്ക്കപ്പെട്ടു. പാലർമെന്‍റ് മന്ദിരത്തിന് പോലും വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ തീയിട്ടു. ഈ പ്രതിഷേധങ്ങളെ ആര് എങ്ങനെ നിയന്ത്രണ വിധേയമാക്കും എന്ന് നോക്കുകയാണ് മറ്റ് ലോക രാജ്യങ്ങളും.