'എനിക്ക് തിരികെ പോകണം, ഞങ്ങളെ അവരിവിടെ സ്വീകരിക്കുന്നില്ല'; യുഎസിൽ നിന്നുള്ള ഇന്ത്യൻ യുവാവിന്‍റെ വീഡിയോ വൈറൽ

Published : Sep 10, 2025, 04:50 PM IST
Indian mans emotional video goes viral that he want to go back

Synopsis

യുഎസുകാര്‍ തങ്ങളെ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും തനിക്ക് തിരികെ ഇന്ത്യയിലേക്ക് പോകണമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ തന്‍റെ പെണ്‍മക്കളുടെ ഭാര്യയും യുഎസ് വിടാന്‍ ഒരുക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മീപകാലത്തായി വിദേശ രാജ്യങ്ങളിൽ കൂടിയേറുന്ന ഇന്ത്യക്കാർക്ക് നേരിടേണ്ടി വരുന്ന വംശീയ അധിക്ഷേപങ്ങളുടെയും അവഗണനയുടെയും നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോയും സമാന വിഷയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. ഒരു ഡോർഡാഷ് ഡെലിവറി ജീവനക്കാരനായ ഇന്ത്യക്കാരന്‍റെ വിഡിയോയാണ് ഇപ്പോൾ അമേരിക്കയിലെ കുടിയേറ്റക്കാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ഒരു ഡെലിവറിക്കിടെ ചിത്രീകരിച്ചതാണ് ഈ വീഡിയോ. താൻ ഇപ്പോൾ ജീവിക്കുന്ന രാജ്യത്ത് അനുഭവിക്കുന്ന അവഗണനയെക്കുറിച്ചും നിരാശയെക്കുറിച്ചും അദ്ദേഹം വികാരാധീനനായി സംസാരിക്കുന്നത് വിഡിയോയിൽ കാണാം.

വീട്ടിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുമ്പോഴും കുടുംബത്തിന് വേണ്ടി അമേരിക്കയിൽ തന്നെ തുടരേണ്ട ദയനീയ അവസ്ഥയെക്കുറിച്ചാണ് ഈ യുവാവ് വീഡിയോയിൽ പറയുന്നത്. ഈ അവസ്ഥ അദ്ദേഹത്തെ എത്രമാത്രം അസ്വസ്ഥനാക്കുന്നുണ്ട് എന്നത് വീഡിയോയിൽ വ്യക്തമാണ്. "എനിക്ക് തിരികെ പോകണം സർ. അവർ, ഞങ്ങളെ ഇവിടെ സ്വീകരിക്കുന്നില്ല. നിങ്ങൾ നല്ല ആളാണ്, നിങ്ങൾ സംസാരിക്കുന്നു, പക്ഷേ, അവർക്ക് കുടിയേറ്റക്കാരോട് സംസാരിക്കാൻ ഇഷ്ടമില്ല. എന്‍റെ ഹൃദയം തകർന്നു പോവുകയാണ്," ഇന്ത്യൻ യുവാവ് പറയുന്നു.

 

 

 

 

ഒരു വിദേശിയാണെന്ന കാരണം പറഞ്ഞ് അമേരിക്കൻ വംശജരായ പലരും തന്നെ ഒഴിവാക്കുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഏറെ വേദനയോടെയാണ് യുവാവ് പങ്കുവെക്കുന്നത്. തനിക്ക് നാട്ടിലേക്ക് തിരികെ പോകാൻ അതിയായ ആഗ്രഹമുണ്ടെന്നും പക്ഷേ, കുടുംബത്തെക്കുറിച്ച് ഓർക്കുമ്പോൾ അതിന് സാധിക്കുന്നില്ലന്നും അദ്ദേഹം പറയുന്നു. "ഞാൻ കുടുങ്ങിപ്പോയ അവസ്ഥയിലാണ്. ഒരു സ്ഥലത്ത് നിങ്ങൾക്ക് സന്തോഷമില്ലെങ്കിൽ, ആളുകൾ നിങ്ങളെ അംഗീകരിക്കുന്നില്ലെങ്കിൽ... എനിക്ക് യുഎസ് വിട്ടു എന്നെന്നേക്കുമായി പോകണം. പക്ഷേ, നിർഭാഗ്യവശാൽ, എന്‍റെ പെൺമക്കൾക്കും ഭാര്യക്കും ഇവിടെ തുടരാനാണ് ഇഷ്ടം." അദ്ദേഹം വിശദീകരിക്കുന്നു.

ഈ വിഡിയോ വൈറലായതോടെ നിരവധി ഉപയോക്താക്കൾ യുവാവിനോട് സഹാനുഭൂതി പ്രകടിപ്പിച്ച് രംഗത്തെത്തി. അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ വിഡിയോ തുടക്കമിട്ടു. വിഡിയോയോട് പ്രതികരിച്ചുകൊണ്ട് കുറിച്ചത്, ഇത് ഹൃദയഭേദകമാണ്. താൻ സ്വന്തം വീടായി കണക്കാക്കിയ ഒരിടത്ത് ഒരാൾക്ക് ഇത്രയധികം അവഗണന അനുഭവിക്കേണ്ടി വരുന്നുവെന്ന് കേൾക്കുന്നത് വിഷമിപ്പിക്കുന്നതാണ്. ഒരു രാജ്യം പൂർണ്ണമായി സ്വീകരിക്കാത്തതിനും തിരികെ പോകാൻ മടിക്കുന്ന കുടുംബത്തിനുമിടയിൽ കുടുങ്ങിപ്പോയ ഈ മനുഷ്യന്‍റെ അവസ്ഥ ദയനീയമാണ്. അദ്ദേഹത്തിന് ഈ അവസ്ഥയിൽ നിന്നും കരകയറാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നായിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് കൂടിയേറുന്ന ഭൂരിഭാഗം ഇന്ത്യക്കാരുടെയും അവസ്ഥയും ഇതിന് സമാനമാണെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു.

 

PREV
Read more Articles on
click me!

Recommended Stories

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?